ഓപ്പറേഷന്‍ മണ്‍സൂണ്‍; എക്‌സൈസ് സംഘത്തിന്റെ വലിയല്‍പെട്ട് ലഹരി സംഘങ്ങള്‍

കൊച്ചി- സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് പരിശോധനകളും റെയ്ഡുകളും നിരീക്ഷണങ്ങളും ശക്തമാക്കിയതോടെ വിവിധ ലഹരി സംഘങ്ങളിലെ എട്ടുപേര്‍ വലയിലായി. ലഹരി മാഫിയ സംഘങ്ങളുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷന്‍ മണ്‍സൂണിലാണ് വിവിധ സംഘാംഗങ്ങള്‍ പിടിയിലായത്. ഇവരില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. 

എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ്  കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ റേഞ്ചുകളില്‍ നിയോഗിച്ച് മയക്ക് മരുന്ന് സംഘങ്ങള്‍ക്കെതിരെ എക്‌സൈസ് നടപടി കൂടുതല്‍ ശക്തമാക്കിയത്. 

പറവൂര്‍ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയില്‍ 22 കിലോ കഞ്ചാവുമായി പറവൂര്‍ കുഞ്ഞിതൈ സ്വദേശി ചുരക്കുഴി വീട്ടില്‍ ജോസ് (30), കളമശ്ശേരി സ്വദേശി കാവുങ്കല്‍ വീട്ടില്‍ ജയ (27), മുവാറ്റുപുഴ സ്വദേശി ജഗന്‍ ബൈജു (32) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കാറും ബൈക്കും ഉള്‍പ്പെടെ പറവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തോമസ് ദേവസിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.

മട്ടാഞ്ചേരി റേഞ്ചിലെ തോപ്പുംപടി മൂലങ്കുഴി ഭാഗത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ 35 ഗ്രാം എം. ഡി. എം. എയും 10 ഗ്രാം കഞ്ചാവും സഹിതം കൊച്ചി മൂലങ്കുഴി സ്വദേശി പുത്തന്‍പറമ്പില്‍ വീട്ടില്‍ കെന്നത്ത് ഫ്രാന്‍സിസ് (31) പിടിയിലായി. മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. എസ്. ജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കലൂര്‍ കടവന്ത്ര റോഡില്‍ കതൃകടവ് പാലത്തിന് സമീപത്ത് നിന്ന് എട്ടു കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി ബാലി ബംഗാന്‍ സ്വദേശി ജീബന്‍ റായിറ്റ (കരീം ലാല- 27) സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായി. 

കുന്നത്തുനാട് സര്‍ക്കിള്‍ പരിധിയില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ നീക്കത്തില്‍ പെരുമ്പാവൂര്‍ മാവും ചുവട് ഭാഗത്ത് നിന്ന് അസം സ്വദേശിയായ സാദിഖുല്‍ ഇസ്‌ലാം (32) 6.5 ഗ്രാം ഹെറോയിനുമായി കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുമേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലായി. 

പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തില്‍ പറവൂര്‍ ചേന്ദമംഗലം- ചാലിയപ്പാലത്തുവെച്ച് ആറു ഗ്രാം എം. ഡി. എം. എയും 12 ഗ്രാം കഞ്ചാവുമായി മാവേലിക്കര ചാരുംമൂട് സ്വദേശി അയിനി വിളയില്‍ വീട്ടില്‍ അഖില്‍ ചന്ദ്രനെ (26) പിടികൂടി. 

എല്ലാവരേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Latest News