മനുഷ്യന്റെ നന്മയിലുള്ള വളർച്ചയെ ഉദാഹരിക്കാൻ വിശുദ്ധ ഖുർആൻ മുഖ്യമായും രണ്ട് ഉപമകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒന്ന്, കച്ചവടം. മറ്റൊന്ന് കൃഷി. കൃഷി ഉൽപാദനത്തെ പ്രതിനിധീകരിക്കുന്നു; കച്ചവടം വിപണനത്തെയും. സാമ്പത്തിക പ്രവർത്തനങ്ങളുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ രണ്ട് സംഗതികളും. ഉൽപാദന വിപണന രംഗങ്ങളിൽ നല്ല രീതിയിൽ സ്വാധീനം വർധിപ്പിക്കുകയെന്നത് ഒരു സമൂഹത്തിന്റെ ഭദ്രവും സമീകൃതവുമായ വളർച്ചക്ക് അനുപേക്ഷണീയമാണ്. ഒരു ഉദ്യോഗസ്ഥൻ ഉഴപ്പിയാലും ഉഷാറായാലും അവന് മാസാന്തം കിട്ടുന്ന വേതനത്തെ അത് പെട്ടെന്ന് സാരമായി ബാധിക്കില്ലെന്നതിനാൽ, അദ്ദേഹം വിശേഷിച്ചൊരു ഊർജസ്വലതയും ഉത്സാഹവും പുലർത്തിയെന്ന് വരില്ല. പല ഉദ്യോഗസ്ഥരെയും അലസരായി കാണുന്നതിന്റെ കാരണവും ഇതു തന്നെ. മുഷിപ്പും ചടപ്പുമാണ് പല ഉദ്യോഗസ്ഥരുടെയും മുഖമുദ്ര.
ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിൽ പങ്കാളിത്തം, ഭദ്രമായ ഉപജീവനം എന്നീ പരിഗണനകളാലാണ് സർക്കാരുദ്യോഗങ്ങളും മറ്റും അഭികാമ്യമായി ഗണിക്കപ്പെടുന്നത്. ഒരു വ്യക്തിയെ ഉത്സാഹിയും ഉൽക്കർഷേഛുവുമാക്കാൻ സർക്കാർ ഉദ്യോഗം സാമാന്യാർഥത്തിൽ പര്യാപ്തമല്ല. ചട്ടപ്പടി ഒരു ചടങ്ങെന്നവണ്ണം കാലം കഴിക്കുന്ന മുഷിപ്പൻ ഏർപ്പാടാണ് പലപ്പോഴും ഉദ്യോഗമെന്ന ചിലരുടെ വിലയിരുത്തൽ തീർത്തും തെറ്റല്ല. എന്നാൽ കൃഷി, കച്ചവടം എന്നിവയിൽ വ്യാപൃതരാവുന്നവരിൽ ഉത്സാഹവും ഉൽക്കർഷേഛയും പ്രതീക്ഷയും ദൃശ്യമാണ്. ഇന്നല്ലെങ്കിൽ നാളെയെങ്കിലും എന്ന് ഭാവിയെപ്പറ്റി തികഞ്ഞ ശുഭപ്രതീക്ഷ പുലർത്തുന്നവരാണ് ഈ വിഭാഗം. മണ്ണുമായും മനുഷ്യരുമായും അടുത്തിടപഴകുന്ന ഈ വിഭാഗത്തിന് സാമൂഹിക ജീവിതത്തിൽ ഇടപഴകാനും കൂടുതലായി സാധിക്കുന്നു. സമ്പത്തിനെ പ്രത്യുൽപാദനപരമായും പ്രയോജനപ്രദമായും കൈകാര്യം ചെയ്യുന്നതിന്റെ ആകത്തുകയാണ് ഉൽപാദനവും വിപണനവും. കൃഷി, വ്യാവസായികോൽപാദനം, കച്ചവടം എന്നിവ സാമൂഹിക ജീവിയായ മനുഷ്യന്റെ ആവശ്യങ്ങൾ നിവർത്തിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം പരസ്പര ബന്ധിതവും പരസ്പരപൂരകവുമാണ്. വ്യാവസായിക വാണിജ്യ വ്യാപാര മേഖലകളിലെ പ്രവർത്തനം ജനസേവനം കൂടിയാണെന്ന് തിരിച്ചറിയണം. ഒരാൾ ഒരു വൃക്ഷം നട്ടുപിടിപ്പിച്ചാൽ അതിൽനിന്ന് പക്ഷികൾ കൊത്തിത്തിന്നുന്നതിനും ഇലകൾ കാലികൾ ഭക്ഷിക്കുന്നതിനും അതിന്റെ തണൽ വഴിയാത്രക്കാർ അനുഭവിക്കുന്നതിനുമെല്ലാം സ്വദഖ (ദാനം) യുടെ പുണ്യം സിദ്ധിക്കുമെന്ന് പ്രവാചകൻ പഠിപ്പിച്ചതിൽ വലിയ ഗുണപാഠങ്ങളുണ്ട്. ആധുനിക ഭൗതിക സംവിധാനങ്ങൾ വ്യക്തിക്ക് നേർക്കുനേരെ സ്വന്തമായി കിട്ടുന്ന അറ്റാദായം (നെറ്റ് പ്രോഫിറ്റ്) വെച്ചാണ് സാമ്പത്തിക പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ വിലയിരുത്താറ്. കച്ചവടത്തെ പലപ്പോഴും ഗുണദോഷ വിചിന്തനത്തിന് വിധേയമാക്കുന്നത് അറ്റാദായം വെച്ച് മാത്രമായിരിക്കും. മൊത്താദായ (ഗ്രോസ് പ്രോഫിറ്റ്) ത്തിൽനിന്ന് ചെലവുകൾ കഴിച്ചുള്ളതാണ് അറ്റാദായം. ചെലവുകൾ എന്ന് പറയുന്നതിനെ വിശകലനം ചെയ്യുമ്പോൾ അതിന്റെ മുഖ്യ പങ്ക് സമൂഹത്തിന്റെ വിവിധ ശ്രേണികളിലേക്കും ചാലുകളിലേക്കുമുള്ള നീരൊഴുക്കാണെന്ന് കണ്ടെത്താൻ സാധിക്കും. കൃഷിയുടെ കാര്യത്തിൽ പക്ഷികൾ കൊത്തിത്തിന്നതിനും കാലികൾ ഭക്ഷിച്ചതിനും മറ്റും പുണ്യമുണ്ടെന്ന് മനസ്സിലാക്കിയതു പോലെ, ഇതിലും ജനോപകാരപ്രദമായ സ്വദഖ ഒളിഞ്ഞിരിപ്പുണ്ട്. മിച്ചധനം പ്രത്യുൽപാദനപരമായി വിനിയോഗിച്ച് വ്യാപാര വ്യവസായ സംരംഭങ്ങൾ നടത്തുമ്പോൾ ഒരുപാട് സ്വദഖകളുടെ മഹത്തായ പുണ്യം ഐഹികമായും പാരത്രികമായും ലഭിക്കുമെന്ന പാഠം ഇസ്ലാം നൽകുന്നുണ്ട്. അധ്വാന പരിശ്രമങ്ങളിലൂടെയും സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും സാമൂഹിക ഘടനയിലും സമൂഹത്തിന്റെ സാമ്പത്തിക ഘടനയിലും രചനാത്മകമായ ഇടപെടൽ നടത്താനാണ് നബി (സ) പ്രേരണ നൽകിയത്. വീട്ടിലെ പുതപ്പ് വിറ്റ് മഴു വാങ്ങി കാട്ടിൽ പോയി മരംവെട്ടി വിറക് ശേഖരിച്ച് വിൽക്കാൻ നബി (സ) നൽകിയ ഉപദേശവും വിലപ്പെട്ട കൃഷിഭൂമിക്ക് സക്കാത്ത് നിശ്ചയിക്കാതെ കൃഷിയെ പ്രോത്സാഹിപ്പിച്ചതും അധ്വാനമില്ലാത്ത കാർഷികോൽപന്നങ്ങളേക്കാൾ കുറഞ്ഞ സക്കാത്ത് നിരക്ക് കൂടുതലായ അധ്വാന പരിശ്രമങ്ങൾ വേണ്ടിവരുന്ന കാർഷികോൽപന്നങ്ങൾക്ക് നിശ്ചയിച്ചതുമെല്ലാം ആരോഗ്യകരവും പ്രത്യുൽപാദനപരവുമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണ്. സമ്പത്ത് പ്രത്യുൽപാദനപരമല്ലാത്ത നിലയിൽ മുരടിക്കുന്ന ദുരവസ്ഥ ഇസ്ലാം തീർത്തും അനഭിലഷണീയമായാണ് കാണുന്നത്.
പലിശ മോഹിച്ച് പണം കടം കൊടുക്കുന്നത് ഇസ്ലാം അങ്ങേയറ്റം വെറുക്കുന്നു. കാരണം മടിയനായി ചടഞ്ഞിരുന്ന്, അന്യരെ ചൂഷണം ചെയ്യുന്ന പരാന്നഭോജിയെയാണ് പലിശ സൃഷ്ടിക്കുന്നത്. തന്റേടത്തോടെ, റിസ്ക് ഏറ്റെടുത്ത് സാമ്പത്തിക പ്രവർത്തനവും അധ്വാന പരിശ്രമങ്ങളും നടത്താതെ ഒരു തരം ഒളിച്ചോട്ടത്തിനാണ് പലിശാധിഷ്ഠിത സംവിധാനം വേദി ഒരുക്കുന്നത്. ഇന്നത്തെ ലോക സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലിശയിടപാടുകൾക്ക് മെച്ചപ്പെട്ട ബദലായി ഖുർആൻ മുന്നോട്ടു വെച്ചത് കച്ചവടത്തെയാണ്.
പക്ഷേ ആധുനിക മുതലാളിത്തമുൾപ്പെടെയുള്ള സാമ്പത്തിക ശാസ്ത്രങ്ങൾ പലിശക്ക് കച്ചവടം എന്ന ലേബലൊട്ടിച്ച് മനുഷ്യരെ വഞ്ചിക്കുകയാണ് ചെയ്തത്. ബാങ്കിംഗ് വ്യവസായം എന്നാണ് ഈ ചൂഷണ വ്യവസ്ഥക്ക് പലരും പറയുന്ന പേര്. ബാങ്കിംഗിനെ വ്യാപാരമായും വ്യവസായമായും പരിചയപ്പെടുത്തിയവർ യഥാർഥത്തിൽ കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അന്തകരായി എന്നതാണ് സത്യം. പലിശയിടപാടും കച്ചവടവും സമമാണെന്ന വാദം ഇന്നുമുണ്ട്. പത്തു രൂപക്ക് വാങ്ങിയ സാധനം പന്ത്രണ്ട് രൂപക്ക് വിൽക്കുന്നതു പോലെയാണ് പത്തു രൂപ കടം കൊടുത്ത് നിശ്ചിത അവധിക്കു ശേഷം പന്ത്രണ്ടു രൂപ വാങ്ങലെന്ന ന്യായവാദം നടത്തുന്നവരോട് 'കച്ചവടത്തെ അനുവദിച്ചിരിക്കുന്നു, പലിശയെ തീർത്തും നിരോധിച്ചിരിക്കുന്നു' എന്നാണ് അല്ലാഹു മറുപടി പറഞ്ഞത്. ഇവിടെ കച്ചവടം അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞ ശേഷമാണ് പലിശ നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. പലിശക്ക് ബദലായി വ്യാപാരത്തെ മുന്നോട്ടു വെക്കുകയാണ് ഇസ്ലാം. നമ്മുടെ കർമ ശാസ്ത്ര ഗ്രന്ഥങ്ങൾ പൊതുവെ നാല് ഭാഗങ്ങളാണ്. അതിലൊരു ഭാഗം കച്ചവട നിയമങ്ങൾ, സാമ്പത്തിക ഇടപാടുകളിലെ ചട്ടങ്ങൾ തുടങ്ങിയവയാണ് (മുഅമലാത്ത്). മൗലികവും സമഗ്രവുമായ കച്ചവട മൂല്യങ്ങൾക്ക് (ബിസിനസ് എത്തിക്സ്) തന്നെ ഇസ്ലാം രൂപം നൽകിയിട്ടുണ്ട്. നഷ്ടസാധ്യതകളെയും ആപദ്സാധ്യതകളും ഏറ്റെടുക്കുന്ന കച്ചവട സമൂഹമാണ് മുന്നേറുകയെന്നത് ചരിത്രത്തിന്റെ ഗുണപാഠമാണ്. മുടങ്ങിക്കിടക്കുന്ന വിഭവങ്ങളും സമ്പത്തും സമൂഹത്തിലേക്ക് കറങ്ങാൻ വിട്ടുകൊടുക്കുമ്പോഴുള്ള ബഹുമുഖ ചലനങ്ങളാലുണ്ടാകുന്ന സമൃദ്ധിയെ സൂചിപ്പിക്കാൻ 'ഹർകത്തിൽ ബർക്കത്ത് (ചലനത്തിൽ പുണ്യം) ഉണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പതിവ് പൂർവകാല മുസ്ലിംകൾക്കുണ്ടായിരുന്നു. ഇസ്ലാമിക സമ്പദ്വ്യസ്ഥയും മറ്റും കൂടുതൽ ചർച്ചാവിഷയമാകുന്ന ഇക്കാലത്ത് ഇസ്ലാമിന്റെ വക്താക്കൾ ആത്മാർഥമായും സത്യസന്ധമായും ഉണർന്നു ചിന്തിക്കേണ്ടതുണ്ട്. ടാറ്റയോ റിലയൻസോ ഇസ്ലാമിക് ബാങ്കും ഇസ്ലാമിക കച്ചവട കൂട്ടായ്മകളും തുടങ്ങിയേക്കാം. അതവരുടെ കേവല ലാഭത്തിനു വേണ്ടി മാത്രമാണ്. മറിച്ച്, മുസ്ലിംകൾ ഉത്തരവാദിത്ത ബോധത്തോടെ ഇസ്ലാമിക സമ്പദ്വ്യവസ്ഥയെ മനോഹരമായി പ്രയോഗവത്കരിച്ചാൽ അതൊരു സത്യസാക്ഷ്യ നിർവഹണമായിരിക്കും. അതിന്റെ ബഹുമുഖ നന്മ ഐഹികം മാത്രമല്ല, പാരത്രികം കൂടിയായിരിക്കും.
പലിശ നിരോധിച്ച് കച്ചവടം അനുവദിച്ചതിന്റെ ന്യായം നഷ്ടസാധ്യത ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് സാഹസികമായ മുന്നേറ്റം നടത്തുക എന്നത് തന്നെയാണ്. പരമ്പരാഗതമായി കച്ചവട സമൂഹമാണ് മുസ്ലിംകൾ. അവരുടെ മതമാണ് അവരെ അങ്ങനെയൊരു വിശിഷ്ട നിലവാരത്തിലേക്കുയർത്തിയത്. വാണിജ്യ വ്യാപാര വ്യവസായ രംഗങ്ങളിൽ സ്വന്തമായ സദ്സരണി വെട്ടിത്തെളിയിക്കാനാവശ്യമായ ചർച്ചകളും പഠനങ്ങളും കൂട്ടായ്മകളും വഴി ക്രിയാത്മകമായ ചുവടുവെപ്പുകൾ നടത്തേണ്ടതുണ്ട്. ധൈര്യമില്ലായ്മ നിഷ്ക്രിയത്വത്തിലേക്കാണ് നയിക്കുക.
പലവട്ടം വീഴുമ്പോഴാണ് നടക്കാൻ പഠിക്കുന്നത്. ഇസ്ലാമിന്റെ സത്യസന്ധത, വിശ്വസ്തത, ഗുണകാംക്ഷ, സാമൂഹിക ബോധം തുടങ്ങിയ മൗലിക ഗുണങ്ങളുണ്ടെങ്കിൽ അന്തിമ വിശകലനത്തിൽ പരിശ്രമങ്ങൾ വൃഥാവിലാവില്ലെന്ന് ഉറപ്പ്. കച്ചവടത്തിന്റെ വ്യവസ്ഥയും അതിന്റെ തുടർന്നുള്ള അവസ്ഥയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. വ്യവസ്ഥക്ക് അനുസരിച്ചാണ് അവസ്ഥ മെച്ചപ്പെടുക.






