സാങ്കേതിക ലോകത്തെ അതിശയപ്പിച്ചും പ്രശസ്തി നേടിയും മുന്നേറുന്ന ഓപൺഎ.ഐയുടെ ചാറ്റ്ജി.പി.ടി ചാറ്റ്ബോട്ട് അമേരിക്കയിലെ യൂറോളജിസ്റ്റ് പരീക്ഷയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്.
വെദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ മികച്ച സംഭാവനകൾ നൽകുമെന്ന വാദങ്ങൾക്കിടെയാണ് മെഡിക്കൽ രംഗത്ത് ചാറ്റ്ജി.പി.ടി പരാജയപ്പെടുകയാണെന്ന പഠനം പുറത്തുവരുന്നത്.
അമേരിക്കൻ യൂറോളജിസ്റ്റ് അസോസിയേഷന്റെ യൂറോളജിക്ക് വേണ്ടിയുള്ള സെൽഫ് അസസ്മെന്റ് സ്റ്റഡി പ്രോഗ്രാമിൽ (എസ്.എ.എസ്.പി) 30 ശതമാനത്തിൽ താഴെ ശരിയായ ഉത്തരങ്ങളാണ് ചാറ്റ്ജിപിടി നേടിയതെന്ന് യുറോളജി പ്രാക്ടീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. യൂറോളജിക്കൽ പ്രാക്ടീസിലെ ക്ലിനിക്കൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചാറ്റ്ജിപിടിക്ക് ശരിയായ ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അപകടസാധ്യതയുള്ള ചില പിശകുകൾ വരുത്തിയതായും നെബ്രാസ്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ നിന്നുള്ള ക്രിസ്റ്റഫർ എം. ഡീബർട്ട് പറഞ്ഞു.
യൂറോളജിയിലെ പ്രധാന പാഠ്യപദ്ധതിയിൽനിന്നുള്ള 150 ചോദ്യങ്ങൾ ഉൾക്കൊളളുന്ന പരിശീലന പരീക്ഷയാണ് അമേരിക്കൻ യൂറോളജി അസോസിയേഷന്റെ സ്വയം വിലയിരുത്തൽ പഠന പരിപാടി.
ചിത്രങ്ങളോ ഗ്രാഫുകളോ പോലുള്ള ദൃശ്യ വിവരങ്ങൾ അടങ്ങിയ 15 ചോദ്യങ്ങൾ പഠനം ഒഴിവാക്കിയിരുന്നു.
ചാറ്റ്ജിപിടി 30 ശതമാനത്തിൽ താഴെ സ്വയം വിരുത്തൽ ചോദ്യങ്ങൾക്കും 28.2 ശതമാനം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കും 26.7 ശതമാനം ഓപൺഎൻഡ് ചോദ്യങ്ങൾക്കും ശരിയായ ഉത്തരങ്ങൾ നൽകി.
നിരവധി ചോദ്യങ്ങൾക്ക് ചാറ്റ്ബോട്ട് ഉറപ്പില്ലാത്ത പ്രതികരണങ്ങളാണ് നൽകിയത്.
ഈ ചോദ്യങ്ങളിൽ എൽ.എൽ.എം മോഡലിനോട് ഉത്തരങ്ങൾ പുനഃസൃഷ്ടിക്കാൻ ആവശ്യപ്പെട്ടപ്പോൾ കൃത്യത കുറയുകയും ചെയ്തു.
മിക്ക തുറന്ന ചോദ്യങ്ങൾക്കും തെരഞ്ഞെടുത്ത ഉത്തരത്തിന് ചാറ്റ്ജി.പി.ടി അധിക വിശദീകരണം നൽകി. ഇങ്ങനെ നൽകിയ വിശദീകരണങ്ങളാകട്ടെ എസ്.എ.എസ്.പി നൽകിയതിനേക്കാൾ ദൈർഘ്യമേറിയതാണുതാനും. പലപ്പോഴും അനാവശ്യ ഉത്തരങ്ങളാണ് നൽകിയത്. വിശാലമായ പ്രസ്താവനകളും അവ്യക്തമായ ന്യായീകരണങ്ങളുമാണ് ചാറ്റ്ജി.പി.ടി നൽകിയതെന്ന് ഡോ. ഡീബർട്ട് പറഞ്ഞു.
ഫീഡ്ബാക്ക് നൽകിയപ്പോഴും ചാറ്റ്ജി.പി.ടി കൃത്യമല്ലാത്ത വിശദീകരണം തുടർച്ചയായി ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.






