Sorry, you need to enable JavaScript to visit this website.

പരിഗണിക്കേണ്ടത് സ്വന്തം ഇഷ്ടം മാത്രമല്ല

ജീവിതത്തിൽ ഒരുപാട് തീരുമാനങ്ങൾ എടുത്ത് മുന്നേറേണ്ടവരാണ് നമ്മൾ ഓരോരുത്തരും. സമയാസമയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുക എന്നത് വളരെ നിർണായകമാണ്. പ്രത്യേകിച്ചും തുടർപഠന മേഖലകളിലും ബിസിനസ് കാര്യങ്ങളിലും യാത്ര സംബന്ധമായ കാര്യങ്ങളിലും. എല്ലാറ്റിലും നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ മാത്രം പരിഗണിച്ചാവരുത് തീരുമാനങ്ങൾ.
തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് നമുക്ക് വേണ്ടപ്പെട്ടവരുമായും നമ്മുടെ വളർച്ചയിൽ സന്തോഷിക്കുന്നവരും അഭിമാനിക്കുന്നവരുമായും കൂടിയാലോചനകൾ നടത്തുന്നത് വളരെ പ്രധാനമാണ്. നാം എടുക്കാൻ പോവുന്ന തീരുമാനവുമായി ബന്ധപ്പെട്ട്, നാം തിരിച്ചറിയാത്ത പല സാധ്യതകളും വെല്ലുവിളികളും അവർ ചൂണ്ടിക്കാണിച്ച് തന്നേക്കാം. അവ കൂടി പരിഗണിക്കുന്നത് നമ്മുടെ തീരുമാനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിന് സഹായകമാവും. 
നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് പ്രധാനമാണ്. വേണ്ടത്ര ആലോചനയും മുന്നൊരുക്കങ്ങളും ഇല്ലാതെ താൽക്കാലികമായ പരിഗണനകൾക്കും വികാരത്തള്ളിച്ചകൾക്കും വശംവദരായി നാം കൈക്കൊള്ളുന്ന  പല തീരുമാനങ്ങളും പിന്നീട് നമ്മെ ഏറെ പ്രതിസന്ധികളിലേക്ക് നയിക്കും എന്ന കാര്യവും വിസ്മരിക്കരുത്. 
ഉപരിപഠനവുമായി ബന്ധപ്പെട്ട്പത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞവരും അവരുടെ രക്ഷിതാക്കളും ഏറെ അങ്കലാപ്പിലും ആശങ്കയിലും അകപ്പെടുന്നത് സ്വാഭാവികമാണ്. നിലവിലുള്ള നിരവധി തുടർപഠന സാധ്യതകളും വൈവിധ്യമാർന്ന കോഴ്‌സുകളും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശയക്കുഴപ്പത്തിൽ ആക്കിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. 
കൗമാരക്കാർ അവർക്കിണങ്ങിയ തൊഴിലിനാവശ്യമായ കോഴ്‌സ് കണ്ടെത്താൻ നിരന്തരമായി നടത്തുന്ന ആത്മസംവാദം 
ഏറെ സഹായിക്കും. പ്ലസ് ടു കഴിഞ്ഞാൽ ഏത് മേഖലയിലേക്ക് തിരിയണമെന്നുള്ളതിനെ കുറിച്ച് ഉണ്ടാവുന്ന പല ആശങ്കകളും പിന്നീട് ഓർത്തോർത്ത് ചിരിക്കാനും ഒപ്പം സങ്കടപ്പെടാനും ഉള്ളത് കൂടിയാണെന്നറിയുക. 
ഈ ഘട്ടത്തെ വിവേകത്തോടെ കൈകാര്യം ചെയ്താൽ കുടുംബത്തിൽ ക്ഷേമം വർധിക്കുന്നതും ശോഭനമായ ഭാവി ഇതൾ വിരിയുന്നതും കാണാം. വിവിധ തൊഴിൽ മേഖലകളിൽ അറിവുള്ളവരും അനുഭവമുള്ളവരുമായി ചർച്ച ചെയ്തും കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞും വേണം, ഇത്തരുണത്തിൽ രക്ഷിതാക്കൾ മക്കൾക്ക് അനുയോജ്യമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാനും അതിലേക്ക് അവരെ പ്രേരിപ്പിക്കാനും. 
ജീവിതം അവരുടേതാണ്. അവർക്ക് താൽപര്യമോ അഭിരുചിയോ ഇല്ലാത്ത മേഖലകളിലേക്ക് യാതൊരു കാരണവശാലും ദയവായി അവരെ നിർബന്ധം ചെലുത്തി പറഞ്ഞയക്കരുത്. പഠന നാളുകളിൽ നിറവേറാത്ത മോഹങ്ങൾ കുട്ടികളിൽ അടിച്ചേൽപിച്ച് മക്കളുടെജീവിതം തുലച്ചുകളഞ്ഞ പല രക്ഷിതാക്കളുടെയും കദനകഥ നമുക്കറിയാവുന്നതാണ്. 
അഭിരുചി, തൊഴിൽ സാധ്യത, പഠന താൽപര്യം, സുരക്ഷിതത്വം, കോഴ്‌സിന്റെ ദൈർഘ്യം, ആധികാരികത, കലാലയത്തിന്റെ യശസ്സ്, പഠന ചെലവുകൾ, സ്‌കോളർഷിപ്പുകൾ, ഉപരിപഠന സാധ്യതകൾ എന്നിവ നിർബന്ധമായും പരിഗണിക്കണം. 
ജീവിത ഗതിയുമായും ജീവിതാനന്ദവുമായും ഉപജീവനോപാധിയുമായും ഏറെ ബന്ധപ്പെട്ട നിർണായകമായ തീരുമാനമാണിതെന്നതിനാൽ കുട്ടിയുടെ നിലപാടാണ് ഏറ്റവും പ്രധാനം. അതുകൊണ്ടു തന്നെ  തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ വളരെ പ്രധാനപ്പെട്ട തീരുമാനമാണിതെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതുണ്ട്.
ഈ തീരുമാനവുമായി ബന്ധപ്പെട്ട് പരമാവധി അറിവ് ശേഖരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും സ്വദേശത്തും ഒരുപാട് പഠന സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ അവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുംപരമാവധി അന്വേഷിച്ചു പഠിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. അഥവാ, പ്രസ്തുത തീരുമാനം ഏതെങ്കിലും കാരണവശാൽ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്താണ് മറ്റു മാർഗങ്ങൾ, അതായത് പ്ലാൻ ബിയെ കുറിച്ചും ഗൗരവമായി ആരായണം. 
വിവിധ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളിൽ നിന്നും അനുഭവസ്ഥരിൽ നിന്നും ലഭിക്കുന്ന നേരനുഭവങ്ങളും പ്രേരണകളും പിന്തുണയും തെളിവുകളും അനുബന്ധ കാര്യങ്ങളും കൂടി മനസ്സിലാക്കി വെക്കുന്നതും നല്ലതായിരിക്കും. വല്ല കാരണവശാലും ഒന്നാമത്തെ തീരുമാനം നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ പ്ലാൻ ബിയെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിച്ചു അതിൽ ഏറ്റവും ഉചിതമായത് തെരഞ്ഞെടുത്ത് മുന്നേറാവുന്നതാണ്. 
സുചിന്തിതമായ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സധൈര്യം മുന്നേറുകയാണ് വേണ്ടത്. പ്രവേശന കാര്യങ്ങളും അതിനുവേണ്ട സാമ്പത്തിക സമാഹരണവും എല്ലാം സമയബന്ധിതമായി നടത്തണം. എല്ലാ രേഖകളും മുൻകൂട്ടി തയാറാക്കി ഭദ്രമായി സൂക്ഷിക്കണം.
ഏത് കോഴ്സ് തെരഞ്ഞെടുത്താലും ഏത് സ്ഥാപനത്തിൽ പഠിച്ചാലും പഠിതാവിന്റെ  മനോഭാവവും ഉന്മേഷവും മിടുക്കും തന്നെയാണ് ജീവിത വിജയത്തെ നിർണയിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക. 
ആരോഗ്യകരമായ ആത്മബോധം, നേതൃഗുണം, മികച്ച വിനിമയ ശേഷി, സർഗാത്മകത, പ്രതികൂലതകളെ പ്രസാദാത്മകമായി നേരിടാനുള്ള തന്റേടം, പ്രതിബദ്ധത, നല്ല കൂട്ടുകെട്ട്, സേവന സന്നദ്ധത, അധ്യാപകരോടും സ്ഥാപനത്തോടുമുള്ള സൃഷ്ടിപരമായ ആദരവ് തുടങ്ങിയവ ഏതൊരാളെയും ക്രമേണ ജീവിതോന്നതിയിലേക്കു വഴി നടത്തുമെന്നതിൽ സംശയമില്ല.

Latest News