Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇബ്ര സ്റ്റൈൽ

ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിലൊന്നും മുൻനിരയിൽ ഈ പേരുണ്ടാവില്ല. മാന്ത്രികമായ ആ വ്യക്തിത്വമാണ് സ്ലാറ്റൻ ഇബ്രഹിമോവിച്ചിനെ വേറിട്ടു നിർത്തുന്നത്... 

സ്ലാറ്റൻ ഇബ്രഹിമോവിച് യൂറോപ്പിലെ നിരവധി ഫുട്‌ബോൾ ലീഗുകളിൽ കളിക്കുകയും കിരീടങ്ങൾ നേടുകയും അസാധാരണമായ നിരവധി ഗോളുകൾ സ്‌കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിലൊന്നും മുൻനിരയിൽ ഈ പേരുണ്ടാവില്ല. മാന്ത്രികമായ ആ വ്യക്തിത്വമാണ് ഇബ്രയെ വേറിട്ടു നിർത്തുന്നത്. ഇബ്രഹിമോവിച് വിടവാങ്ങുന്നതോടെ ഇബ്ര സ്‌റ്റൈലാണ് മറഞ്ഞുപോവുന്നത്. 
ഫുട്‌ബോളിലെ അതുല്യ വ്യക്തിത്വങ്ങളിലൊന്നായ സ്ലാറ്റൻ നാൽപത്തൊന്നാം വയസ്സിലാണ് കളി നിർത്തിയത്. 2016 ൽ രാജ്യാന്തര ഫുട്‌ബോളിൽ നിന്നു വിരമിച്ച ഇബ്ര കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിനു മുമ്പ് തിരിച്ചുവന്നെങ്കിലും പരിക്കുകൾ അലട്ടി. സ്വീഡന് ലോകകപ്പിന് യോഗ്യത നേടാനുമായില്ല. ഡച്ച്, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, സ്പാനിഷ് ലീഗുകളിൽ പ്രമുഖ ടീമുകളിൽ കളിച്ച ബോസ്‌നിയൻ വംശജൻ മിലാനുമായുള്ള  കരാർ ഈ മാസം അവസാനിക്കാനിരിക്കേയാണ് കളി നിർത്തുന്നത്. 
2011 ൽ മിലാനൊപ്പം ഇറ്റാലിയൻ ലീഗ് ചാമ്പ്യനായ ഇബ്ര 2020 ലാണ് ക്ലബ്ബിൽ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനെ ലീഗ് കിരീടം നേടാൻ സഹായിച്ചു. 1999 ൽ സ്വീഡനിലെ മാൽമോയിൽ കളിയാരംഭിച്ച ഇബ്ര 2001 ൽ അയാക്‌സിൽ ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് യുവന്റസിലും ഇന്റർ മിലാനിലും ബാഴ്‌സലോണയിലും പി.എസ്.ജിയിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും എ.സി മിലാനിലും കളിച്ചു. നിരവധി കിരീടങ്ങളും വ്യക്തിഗത ബഹുമതികളും നേടിയ ഇബ്രക്ക് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. 62 ഗോളുമായി സ്വീഡന്റെ ടോപ്‌സ്‌കോററാണ്. 
മുസ്‌ലിമായ ബോസ്‌നിയക്കാരൻ പിതാവിനും ക്രോട്ടുകാരിയായ ക്രിസ്ത്യൻ മാതാവിനും സ്വീഡനിലെ മാൽമോയിലാണ് ഇബ്ര ജനിച്ചത്. കുടിയേറ്റ കുടുംബത്തിലെ ബാല്യം പ്രയാസകരവും സംഭവബഹുലവുമായിരുന്നു. കുറ്റകൃത്യങ്ങൾ നിറഞ്ഞതായിരുന്നു ആ ദരിദ്ര കാലം. വഴി തെറ്റിപ്പോവാൻ ധാരാളം വഴികളുണ്ടായിരുന്നു. ബൈക്ക് മോഷണവും ഷോപ്പുകളിൽ നിന്ന് മോഷണവും പതിവായിരുന്നു. എന്നാൽ ആ ദുരിത സാഹചര്യങ്ങളിൽ നിന്ന്  മികച്ച ഫുട്‌ബോളറായി ഇബ്ര വളർന്നു. 
ഇബ്ര ബാല്യകാലത്ത് കളിച്ച ടീമുകളിലേറെയും മധ്യവർഗ കുടുംബത്തിൽ നിന്നുള്ള കുട്ടികളായിരുന്നു. അവർക്കുള്ള ബന്ധങ്ങളോ സുഹൃത്തുക്കളോ ഇബ്രക്കുണ്ടായിരുന്നില്ല. തന്നെ പിന്തുണക്കാനോ ശുപാർശ പറയാനോ ഉന്നത സമ്പർക്കമില്ല. ശരിയെന്നു തോന്നിയ വഴികൾ സ്വയം തെരഞ്ഞെടുക്കേണ്ടി വന്നു. 
ആ കുട്ടിക്കാലം പോലെ സംഘർഷ ഭരിതമായിരുന്നു ഇബ്രയുടെ കരിയറും. 637 ക്ലബ്ബ് മത്സരങ്ങളിൽ നിന്നും 122 രാജ്യാന്തര മത്സരങ്ങളിൽ നിന്നുമായി ഇബ്രക്ക് 561 ഗോളുണ്ട്. 62 ഗോളുമായി സ്വീഡന്റെ ടോപ്‌സ്‌കോററാണ്. മാൽമോയിലാണ് പ്രൊഫഷനൽ കരിയർ തുടങ്ങിയത്. അയാക്‌സിലും യുവന്റസിലും ഇന്റർ മിലാനിലും ബാഴ്‌സലോണയിലും എ.സി മിലാനിലും പി.എസ്.ജിയിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും ലോസ്ആഞ്ചലസിലുമായി ആ കരിയർ പല തലങ്ങളിലൂടെ ഒഴുകി. ഒടുവിൽ എ.സി മിലാനിൽ തന്നെ എത്തി വിരമിച്ചു. യൂറോപ്യൻ ക്ലബ്ബ് ഫുട്‌ബോളിൽ ഇബ്ര സഞ്ചരിച്ച വഴികളിലൂടെ പോവാൻ അധികമാർക്കും സാധിച്ചിട്ടില്ല. 12 ലീഗ് കിരീടങ്ങൾ, 11 ബാലൻഡോർ നോമിനേഷനുകൾ, ഒരു യൂറോപ്പ ലീഗ് കിരീടം, നിരവധി ആഭ്യന്തര ട്രോഫികൾ. പക്ഷേ കിരീടങ്ങളല്ല ആ കരിയറിനെ നിർവചിച്ചത്. 
നേടാത്ത ട്രോഫിയാണ് ഇബ്രയുടെ കരിയറുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പരാമർശിക്കപ്പെട്ടത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം. കപ്പിനും ചുണ്ടിനുമിടയിലാണ് അത് നഷ്ടപ്പെട്ടത്. 2009 ൽ ഇന്റർ മിലാൻ വിട്ട് ഇബ്ര ബാഴ്‌സലോണയിലെത്തി. ആ വർഷം പെപ് ഗാഡിയോളയുടെ കോച്ചിംഗിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിരുന്നു. ഇബ്ര ക്ലബ്ബ് വിട്ട വർഷമാവട്ടെ ഇന്റർ ചാമ്പ്യന്മാരായി. 
ഇബ്രയുടെ ഏറ്റവും വലിയ നിരാശ ആ വർഷമാണ്. ഗാഡിയോള ബാഴ്‌സലോണയെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായി കെട്ടിപ്പടുക്കുന്ന സമയമായിരുന്നു അത്. ഞാനാണ് എല്ലാം എന്ന ഇബ്രയുടെ ഭാവം ഗാഡിയോളക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ലിയണൽ മെസ്സി എന്ന കളിക്കാരനു ചുറ്റുമാണ് ഗാഡിയോളക്ക് ടീമിനെ ഒരുക്കേണ്ടിയിരുന്നത്. പിന്നണിയായി ഷാവിയും ആന്ദ്രെസ് ഇനിയെസ്റ്റയും. അത് ഇബ്രക്കും രസിക്കുമായിരുന്നില്ല. മെസ്സിയെ കൂടുതൽ മധ്യത്തിലേക്ക്  കളിപ്പിക്കാനായിരുന്നു ഗാഡിയോളയുടെ തീരുമാനം. അത് നേരിട്ട് ബാധിച്ചത് ഇബ്രയെയാണ്. സ്വാഭാവികമായും ഇബ്രയും ഗാഡിയോളയും തമ്മിൽ ഉരസി. എല്ലാ അർഥത്തിലും രണ്ട് വ്യത്യസ്ത ചിന്താഗതികളെയാണ് ഇബ്രയും ഗാഡിയോളയും പ്രതിനിധീകരിച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോച്ച് ജോസെ മൗറിഞ്ഞോയാണെന്ന് ഇബ്ര പ്രഖ്യാപിച്ചത് ഗാഡിയോളയെ ചൊടിപ്പിക്കാൻ കൂടിയാണ്. ഇബ്രയെ പോലെ താനാണ് എല്ലാം എന്നാണ് മൗറിഞ്ഞോയും വിശ്വസിക്കുന്നത്. 

അമ്പരപ്പിക്കുന്ന ഗോളുകൾ
സംഘർഷം എപ്പോഴും ഇബ്രക്ക് ചുറ്റുമുണ്ടായിരുന്നു, അസാധാരണ ഗോളുകളും. ഇബ്രയുടെ സൂപ്പർ ഗോളുകളുടെ ശേഖരം ആരെയും വായടപ്പിക്കും. 2004 ൽ ബ്രേഡക്കെതിരെ ഒറ്റയാൻ കുതിപ്പിൽ അയാക്‌സിനു വേണ്ടി നേടിയ ഗോൾ, 2012 ൽ ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിൽ 35 വാര അകലെ നിന്നുള്ള ഓവർഹെഡ് കിക്ക് ഗോൾ, 2013 ൽ ആൻഡർലെറ്റിനു വേണ്ടി പി.എസ്.ജിക്കു വേണ്ടി പറത്തിയ വെടിയുണ്ട... 2013 ൽ മികച്ച ഗോളിനുള്ള പുഷ്‌കസ് ബഹുമതി ലഭിച്ചത് ഇബ്രക്കാണ്. 
അതികായനായിരുന്നിട്ടും ഇബ്രയുടെ ടെക്‌നിക്കൽ മികവും നിമിഷാർധത്തിൽ തീരുമാനമെടുക്കാനുള്ള കഴിവും ആരെയും വെല്ലുന്നതായിരുന്നു. മുപ്പതുകളിലേക്ക് കടന്നിട്ടും അത് വല്ലാതെയൊന്നും ക്ഷയിച്ചില്ല. അവസാന ഘട്ടത്തിൽ മൗറിഞ്ഞോക്ക് കീഴിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിച്ചപ്പോഴും എ.സി മിലാനിൽ തിരിച്ചെത്തിയപ്പോഴും മിന്നുന്ന ഫോമിലായിരുന്നു ഇബ്ര. 2011 ൽ 30 വയസ്സ് പിന്നിട്ടതിൽ പിന്നെയാണ് തന്റെ ഗോളുകളിൽ പകുതിയിലേറെയും ഇബ്ര സ്‌കോർ ചെയ്തത്. പക്ഷേ പരിക്കുകൾ വിടാതെ പിടികൂടി. അതാണ് വിടവാങ്ങലിന് പ്രേരിപ്പിച്ചത്. 
രണ്ട് ഘട്ടങ്ങളിലായി മിലാനു വേണ്ടി 163 കളികളിൽ 93 ഗോളടിച്ചു. 2020 ൽ ഇബ്ര തിരിച്ചുവന്നതോടെയാണ് മിലാൻ പതിറ്റാണ്ടിനു ശേഷം വീണ്ടും ലീഗ് ചാമ്പ്യന്മാരായത്. 

 

അയാം സ്ലാറ്റൻ...

അയാം സ്ലാറ്റൻ ഇബ്രഹിമോവിച് എന്നാണ് ഇബ്രയുടെ ആത്മകഥയുടെ പേര്. സ്വീഡിഷ് എഴുത്തുകാരൻ ഡാവിഡ് ലാഗർക്രാന്റ്‌സാണ് ഇബ്രക്കു വേണ്ടി പുസ്തകം രചിച്ചത്. 2011 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ആത്മകഥ വൻ വിജയമായിരുന്നു. ആദ്യ എഡിഷൻ ആദ്യ ദിനം വിറ്റത് ഒരു ലക്ഷത്തോളം കോപ്പികളാണ്. 2017 ആവുമ്പോഴേക്കും പുസ്തകം എട്ട് ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. പല ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു. 2013 ൽ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചത് പെൻഗ്വിനാണ്. ആ വർഷം വില്യം ഹിൽ സ്‌പോർട്‌സ് ബുക്ക് ഓഫ് ദ ഇയറിന് അയാം സ്ലാറ്റൻ ഇബ്രഹിമോവിച് നാമനിർദേശം ചെയ്യപ്പെട്ടു. അവസാന റൗണ്ടിലാണ് അവാർഡ് നഷ്ടപ്പെട്ടത്. 2021 ൽ അയാം സ്ലാറ്റൻ എന്ന പേരിൽ അത് സിനിമയായി. 
പുസ്തകത്തിൽ സ്വീഡൻ ടീമിലെ ഒരു സഹതാരത്തെ പരോക്ഷമായി ഇബ്രഹിമോവിച് അതിനിശിതമായി വിമർശിക്കുന്നുണ്ട്. ആഴ്‌സനലിനെ പോലെ കളിക്കണമെന്ന് ഈ കളിക്കാരൻ വാശി പിടിക്കുമെന്നായിരുന്നു പരിഹാസം. ഫ്രെഡി ല്യുംഗ്ബർഗ് ഈ ആരോപണത്തോട് പ്രതികരിച്ചിരുന്നു. 
പുസ്തകത്തിനെതിരായ പ്രധാന ആരോപണം അത് ഞാനാണ് എല്ലാം എന്ന ഇബ്രയുടെ വ്യക്തിത്വത്തിന്റെ വിളംബരമാണെന്നാണ്. ടീം സ്പിരിറ്റിനെക്കുറിച്ചോ സ്വീഡന് കളിക്കുന്നതിന്റെ മഹത്വത്തെക്കുറിച്ചോ വായ്ത്താരികളില്ല. അസാധാരണമായ സത്യസന്ധത എന്നാണ് പലരും ആ പുസ്തകത്തെ വിശേഷിപ്പിച്ചത്. ബോസ്‌നിയൻ വംശജനായ തനിക്ക് കുട്ടിക്കാലത്ത് സ്വീഡിഷ് സംസ്‌കാരവുമായി ഇണങ്ങാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ഇബ്ര തുറന്നു പറയുന്നു. സ്വീഡൻ 1994 ലെ ലോകകപ്പ് സെമിഫൈനൽ കളിച്ചിരുന്നു. ആ ടീമിലെ സൂപ്പർതാരം തോമസ് റാവെല്ലി ആരാണെന്ന് പതിമൂന്നാം വയസ്സിലും ഇബ്രക്ക് അറിയാമായിരുന്നില്ല. ഇരുപതാം വയസ്സിലാണ് ആദ്യമായി ഒരു സ്വീഡിഷ് സിനിമ കാണുന്നത്. ഫുട്‌ബോളിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നായി അത് വാഴ്ത്തപ്പെട്ടു. 

ലോസ്ആഞ്ചലസ്, സ്വാഗതം
തന്റെ പ്രാധാന്യത്തെക്കുറിച്ച് ഇബ്രക്ക് ഒരിക്കലും സംശയമുണ്ടായിട്ടില്ല. അമേരിക്കൻ സോക്കർ ലീഗിലേക്കുള്ള ഇബ്രയുടെ വരവ് ലോസ്ആഞ്ചലസ് ടൈംസിൽ മുഴുപ്പേജ് പരസ്യം നൽകിയാണ് ലോസ്ആഞ്ചലസ് ഗാലക്‌സി ആഘോഷിച്ചത്. ഡിയർ ലോസ്ആഞ്ചലസ്, സ്വാഗതം എന്നായിരുന്നു ഇബ്രയുടെ പ്രഖ്യാപനം. അതിനെ ശരിവെക്കുന്ന രീതിയിലായിരുന്നു അരങ്ങേറ്റം. ലോസ്ആഞ്ചലസ് എഫ്.സിക്കെതിരായ ലോസ്ആഞ്ചലസ് ഡാർബിയിൽ 35 വാര അകലെനിന്ന് തകർപ്പൻ ഗോളടിച്ചു ഇബ്ര. 0-3 ന് പിന്നിലായ ഗാലക്‌സി ആ ഗോളോടെ 3-3 ലെത്തി. ഇബ്രയുടെ തന്നെ ഹെഡറോടെ 4-3 ന് വിജയിക്കുകയും ചെയ്തു. സ്ലാറ്റൻ ഒരിക്കലും മടുപ്പിക്കുന്ന  കാര്യങ്ങൾ ചെയ്തില്ല, സ്ലാറ്റൻ ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. ഗാലക്‌സി വിട്ടപ്പോൾ ഇബ്ര പറഞ്ഞത് മേജർ ലീഗ് സോക്കറിൽ കളിച്ച ഏറ്റവും പ്രധാനപ്പെട്ട താരമാണ് താനെന്നാണ്.  
വിടവാങ്ങൽ ഒരു സംഭവമാകണമെന്ന് ആഗ്രഹിച്ചതായും അതിന്റെ ഞെട്ടൽ നിലനിർത്താൻ കുടുംബത്തെപ്പോലും മുൻകൂട്ടി അറിയിച്ചില്ലെന്നുമായിരുന്നു ഇബ്ര പറഞ്ഞത്. 
അവസാന മത്സരത്തിൽ വെറോണക്കെതിരെ കളിച്ച ശേഷം പ്രശംസകൾ ഒഴുകിയെത്തി. പക്ഷേ ചില വെറോണ ആരാധകർ താരത്തെ കൂവി. അതിനോടുള്ള പ്രതികരണം ഇബ്രയെന്ന ഫുട്‌ബോൾ വ്യക്തിത്വത്തെ അവസാനമായി എടുത്തുകാട്ടി.
കൂവിക്കോളൂ, നിങ്ങൾക്ക് എന്നെ നേരിട്ട് കിട്ടുന്ന അവസരമമാണ് ഇത് എന്നാണ് ഇബ്ര അവരോട് പറഞ്ഞത്. 

Latest News