Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ നിയമം ഭേദഗതി ചെയ്യുക; കാമ്പയിന് ഖത്തറിൽ തുടക്കം

ദോഹ- ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിന് ഖത്തറിൽ തുടക്കമായി. വിമാന യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ഖത്തർ കൾച്ചറൽ ഫോറം കാമ്പയിനാണ് തുടക്കമായത്.
കൂടൂതൽ ആളുകൾ അവധിക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ വിമാന ടിക്കറ്റിന്റെ മറവിൽ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പതിറ്റാണ്ടുകളായി തുടരുന്ന ഈ സ്ഥിതിവിശേഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കും വിധം നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ടും കൾച്ചറൽ ഫോറം 'ഉയർന്ന വിമാന യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക' എന്ന തലക്കെട്ടിലാണ് കാമ്പയിൻ ആരംഭിച്ചത്. 
കൂടുതൽ യാത്രക്കാരുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയേക്കാൾ മൂന്നും നാലും ഇരട്ടിയാണ് ചാർജ് ചെയ്യുന്നത്. ഇത് പകൽക്കൊള്ളയാണ്. സാധാരണ പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും ഞെക്കിപ്പിഴിയുന്ന വിമാനക്കമ്പനികളുടെ നിലപാട് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണ്. ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാന യാത്രാക്കൂലിക്ക് സീലിംഗ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. 
ഇന്ത്യൻ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ചാർട്ടേഡ് ഫ്‌ളൈറ്റ് ഉൾപ്പെടെയുള്ള താത്കാലികവും അല്ലാത്തതുമായ പ്രായോഗിക പരിഹാരങ്ങൾക്ക് അവർ നേതൃത്വം നൽകാൻ മുന്നോട്ട് വരണം. കാമ്പയിന്റെ ഭാഗമായി ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രവാസി സമൂഹത്തെ അണിനിരത്തി കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, നോർക്ക വൈസ് ചെയർമാൻ തുടങ്ങിയവർക്ക് മാസ് പെറ്റീഷൻ നൽകും. വിവിധ പ്രവാസി സംഘടനകളെയും സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരെയും ചേർത്തിരുത്തി പ്രവാസി സഭയും സോഷ്യൽ മീഡിയ പ്രചാരണവും സംഘടിപ്പിക്കും.

Latest News