അസീസ് ഉസ്താദ്, ആയിരങ്ങളുടെ ഉൾവെളിച്ചം

എല്ലാ മേഖലകളിലും എന്നതുപോലെ മതപ്രബോധന രംഗത്തും വന്നു ചേരാവുന്ന പ്രതിലോമ വെല്ലുവിളികളെയും സങ്കീർണ പ്രശ്‌നങ്ങളെയും തികഞ്ഞ ആർജവത്തോടെ നേരിടണമെങ്കിൽ  ഏതെങ്കിലും ഒരു കൂട്ടരുടെ ആശ്രിതനായി ജീവിക്കുക എന്നത് കരണീയമല്ല എന്ന തിരിച്ചറിവും ദൃഢനിശ്ചയവും  അദ്ദേഹത്തിന്റെ പഠനകാലം മുതൽക്കേയുള്ളതായിരുന്നു. 


നൂറുകണക്കിന് വിജ്ഞാന ദാഹികൾക്ക് ആത്മീയ അറിവിന്റെ ഉൾവെളിച്ചം നൽകിയ ജ്ഞാന സ്‌നേഹിയും സാത്വികനുമായ പണ്ഡിതനായിരുന്നു കോട്ടാങ്ങൽ കൊച്ചു കണ്ണൻകര അബ്ദുൽ അസീസ് മൗലവി.  തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതരിൽ ഒരാളായിരുന്ന ഈ വൈജ്ഞാനിക ദീപം അണഞ്ഞു. മതവിദ്യാർഥികൾക്ക് സ്വന്തം വീട് വിദ്യാലയമാക്കി മാറ്റി, അറിവിന്റെ അകക്കാമ്പുകൾ നൽകുക വഴി ഈ ഭൂമികക്ക് അദ്ദേഹം നൽകിയ സംഭാവന വലുതായിരുന്നു. വിവേകാധിഷ്ഠിത വിജ്ഞാനത്തിലൂടെ ഒരു തലമുറയെ വാർത്തെടുത്ത്  പ്രവൃത്തിപഥത്തിലേക്ക് വഴിതെളിക്കുക വഴി മത, ഭൗതിക, സാമൂഹിക, സാംസ്‌കാരിക രംഗത്ത് വിസ്മയ വിപ്ലവം തീർത്ത മാതൃക പ്രതിഭ തന്നെയായിരുന്നു അസീസ് ഉസ്താദ്.

ആർക്കും എപ്പോഴും ഏതു സംശയ നിവാരണത്തിനും കടന്നു ചെല്ലാൻ പര്യാപ്തമായ നിലയിൽ തന്റെ വാതിൽ എല്ലായ്‌പോഴും മലർക്കെ തുറന്നുവെച്ചു. അറിവ് കൈമാറാൻ ആവശ്യമായ മുഴുവൻ ഗ്രന്ഥങ്ങളും അദ്ദേഹം ശേഖരിച്ചുവെച്ചിരുന്നു. തന്റെ വീടിന്റെ ഉമ്മറത്തു തന്നെ ഒരു കൂമ്പാരം കിത്താബുകൾക്കിടയിൽ അതിലെ ആന്തരിക അർഥങ്ങളും നിഗൂഢതകളും പരതി ആയുസ്സിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഒരു അസാധാരണ വ്യക്തിയെ ആ വീടു സന്ദർശിക്കുന്ന ആർക്കും  കാണാമായിരുന്നു. തനിക്ക് അപ്രാപ്യം എന്നു തോന്നുന്ന ഒരു മേഖലയിലും അദ്ദേഹം കടന്നു ചെന്നിരുന്നില്ല. എന്നാൽ പ്രാപ്യമായ മേഖലകളിൽ മുഴുവൻ മികവു തെളിയിക്കുകയും തന്റേതായ കൈയൊപ്പ് ചാർത്തുകയും ചെയ്തു.  

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പതിറ്റാണ്ടുകൾ മുഫത്തിശായി സേവനം ചെയ്തു. മർഹൂം റഈസുൽ ഉലമ ശിഹാബുദ്ദീൻ ഉസ്താദ്, മർഹൂം വടുതല മൂസ ഉസ്താദ്, മർഹൂം ഈരാറ്റുപേട്ട ഈസ ഉസ്താദ്, മർഹൂം തേവലക്കര അലിയാർ മൗലവി അടക്കമുള്ള  പണ്ഡിത ശ്രേണിയിലെ മൺമറഞ്ഞ മഹത്തുക്കളോടും നിലവിലെ മുൻനിര നേതാക്കളായ തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, വി.എം. അബ്ദുള്ള മൗലവി തുടങ്ങിയ പണ്ഡിത വരേണ്യന്മാർക്കൊപ്പവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായോടു ചേർന്നു പ്രവർത്തിക്കുകയും  വിഭാഗീയതകൾക്കും സംഘടന സങ്കുചിതത്വങ്ങൾക്കും അതീതമായി കൈരളിയുടെ മുഴുവൻ  പണ്ഡിതരെയും നെഞ്ചിലേറ്റിയ വ്യക്തിയും കൂടിയായിരുന്നു. 
എല്ലാ മേഖലകളിലും എന്നതുപോലെ മതപ്രബോധന രംഗത്തും വന്നു ചേരാവുന്ന പ്രതിലോമ വെല്ലുവിളികളെയും സങ്കീർണ പ്രശ്‌നങ്ങളെയും തികഞ്ഞ ആർജവത്തോടെ നേരിടണമെങ്കിൽ  ഏതെങ്കിലും ഒരു കൂട്ടരുടെ ആശ്രിതനായി ജീവിക്കുക എന്നത് കരണീയമല്ല എന്ന തിരിച്ചറിവും ദൃഢനിശ്ചയവും  അദ്ദേഹത്തിന്റെ പഠനകാലം മുതൽക്കേയുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് തലത്തിലുള്ള അറബി അധ്യാപക യോഗ്യത നേടിയെടുത്ത്  പൊതുവിദ്യാഭ്യാസ മേഖലയിൽ അറബി അധ്യാപകനായി സേവനം അനുഷ്ഠിച്ച് വിരമിച്ചയാളും തന്റെ ശിഷ്യഗണങ്ങളെ ആ നിലയിൽ തന്നെ വളർത്തിയെടുക്കുകയും  ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കിയവരിൽ സിംഹഭാഗവും സ്‌കൂൾ അധ്യാപകരായി. ഇവർ മുദരിസ്, ഖത്തീബ് എന്നീ നിലകളിൽ വൈദഗ്ധ്യം നേടിയവരും മഹല്ലു കൈകാര്യം ചെയ്യുന്നതിൽ നിപുണന്മാരുമാണ്. ഈ സവിശേഷത അദ്ദേഹത്തിന്റെ മാത്രം ശിഷ്യന്മാരുടെ പ്രത്യേകതയാണ്.

അഹ്മദ് ലബ്ബ അൽ മഅ്ബരി അൽ മഖ്ദൂമിയുടെയും കോട്ടാങ്ങൽ  മർഹൂം ഖാദിയാര് കൊച്ചുവാവ സിദ്ദീഖ് മുസ്‌ലിയാരുടെ മകൾ റഹീമ ബീവിയുടെയും മകനായി 1935 ൽ ജനിച്ച അബ്ദുൽ അസീസ് മൗലവി പ്രാഥമിക പഠനം കോട്ടാങ്ങൽ എൽ.പി സ്‌കൂൾ, ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിർവഹിച്ച ശേഷം മത വൈജ്ഞാനിക മേഖലയിലേക്കു തിരിഞ്ഞു.  കാഞ്ഞിരപ്പള്ളി ഹിദായത്തുൽ ഇസ്‌ലാം അറബിക് കോളേജ്, സുബുലുൽ ഹുദാ ആലപ്പുഴ, മൻബഉൽ ഖൈറാത്ത്  ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിൽ പഠനം തുടരുകയും ഫാദിൽ മൻബഈ ബിരുദം നേടുകയും ചെയ്തു. ഒപ്പം തന്നെ അഫ്ദലുൽ ഉലമ ബിരുദവും കരസ്ഥമാക്കി. തുടർന്ന്  കോഴിക്കോട് ഫാറൂഖ് കോളേജിലും പഠിച്ച്  ബിരുദം നേടി. ശേഷം പായിപ്പാട്, തിരുവല്ല, കുമ്മനം എന്നീ സ്ഥലങ്ങളിൽ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചു. കോട്ടയം കുമ്മനത്ത് മുദരിസായി സേവനമനുഷ്ഠിച്ചു വരവേ 1959 ൽ ഗവൺമെന്റ്തല പൊതുവിദ്യാഭ്യാസ മേഖലയിൽ അറബിക് അധ്യാപകനായി നിയമിതനായി.
കെ.എം.ജെ.എഫ്, കെ.എം.സി.സി, അജ്‌വ എന്നീ സംഘടനകളുടെ ജിദ്ദയിലെ മുൻനിര നേതാക്കളിൽ പ്രമുഖനും  മത, സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ കാഞ്ഞിരപ്പള്ളി മൗലവി സൈദ് മുഹമ്മദ് അൽ കാശിഫി മരുമകനാണ്. നസീമ ബീഗം, ഹസീന ബീഗം, നസീറ ബീഗം, റാബിയത്ത് ബീഗം, ഹബീബുള്ള എന്നിവർ മക്കളും ഹനീഫ മുസ്ലിയാർ ചെമ്പകശ്ശേരി, ഷാഹുൽ ഹമീദ് മുസ്ലിയാർ വായ്പുര്, നൗഷാദ് മാന്നാർ, സൈദ് മുഹമ്മദ് അൽകാശിഫി കാഞ്ഞിരപ്പള്ളി, സബീന കൊല്ലംപറമ്പിൽ എന്നിവർ മരുമക്കളുമാണ്.

\

Latest News