ഇന്ത്യയുടെ കിഴക്കൻ തീരദേശത്തെ ബന്ധിപ്പിക്കുന്ന കോറമാണ്ഡൽ എക്‌സ്പ്രസ് എന്നത് മലയാളികൾക്ക് സുപരിചതമായ ട്രെയിൻ സർവീസുകളിലൊന്നാണ്. മദിരാശി നഗരത്തെ ഹൗറയുമായി ബന്ധിപ്പിക്കുന്ന വേഗമേറിയ പഴയ ട്രെയിൻ സർവീസാണിത്. കൊങ്കൺ പാത വരുന്നതിന് മുമ്പ് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ ബന്ധിപ്പിച്ച് മദ്രാസിൽ നിന്ന് മംഗലാപുരത്തേക്ക് ഓടിത്തുടങ്ങിയ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് പോലൊരു സർവീസ്. ചെന്നൈയായി മാറിയ മദ്രാസ് സെൻട്രൽ സ്‌റ്റേഷനിൽ നിന്ന് വടക്കേ മലബാറുകാരായ ധാരാളം കലാലയ വിദ്യാർഥിനികൾ ഈ ട്രെയിനിൽ മാറിക്കയറുന്നത് 80 കളിൽ കണ്ടിട്ടുണ്ട്. കണ്ണൂർ ഭാഗത്തു നിന്ന് ബി.എഡ് ബിരുദമെടുക്കാൻ ഒറീസയിലെ ഭുവനേശ്വർ ലക്ഷ്യമാക്കിയായിരുന്നു മലയാളി യുവതികളുടെ കോറമാണ്ഡൽ ട്രെയിനിലെ തുടർയാത്ര. പെട്ടെന്ന് എവിടെയെങ്കിലും സ്‌കൂൾ അധ്യാപകരായി ജോലിയിൽ പ്രവേശിക്കാൻ ബി.എഡ് അത്യാവശ്യം. കേരളത്തിലാണെങ്കിൽ ബി.എഡ് ട്രെയിനിംഗ് കോളേജുകൾ പരിമിതവും. കേരളത്തിലേക്ക് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് മറുനാടൻ തൊഴിലാളികൾ പ്രവഹിച്ചു തുടങ്ങിയതോടെ കോറമാണ്ഡൽ എക്‌സ്പ്രസും എല്ലാ കാലത്തും തിരക്കുള്ള ട്രെയിനായി മാറി.
പിന്നിട്ട വാരത്തിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച കിഴക്കൻ തീര ദേശ റൂട്ട് രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ പാതയാണ്. ഇന്ത്യയുടെ കൽക്കരി, എണ്ണ ചരക്ക് നീക്കങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് ഈ മേഖലയിലൂടെയാണ്. ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുന്നൂറോളം പേർ മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അപകട സ്ഥലം നേരിട്ട് സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽവേ സംവിധാനം വലിയ പരിഷ്‌കരണത്തിലൂടെ കടന്നു പോകുമ്പോഴുണ്ടായ അപകടം പലവിധത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഉയർത്തുന്നത്. 20 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ അപകടമാണ് വെള്ളിയാഴ്ചത്തേത്. യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിക്കുമ്പോൾ റെയിൽവേ കൂടുതൽ കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും നെറ്റ്വർക്ക് സംവിധാനത്തിലുടനീളം കൂട്ടിയിടി വിരുദ്ധ ഉപകരണങ്ങളും എമർജൻസി മുന്നറിയിപ്പ് സംവിധാനങ്ങളും പോലുള്ള സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ റെയിൽവേ മന്ദഗതിയിലാണെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച അപകടത്തിൽപെട്ട റൂട്ടിൽ ആന്റി കൊളിഷൻ സിസ്റ്റം (കവച്) ലഭ്യമല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ കവച് മൊത്തം സംവിധാനത്തിന്റെ നാല് ശതമാനത്തിലേ ലഭ്യമാവുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്. 2012 ൽ കൊങ്കൺ റെയിൽവേയിൽ വിജയകരമായി പരീക്ഷിച്ച കവച് രാജ്യമാകെ ഏർപ്പെടുത്താൻ കഴിയാതെ പോയത് ന്യൂനതയാണ്.
2010 മെയ് 28 ന് ബംഗാളിലെ നക്സൽസിൽ 148 പേരുടെ മരണത്തിനിടയാക്കിയ ജ്ഞാനേശ്വർ എക്‌സ്പ്രസ് അപകടത്തിനു ശേഷം രാജ്യത്തുണ്ടായതിൽ വെച്ചേറ്റവും വലിയ ട്രെയിൻ ദുരന്തത്തിനാണ് ബാലസോർ സാക്ഷ്യം വഹിച്ചത്.
ജ്ഞാനേശ്വർ എക്‌സ്പ്രസ് പാളംതെറ്റി മറിഞ്ഞ അപകടത്തിനു ശേഷം ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു. മൻമോഹൻ സിംഗിന്റെ ഭരണകാലത്തു തുടങ്ങിെവച്ച പേര് മാറ്റി കവച് സുരക്ഷ പദ്ധതി എന്നാക്കി മുന്നോട്ടു കൊണ്ടുപോകാൻ തുടർന്നുവന്ന സർക്കാരുകളും താൽപര്യമെടുത്തിരുന്നു. രണ്ടു ട്രെയിനുകൾ ഒരേ പാളത്തിലൂടെ നേർക്കു നേരെ വന്നാൽ സ്വയം നിറുത്താനുള്ള സംവിധാനമാണ് 'കവച് ' പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇപ്പോഴത്തെ റെയിൽവേ മന്ത്രിയും റെയിൽവേ ചെയർമാനുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നേർക്കുനേർ ഓടിയ ട്രെയിനുകളിൽ സഞ്ചരിച്ചുകൊണ്ടാണ് കവചിന്റെ വിജയകരമായ പരീക്ഷണം പൂർത്തിയാക്കിയത്.
അതിവേഗ ട്രെയിനുകളിലെല്ലാം ഈ സംവിധാനം സ്ഥാപിക്കാൻ റെയിൽ ബജറ്റുകളിൽ വൻതോതിൽ വിഹിതവും വകയിരുത്തിയിരുന്നു. ലോകത്തിലെ നാലാമത്തെ വലിയ ട്രെയിൻ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ നടത്തുന്നത്. ഇതിലൂടെ പ്രതിദിനം 13 ദശലക്ഷം ആളുകളെ കൊണ്ടുപോകുകയും 2022 ൽ ഏകദേശം 1.5 ബില്യൺ ടൺ ചരക്ക് നീക്കുകയും ചെയ്തു. ഈ വർഷം, റെയിൽവേക്കായി സർക്കാർ റെക്കോഡ് നിരക്കായ 2.4 ട്രില്യൺ രൂപയാണ് ചെലവഴിക്കുന്നത്. അതായത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 50% വർധന.
ട്രെയിൻ ദുരന്തത്തിൽ സിഗ്‌നലിംഗിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കോറമാണ്ഡൽ ട്രെയിനാണ് ആദ്യം അപകടത്തിൽ പെട്ടതെന്നുമാണ് റെയിൽവേ ബോർഡ് വിലയിരുത്തുന്നത്. ട്രെയിനുകൾ അമിത വേഗത്തിലായിരുന്നില്ല. ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നില്ലെന്നും റെയിൽവേ ബോർഡ് ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയവർമ സിൻഹ സംഭവ സ്ഥലം സന്ദർശിച്ച ശേഷം വ്യക്തമാക്കി. ചരക്ക് ട്രെയിനിൽ ഇരുമ്പയിരാണുണ്ടായിരുന്നത്. അതിനാലാണ് കോറമാണ്ഡൽ എക്സ്പ്രസിന് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിച്ചതും. സ്‌ട്രെയിറ്റ് ലൈനിന് പകരം ലൂപ് ലൈനിൽ കയറാൻ കോറമാണ്ഡൽ എക്സ്പ്രസിന് സിഗ്‌നൽ നൽകിയതാണ് ലൂപ് ലൈനിൽ നിറുത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് ട്രെയിനിലിടിക്കാൻ കാരണമെന്ന് റെയിൽവേയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. സ്‌റ്റോപ്പില്ലാത്തിടത്ത് മെയിൻ ലൈനിൽ കടന്നു പോകുന്ന വേഗമേറിയ ട്രെയിനിന് ലൂപ് ലൈനിൽ പ്രവേശിക്കാൻ ആരെങ്കിലും അനുമതി നൽകുമോ? ഇക്കാര്യങ്ങളെല്ലാം പലവിധ അന്വേഷണങ്ങൾ പൂർത്തിയാവുമ്പോൾ വ്യക്തമാവും.
അപകടമുണ്ടായ ബാഹനാഗ ബസാർ സ്റ്റേഷനിലുള്ളത് രണ്ട് സ്‌ട്രെയിറ്റ് ലൈനുകളും രണ്ട് ലൂപ് ലൈനുകളുമാണ്. സ്റ്റേഷനിൽ നിറുത്തിയിടാനുള്ള ട്രെയിനാണെങ്കിൽ ലൂപ് ലൈനിൽ നിറുത്തും. അപകട സമയത്ത് ലൂപ് ലൈനുകളിൽ രണ്ട് ചരക്കു ട്രെയിനുകൾ നിറുത്തിയിട്ടിരുന്നു. കോറമാണ്ഡൽ, ബംഗളൂരു - ഹൗറ എക്സ്പ്രസിന് കടന്നുപോകാൻ രണ്ട് സ്‌ട്രെയിറ്റ് ലൈനുകൾ വേറെയുമുണ്ട്. എല്ലാം തയാറായി പച്ച സിഗ്‌നലും തെളിയിച്ചു. കോറമാണ്ഡൽ എക്സ്പ്രസിന് സ്റ്റേഷനിൽ അനുവദിച്ച വേഗം മണിക്കൂറിൽ 130 കിലോമീറ്റർ. എക്സ്പ്രസ് സഞ്ചരിച്ചത് മണിക്കൂറിൽ 128 കിലോമീറ്റർ വേഗത്തിൽ. ബംഗളൂരു - ഹൗറ എക്സ്പ്രസിന്റെ വേഗം മണിക്കൂറിൽ 130 കിലോമീറ്റർ. അതും അനുവദനീയ വേഗം. അതായത് ട്രെയിനുകൾ അമിത വേഗത്തിലായിരുന്നില്ല. കോറമാണ്ഡൽ ട്രെയിനിന് മേലാണ് അപകടമുണ്ടായത്. അക്കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം. സിഗ്‌നലിംഗിലെ പ്രശ്നങ്ങളാണെന്ന് പ്രാഥമിക നിഗമനം.
ഇതൊക്കെ കാണുമ്പോൾ കേരളം എത്രമാത്രം സുരക്ഷിതമെന്ന നിമഗനത്തിൽ മാറിയിരുന്ന് ആശ്വസിക്കാനും നിർവാഹമില്ല. കോഴിക്കോടിനു സമീപം എലത്തൂരിലെ ട്രെയിൻ തീവെപ്പിന്റെ നടുക്കം മാറും മുമ്പെ അതേ ട്രെയിനിന്റെ ബോഗി കണ്ണൂരിൽ വീണ്ടും കത്തിനശിച്ച സംഭവം നാടാകെ സംഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. യാത്ര കഴിഞ്ഞ് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിറുത്തിയിട്ടപ്പോഴാണ് തീ കത്തിയത്. ഒരു ബോഗി പൂർണമായി കത്തിനശിച്ചു. യാത്രക്കാരില്ലാതിരുന്ന സമയമായിരുന്നത് മാത്രമാണ് ആശ്വാസം. തീവെപ്പുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് വലയിലായിട്ടുണ്ട്. കണ്ണൂരിൽ പിടിയിലായ ആൾ മനോവൈകല്യമുള്ളയാളാണെന്നാണ് പ്രാഥമിക നിരീക്ഷണം. എലത്തൂരിൽ പിടിയിലായ ഷാരൂഖ് സെയ്ഫിയും ആദ്യം മനോവിഭ്രാന്തി പ്രകടമാക്കിയിരുന്നു. അക്രമിയുടെ മാനസികാവസ്ഥ എന്തുമാകട്ടെ, സംരക്ഷണത്തിലുള്ള റെയിൽവേ സ്റ്റേഷൻ യാർഡിൽ ഇന്ധനവുമായി കടന്നുകയറി ട്രെയിൻ തീവെക്കാൻ ഒരാൾക്ക് നിഷ്പ്രയാസം കഴിയുന്നത് ഉത്കണ്ഠയോടെ മാത്രമേ വീക്ഷിക്കാനാവൂ.






