വിജയ് മല്യയുടെ യു.കെ വസതി പരിശോധിക്കാനും ആസ്തികള്‍ കണ്ടുകെട്ടാനും അനുമതി

ലണ്ടന്‍- ഇന്ത്യയില്‍ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ലണ്ടനിലെ വീട്ടില്‍ റെയ്ഡ് നടത്താനും ആസ്തികള്‍ പിടിച്ചെടുക്കാനും അവസരമൊരുങ്ങി. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം തിരിച്ചുപിടിക്കാന്‍ ഈ വഴികള്‍ സ്വീകരിക്കാമെന്ന് ബ്രിട്ടനിലെ ജഡ്ജിയാണ് ഉത്തരവിട്ടത്.
തട്ടിപ്പിനു പുറമെ, പണം വെളുപ്പിക്കല്‍ ആരോപണവും നേരിടുന്ന വിജയ് മല്യ ഇന്ത്യക്ക് കൈമാറുന്നതിനെതിരായ നിയമ പോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് 13 ബാങ്കുകള്‍ക്ക് നിയമവഴി സ്വീകരിക്കാമെന്ന ഉത്തരവ് ലഭിച്ചിരിക്കുന്നത്. സ്വത്തുക്കളില്‍ പ്രവേശിക്കാന്‍ യു.കെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് ആവശ്യമായ പോലീസിനെ അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന ഇന്ത്യന്‍ കോടതികളുടെ ഉത്തരവ് ബാങ്കുകള്‍ക്ക് നടപ്പിലാക്കാം. ലണ്ടന് സമീപം ഹെര്‍ട്‌ഫോര്‍ഡ്‌ഷൈറിലാണ് 62 കാരനായ മല്യയുടെ വസതിയും സ്വത്തുക്കളും യു.കെ. ഹൈക്കോടതി എന്‍ഫോഴ്‌സ്്‌മെന്റ് ഓഫീസര്‍ ഇവിടെ പ്രവേശിക്കാന്‍ ഉത്തരവില്‍ അനുമതിയുണ്ട്. ഓഫീസര്‍ക്കും ഏജന്റുമാര്‍ക്കും വസതികളില്‍ കയറാനുള്ള അനുമതിക്കു പുറമെ, ഏതാണ്ട് 9000 കോടി രൂപ വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് ഉത്തരവ് ഉപയോഗിക്കാം. ജൂണ്‍ 26-നാണ് ജസ്റ്റിസ് ബൈറാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹരജി യു.കെ കോടതി ജൂലൈ 31-നാണ് ഇനി പരിഗണിക്കുക.
മല്യയുടെ ആസ്തികള്‍ ലോകവ്യാപകമായി മരവിപ്പിക്കണമെന്ന ഉത്തരവ് അംഗീകരിക്കാന്‍ മേയില്‍ യു.കെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

 

Latest News