പത്തനംതിട്ട- പെട്രോൾ ഒഴിച്ച് യുവതിയെ കൊലപ്പെടുത്തിയെന്ന് പോലീസ്. പക്ഷെ ഫോറൻസിക് പരിശോധനാ ഫലം വന്നപ്പോൾ ഉപയോഗിച്ചത് മണ്ണെണ്ണയും. ഇതേ തുടർന്ന് ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി വെറുതെ വിട്ടു. 2013 ഫെബ്രുവരി 9ന് തെള്ളിയൂർ അടിച്ചി നാക്കുഴിയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (37) കൊല്ലപ്പെട്ട കേസിലാണ് പ്രതി സുരേന്ദ്രനെ വെറുതെ വിട്ട് പത്തനംതിട്ട അഡീഷണൽ സെഷൻസ് ജഡ്ജി ജയകുമാർ ജോൺ വിധി പറഞ്ഞത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃത്യവിലോപവും പ്രതിയെ വെറുതെ വിടാൻ കാരണമായി. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോഴഞ്ചേരി ഇൻസ്‌പെക്ടർ എം. ദിലീപ് ഖാന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകളാണ് കേസ് പരാജയപ്പെടാൻ കാരണമായത്. ഒറ്റ ദിവസം തന്നെ ഇരയുടെ മൂന്നു മൊഴികൾ, ദൃക്‌സാക്ഷിയുടെ തെറ്റായ മൊഴി, ഫോറൻസിക് പരിശോധനാ ഫലവും പോലീസ് കുറ്റപത്രവും തമ്മിലുള്ള വ്യത്യാസം, ഇരയെ പരിശോധിച്ച മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തിയ തെറ്റായ തീയതി എന്നിവയാണ് പോലീസിനും പ്രോസിക്യൂഷനും തിരിച്ചടിയായത്.
സിന്ധുവിന് 60 ശതമാനം പൊള്ളലേറ്റ ശേഷം പോലീസ് എടുത്ത മൂന്ന് മൊഴികളും പരസ്പര വിരുദ്ധമായിരുന്നു. മരം വെട്ടുകാരനായ സുരേന്ദ്രൻ മെഷീൻ വാൾ പ്രവർത്തിപ്പിക്കാൻ വാങ്ങി വെച്ച പെട്രോൾ ഉപയോഗിച്ചാണ് കൊല നടത്തിയത്. ഗൾഫിൽ ആയയായി ജോലിക്ക് പോകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. കത്തിച്ചത് പെട്രോൾ ഉപയോഗിച്ചാണങ്കിലും പോലീസ് സാമ്പിൾ എടുത്ത് അയച്ചപ്പോൾ അത് മണ്ണെണ്ണയായി. ഫോറൻസിക് പരിശോധനാ ഫലത്തിലും മണ്ണെണ്ണ സ്ഥിരീകരിച്ചു. പൊള്ളലേറ്റ സിന്ധുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ഒ.പി. ടിക്കറ്റിലെ തീയതിയും മാറിപ്പോയി.ഇത് തിരുത്താൻ പിന്നീട് പോലീസ് തയ്യാറായതുമില്ല. ഈ സാഹചര്യത്തിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടതോടെയാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ.രാധാകൃഷ്ണൻ ,സി.വി. ജ്യോതി രാജ് എന്നിവർ ഹാജരായി.