Sorry, you need to enable JavaScript to visit this website.

ഐ.പി.എൽ -ഹിറ്റ് ആന്റ് മിസ്സ്

ഫൈനലിൽ ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിംഗ്‌

പതിനാറാമത് ഐ.പി.എല്ലിൽ കരുത്തുകാട്ടിയവർ ആരൊക്കെ, സട കൊഴിഞ്ഞത് ആർക്കൊക്കെ?

ചെന്നൈ സൂപ്പർ കിംഗ്‌സിനെ മഹേന്ദ്ര സിംഗ് ധോണി കിരീടത്തിലേക്ക് നയിക്കുന്നതു കണ്ട് പതിനാറാമത് ഐ.പി.എല്ലിന് തിരശ്ശീല വീണു. ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻ പട്ടത്തിൽ നിന്ന് പടിയിറക്കി അഞ്ചാം തവണ ചെന്നൈ ചാമ്പ്യന്മാരായി. ഈ സീസണിലെ ഹിറ്റും മിസ്സും വിലയിരുത്തുമ്പോൾ..

ഗിൽ സാവധാനം തുടങ്ങി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്ന ശൈലിക്കുടമയാണ്. ഈ ധാരണ തിരുത്തുന്നതാണ് ഗുജറാത്ത് ടൈറ്റൻസ് ഓപണറുടെ ഈ സീസണിലെ പ്രകടനം. തൊള്ളായിരത്തോളം റൺസെടുത്ത ഗിൽ ഈ സീസണിലെ ടോപ്‌സ്‌കോററായി. ഇരുപത്തിമൂന്നുകാരൻ മൂന്ന് സെഞ്ചുറി നേടി. മുംബൈ ഇന്ത്യൻസിനെതിരായ നിർണായക രണ്ടാം ക്വാളിഫയറിൽ 60 പന്തിൽ 129 റൺസാണ് ഏറ്റവും മികച്ചത്. സുനിൽ ഗവാസ്‌കറിനും സചിൻ ടെണ്ടുൽക്കറിനും വിരാട് കോലിക്കും പിന്നാലെ ഇന്ത്യൻ ബാറ്റിംഗിന്റെ ചുക്കാനേറ്റെടുക്കുകയാണ് ഗിൽ എന്ന് കപിൽദേവ് വിലയിരുത്തി. 
ചെന്നൈ സൂപ്പർ കിംഗ്‌സിൽ സൂപ്പർ താരങ്ങളില്ല. കൂട്ടായ്മയുടെ വിജയമായിരുന്നു അവരുടെ കിരീടം. 17 വിക്കറ്റെടുത്ത ശ്രീലങ്കൻ പെയ്‌സർ മതീഷ പതിരണ വേറിട്ടു നിൽക്കുന്നു. ലസിത് മലിംഗയെ ഓർമിപ്പിക്കുന്ന മതീഷ അറിയപ്പെടുന്നത് ബേബി മലിംഗ എന്നാണ്. കഴിഞ്ഞ സീസണിൽ ആഡം മിൽനെയുടെ പകരക്കാരനായി വന്ന് രണ്ട് മത്സരങ്ങൾ മാത്രം കളിച്ച മതീഷ ഇത്തവണ സെന്റർ സ്റ്റെയ്ജ് കൈയടക്കി. സ്‌പെഷ്യൽ കളിക്കാരനെന്നാണ് ഇരുപതുകാരനെ ധോണി വിശേഷിപ്പിച്ചത്. 
ഒരു കളിയിലൂടെ ഐ.പി.എല്ലിനെ കൈയിലെടുത്ത കളിക്കാരനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിംഗ്. അവസാന അഞ്ച് പന്തിൽ അഞ്ച് സിക്‌സറടിച്ചാണ് ഗുജറാത്തിനെതിരെ റിങ്കു കൊൽക്കത്തക്ക് വിജയം സമ്മാനിച്ചത്. 21 പന്തിൽ ഇടങ്കൈയൻ 48 റൺസടിച്ചു. നാല് അർധ ശതകത്തോടെ ഫിനിഷിംഗിന്റെ മാസ്റ്റർക്ലാസാണ് റിങ്കു കാഴ്ചവെച്ചത്. അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർജയന്റ്‌സിനെതിരെ 33 പന്തിൽ 67 റൺസടിച്ചിട്ടും കൊൽക്കത്തക്ക് പ്ലേഓഫിലേക്ക് മുന്നേറാനായിട്ടില്ലെന്നതാണ് സങ്കടം. 
റെക്കോർഡ് തുകക്കാണ് സാം കറണിനെ പഞ്ചാബ് കിംഗ്‌സ് ടീമിലെടുത്തത്. ഇംഗ്ലണ്ട് കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേടിയപ്പോൾ പ്ലയർ ഓഫ് ദ ടൂർണമെന്റായ സാം ഈ ഐ.പി.എല്ലിൽ നിരാശപ്പെടുത്തിയ കളിക്കാരിലൊരാളാണ്. ആകെ നേടിയത് 276 റൺസും 10 വിക്കറ്റും. കിട്ടുന്ന തുക വെച്ച് നോക്കിയാൽ ഈ ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനം സാം കറണിന്റേതാണ്. എട്ടാം സ്ഥാനത്താണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്. 
ഒരു കാലത്ത് സചിൻ ടെണ്ടുൽക്കറിനോടാണ് പൃഥ്വി ഷാ എന്ന മുംബൈക്കാരൻ താരതമ്യം ചെയ്യപ്പെട്ടത്. ദൽഹി കാപിറ്റൽസ് ഓപണർക്ക് ഇത് മറക്കാനാഗ്രഹിക്കുന്ന ഐ.പി.എല്ലാണ്. ഇന്ത്യൻ കളിക്കാരിൽ ഏറ്റവും നിരാശപ്പെടുത്തിയത് പൃഥ്വിയാണ്-എട്ടു കളികളിൽ 106 റൺസാണ് സമ്പാദ്യം. അരങ്ങേറ്റത്തിൽ സെഞ്ചുറിയോടെ കൊടുങ്കാറ്റായി ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ പൃഥ്വി ഇപ്പോൾ ചിത്രത്തിലേയില്ല. നിലവാരമുള്ള പെയ്‌സിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഓപണർ ദൽഹി ടീമിൽ നിന്നു പോലും പുറത്തായി. 
ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയിട്ടും ഹൈദരാബാദ് സൺറൈസേഴ്‌സിന്റെ ഹാരി ബ്രൂക്‌സ് നിരാശയുമായാണ് മടങ്ങുക. കഴിഞ്ഞ ലേലത്തിൽ ഏറ്റവും കൂടുതൽ തുക കിട്ടിയ കളിക്കാരിലൊരാളാണ് ബ്രൂക്‌സ്. പക്ഷേ ഹൈദരാബാദിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി. സെഞ്ചുറി നേടിയ ഇന്നിംഗ്‌സ് ഒഴിച്ചാൽ മറ്റു 10 കളികളിൽ നിന്നായി ഇംഗ്ലണ്ട് ബാറ്റർ നേടിയത് 90 റൺസായിരുന്നു. അവസാനം ഇരുപത്തിനാലുകാരനെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. 

 

Latest News