കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരത്ത് ദാരുണമായ ഒരു മരണം നടന്നു. എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട ടെമ്പോ തനിയെ വന്നിടിച്ച് 74 കാരനായ എം.കെ. നാരായണൻ വണ്ടിക്കും മതിലിനും ഇടയിൽപെട്ട് മരിച്ചതാണ് സംഭവം. നാരായണൻ മുൻകാല നക്‌സലൈറ്റ് പ്രവർത്തകനായിരുന്നു. ഏറെക്കുറെ എല്ലാവരും തന്നെ നക്‌സലൈറ്റുകളായിരുന്ന ദളിത് സഹോദരന്മാരിൽ മുതിർന്നയാൾ. അടിയന്തരാവസ്ഥക്കാലത്ത് നക്‌സലൈറ്റുകൾ നടത്തിയ പോലീസ് സ്റ്റേഷൻ ആക്രമണങ്ങളിൽ ആദ്യത്തേതായിരുന്ന മതിലകം സ്റ്റേഷൻ ആക്രമണത്തിന്റെ കമാണ്ടർ. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനേറ്റ ഭയാനകമായ പീഡനങ്ങളുടെ കഥ കേട്ടാൽ ആരുടെയും കരളലിയും. തല താഴേക്കായി കെട്ടിത്തൂക്കിയിട്ടായിരുന്നു മർദനം. പോലീസ് സ്റ്റേഷൻ അക്രമത്തിന്റെയും മറ്റു നക്‌സലൈറ്റ് പ്രവർത്തകരുടെ വിശദാംശങ്ങളും ചോദിച്ചായിരുന്നു മർദനം. മർദനത്തിന്റെ രൂക്ഷത കണ്ട് ലോക്കപ്പിലുണ്ടായിരുന്ന മറ്റു സഹപ്രവർത്തകർ പൊട്ടിക്കരഞ്ഞുകൊണ്ട്, അറിയുന്ന കാര്യങ്ങളെല്ലാം പറയൂ സഖാവേ എന്ന് ഒരുപാടാവശ്യപ്പെട്ടിട്ടും ഒരു വാക്ക് പോലും അദ്ദേഹത്തിന്റെ വായിൽ നിന്നു വീണില്ല. ക്ലാസിന്റെയും കാസ്റ്റിന്റെയും ഊർജമായിരുന്നുവല്ലോ അദ്ദേഹത്തെ നയിച്ചത്. അവിടെ ഏതു മർദനവും നിസ്സാരമാകും.
തുടർന്നും ഏറെക്കാലം പ്രസ്ഥാനത്തിൽ പ്രവർത്തിച്ച നാരായണൻ പിന്നീട് മനുഷ്യാവകാശ - ദളിത് പ്രവർത്തനങ്ങളിൽ ഒതുങ്ങുകയായിരുന്നു. നാട്ടിൽ നടന്ന് ലോട്ടറി ടിക്കറ്റ് വിറ്റായിരുന്നു പ്രായാധിക്യത്തിലും ജീവിതം മുന്നോട്ടു പോയിരുന്നത്. അതിനിടയിലായിരുന്നു ഈ ദുരന്തം സംഭവിച്ചത്. ഈ ദുരന്തത്തിനിടയിൽ കാര്യമായി ആരുമറിയാതെ പോകുന്ന മറ്റൊരു ദുരന്തമുണ്ട്. അതേക്കുറിച്ചാണ് ഈ കുറിപ്പിൽ പ്രധാനമായും ഉന്നയിക്കാൻ ശ്രമിക്കുന്നത്. അത് മറ്റൊന്നുമല്ല. അടിയന്തരാവസ്ഥക്കെതിരായി നടന്ന പോരാട്ടങ്ങളെ രണ്ടാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുക, ആ പോരാട്ടത്തിൽ പങ്കെടുത്തവരെയും പീഡിപ്പിക്കപ്പെട്ടവരെയും സ്വാതന്ത്ര്യ സമര പോരാളികളായി അംഗീകരിക്കുക, അവർക്ക് പെൻഷനടക്കമുള്ള അവകാശങ്ങൾ അംഗീകരിക്കുക എന്നതാണത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇതംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും അത്തരത്തിലുള്ള നീക്കങ്ങൾ നടന്നെങ്കിലും അവസാന നിമിഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതു നടപ്പായിരുന്നെങ്കിൽ കുറേക്കൂടി മാന്യമായ ജീവിതവും മരണവും നാരായണനും അതുപോെല യൗവനം സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കുമായി ഹോമിച്ച മറ്റു പലർക്കും ലഭിക്കുമായിരുന്നു.
1975 ജൂൺ 26 ാം തീയതിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഇന്ദിരാഗാന്ധിയോട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ്‌നാരായൺ തെരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. 1975 ജൂൺ 12 നു ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിക്കുകയായിരുന്നു. ഇന്ദിരയുടെ തെരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോക്‌സഭ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. അതിനു മുമ്പു തന്നെ ജയപ്രകാശ് നാരായണിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി ജീവന്മരണ വിഷയങ്ങളുന്നയിച്ച് രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ അലയടിച്ചിരുന്നു. വിദ്യാർത്ഥികളും തെരുവിലായിരുന്നു. തെരഞ്ഞെടുപ്പു സംബന്ധിച്ച കോടതിവിധിയും വന്നതോടെ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമായി. തുടർന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനവും ഭയാനകമായ രീതിയിലുള്ള ഫാസിസ്റ്റ് വേട്ടയാടലുകളും അതിനെതിരായ പോരാട്ടങ്ങളും നടന്നത്. നേതാക്കളടക്കം ആയിരക്കണക്കിനു പേരെ തുറുങ്കിലടച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50 ാം വാർഷികമടുക്കുകയാണ്. അന്നത്തെ പോരാട്ടത്തിൽ പങ്കെടുത്ത് പീഡനങ്ങളും മർദനങ്ങളും ഏറ്റുവാങ്ങിയവരിൽ ഭൂരിഭാഗവും മരിച്ചു കഴിഞ്ഞു. അവശേഷിക്കുന്നത് വളരെ കുറച്ചുപേർ. എന്നാലവരോട് നീതി പുലർത്താൻ ഇനിയും കേരളം തയാറായിട്ടില്ല. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യ സമരമായംഗീകരിക്കാനും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും അതിൽ പങ്കെടുത്തവർക്ക് പെൻഷൻ നൽകാനും അന്നത്തെ പീഡന ക്യാമ്പുകളിൽ അവശേഷിക്കുന്ന ശാസ്തമംഗലം ക്യാമ്പ് ദേശീയ സ്മാരകമാക്കാനുമുള്ള ആവശ്യത്തിനു നേരെ ഇനിയും മുഖം തിരിച്ചുനിൽക്കുകയാണ് സർക്കാർ. പല സംസ്ഥാനങ്ങളും അതു ചെയ്തിട്ടും മാറിമാറി ഭരിച്ച ഇവിടത്തെ ഇരുമുന്നണി സർക്കാരുകളും അതിനു തയാറായിട്ടില്ല. അതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടന്നിട്ടും ഗുണമുണ്ടായില്ല. അവസാനം 2019 ൽ അവർക്ക് പെൻഷനും ചികിത്സാസഹായങ്ങളും അനുവദിക്കാൻ തത്വത്തിൽ സർക്കാർ തീരുമാനിച്ചു. എന്നാലതും അട്ടിമറിക്കപ്പെട്ടു.
അടിയന്തരാവസ്ഥയിൽ ക്രൂരമായി കൊല്ലപ്പെട്ട രാജന്റെ പിതാവ് ഈച്ചരവാര്യർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന രാജൻ അനുസ്മരണ ദിനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത്. പിന്നീട് 2010 ജൂലൈ 9 ന് ഈ ആവശ്യങ്ങളുന്നയിച്ച് എറണാകുളത്ത് വലിയൊരു സമ്മേളനം നടന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാരായിരുന്നു ഉദ്ഘാടനം ചെയ്തത്. ആവശ്യങ്ങൾ നേടിയെടുക്കാൻ അടിയന്തരാവസ്ഥയിൽ ഭീകരമായി പീഡിപ്പിക്കപ്പെട്ട ടി.എൻ. ജോയ് കൺവീനറായി ഒരു സമിതിയെ തെരഞ്ഞെടുത്തു. തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ദിവസങ്ങൾ നീണ്ട ഉപവാസവും നടന്നു. പരിഗണിക്കാമെന്നു സർക്കാർ പറഞ്ഞെങ്കിലും ഒന്നും സംഭവിക്കാത്തതിനാൽ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് മാർച്ച് നടന്നു. പി.സി. ഉണ്ണിച്ചെക്കനും രവീന്ദ്രനും സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരമാരംഭിച്ചു. എന്നാൽ അതും ലക്ഷ്യം നേടിയില്ല. പിന്നീടും ജില്ലകളിലും സെക്രട്ടറിയേറ്റിനു മുന്നിലും നിരവധി സമരങ്ങൾ നടന്നു. അടിയന്തരാവസ്ഥയിൽ തടവുശിക്ഷ അനുഭവിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടും വിഷയം പരിഗണിക്കാത്തതിനെ തുടർന്ന് 2017 അടിയന്തരാവസ്ഥ ദിനത്തിലും മാർച്ച് നടത്തി. അതിനിടെ ടി.എൻ. ജോയിയും മരണപ്പെട്ടു.
മുൻ നക്‌സലൈറ്റുകളുടെ മുൻകൈയിൽ ഈ നീക്കങ്ങൾ നടക്കുമ്പോൾ തന്നെ മുൻ ജനസംഘം പ്രവർത്തകരും ഈ ആവശ്യമുന്നയിച്ച് കുറേയേറെ സമരങ്ങൾ നടത്തി. അടിയന്തരാവസ്ഥക്കാലത്ത് ഭരണത്തിലിരുന്നവരായതിനാൽ യു.ഡി.എഫിനു ഇത്തരമൊരു ആവശ്യം പരിഗണിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാം. എന്നാൽ എൽ.ഡി.എഫിന് പരിഗണിക്കാമല്ലോ എന്ന ചോദ്യം പ്രസക്തമാണ്. അവരത് പരിഗണിക്കാൻ തയാറായതുമാണ്. എന്നാൽ അടിയന്തരാവസ്ഥ തടവുകാരുടെ ലിസ്റ്റെടുത്തപ്പോഴാണ് അവരിൽ തങ്ങളുടെ പ്രവർത്തകർ വളരെ കുറവാണെന്ന കാര്യം സി.പി.എമ്മിനു ബോധ്യമായത്. അത്തരമൊരു തീരുമാനമെടുത്താൽ ഗുണഭോക്താക്കളാകുക പ്രധാനമായും മുൻനക്‌സലൈറ്റുകളും ജനസംഘക്കാരും സോഷ്യലിസ്റ്റുകളുമാണെന്ന തിരിച്ചറിവാണ് അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ആർ.എസ്.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന ജനസംഘവും സോഷ്യലിസ്റ്റുകളും പൊതുവിൽ സമാധാനപരമായ രീതിയിലുള്ള ഉപവാസങ്ങളും മറ്റുമാണ് സംഘടിപ്പിച്ചത്. എന്നാലവരെയും ജയിലിലടക്കുകയായിരുന്നു. നക്‌സലൈറ്റുകൾക്ക് ലഭിച്ച പോലെ ക്രൂരമായ മർദനം അവർക്ക് ലഭിച്ചില്ല എന്നു മാത്രം. സി.പി.എം ഏറെക്കുറെ നിർജീവമായിരുന്നു. അടിയന്തരാവസ്ഥയിൽ ഭരണത്തിനു നേതൃത്വം കൊടുത്ത സി.പി.ഐക്ക് സ്വാഭാവികമായും ഇക്കാര്യത്തിൽ താൽപര്യമുണ്ടാകില്ലല്ലോ.
ഇതിനിടയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലും ജയിലിലും പീഡനം നേരിട്ടവർക്ക് പെൻഷനും വൈദ്യസഹായവും നൽകാൻ 2019 ഏപ്രിലിൽ സർക്കാർ തത്വത്തിൽ തീരുമാനിച്ചത്. തുടർന്ന് വില്ലേജ് ഓഫീസുകളിൽ നിന്നും ജയിലുകളിൽ നിന്നും നിരവധി രേഖകൾ സർക്കാർ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതിയുടെ പ്രവർത്തകർ അക്കാര്യത്തിൽ സർക്കാരിനെ സഹായിച്ചു. എം.കെ. നാരായണനും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ അവസാനം അതും അട്ടിമറിക്കപ്പെടുകയായിരുന്നു. യഥാർത്ഥ ആവശ്യം അടിയന്തരാവസ്ഥക്കെതിരായ സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കലാണ്. അപ്പോൾ സ്വാഭാവികമായും പെൻഷൻ ലഭിക്കും. അത് അഭിമാനത്തോടെ വാങ്ങാനാകും. ആ ആവശ്യമുന്നയിച്ച് 2019 അടിയന്തരാവസ്ഥ ദിനത്തിലും സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി. 2020 കോവിഡ് കാലത്തും കൊടുങ്ങല്ലൂരിലും മറ്റും സമരം നടന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇപ്പോഴിതാ നാരായണനും യാത്രയായി. അദ്ദേഹത്തോടും കേരളം നീതി പുലർത്തിയില്ല.
സത്യത്തിൽ അടിയന്തരാവസ്ഥ ഒരു വ്യക്തിക്ക് അധികാരം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. രണ്ടു വർഷത്തെ കിരാത ഭരണത്തിനു ശേഷം അതു പിൻവലിക്കുകയും ചെയ്തു. സമകാലികാവസ്ഥയിൽ രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളി അതിനേക്കാൾ എത്രയോ ഭീകരമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സവർണ ഹിന്ദുത്വ രാഷ്ട്രീയവും മനുസ്മൃതി മൂല്യങ്ങളും അതിശക്തമായ സംഘടന ചട്ടക്കൂടുമുള്ള ഒരു പ്രസ്ഥാനത്തിൽ നിന്നുള്ള ഫാസിസ്റ്റ് ഭീഷണിയാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. 1975 ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ദിനങ്ങളേക്കാൾ ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നു വ്യക്തമാണ്. ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെങ്കിൽ തെരഞ്ഞെടുപ്പിലൂടെയും അല്ലാതെയും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ അനിവാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുന്ന തീരുമാനം സർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ വരുംകാല പോരാട്ടങ്ങൾക്ക് അതു നൽകുന്ന ഊർജം ചെറുതായിരിക്കില്ല. ഫാസിസത്തിനെതിരെ ശക്തമായ നിലപാടുണ്ടെന്നു അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ പക്ഷേ അതിനു തയാറാകുന്നില്ല. ഒരിക്കൽ ഏറെക്കുറെ തീരുമാനിച്ച അക്കാര്യം ഇപ്പോൾ ഉപേക്ഷിച്ചതായാണ് അറിവ്. അതിലൂടെ നാരായണനെ പോലുള്ളവർ ജീവിതം കൊണ്ട് നടത്തിയ പോരാട്ടങ്ങളെയാണ് നാം അവഗണിക്കുന്നത്. വരുംകാല പോരാട്ടങ്ങളെ തളർത്തുക കൂടിയായിരിക്കും അതിന്റെ അന്തിമ ഫലം.






