ആത്മഹത്യയും കുറെ ചോദ്യങ്ങളും

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പുളിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒരാൾ തൂങ്ങിമരിച്ചതിനെ കുറിച്ചുള്ള ചർച്ചകൾ ഏറെക്കുറെ കെട്ടടങ്ങിയിരിക്കുന്നു. പ്രാദേശിക ഭരണ സമിതിക്കെതിരെ നിരന്തരം പോരാടിയ സാമൂഹ്യ പ്രവർത്തകൻ നീതി കിട്ടാതെ സ്വയം ജീവൻ വെടിഞ്ഞത് സമൂഹ മനഃസാക്ഷിയെ എത്രമേൽ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പുളിക്കൽ പഞ്ചായത്തിനെതിരെ സി.പി.എമ്മുകാരനായ റസാഖ് പയമ്പ്രോട്ട് എന്ന സാമൂഹ്യ പ്രവർത്തകൻ രംഗത്തു വന്നതും ഒടുവിൽ ഭരണ സംവിധാനത്തിനെതിരെ തോൽവി സമ്മതിച്ച് മരണത്തെ വരിച്ചതും കേരളത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുന്ന സംഭവമാണ്. റസാഖിന്റെ മരണം അപക്വമായിരുന്നെന്ന വാദം പാർട്ടി വിശദീകരണത്തൊഴിലാളികളുടെ ഉത്തരവാദിത്തമാകാം. എന്നാൽ റസാഖിന്റെ മരണത്തിന്റെ കാരണങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
റസാഖിന്റെ മരണത്തിലേക്ക് നയിച്ച കാരണം, പുളിക്കൽ പഞ്ചായത്തിലെ മാത്രം പ്രശ്്‌നമായി കാണാനാകില്ല. റസാഖിനെ പോലെ ഭരണ വർഗത്തിനെതിരായ പ്രതിഷേധം മരണം കൊണ്ട് അടയാളപ്പെടുത്തുന്നവർ മറ്റിടങ്ങളിൽ ഉണ്ടായേക്കില്ലെന്ന് മാത്രം. മരണത്തെ പോലും രാഷ്ട്രീയ മാപിനിയിൽ അളന്ന് എഴുതിത്തള്ളാൻ രാഷ്ട്രീയാന്ധത ബാധിച്ചവർക്ക് കഴിയും. എന്നാൽ ജീവൽപ്രശ്‌നങ്ങളിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന് അത് നിസ്സാര കാര്യമല്ല.
സി.പി.എമ്മിന് വേണ്ടി ജീവിക്കുകയും സ്വന്തം സ്ഥലം ഇ.എം.എസ് സ്മാരകത്തിന് വേണ്ടി എഴുതിക്കൊടുക്കാൻ തയാറുമായ വ്യക്തിത്വമായായിരുന്നു റസാഖ് പയമ്പ്രോട്ട്. കൊണ്ടോട്ടി മോയിൻകുട്ടി സ്്മാരക കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം ഇടതുപക്ഷ സർക്കാർ വിശ്വസിച്ച് ഏൽപിച്ച ഇടതുപക്ഷക്കാരനായ സാമൂഹ്യ പ്രവർത്തകൻ. മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിലെല്ലാം ജീവിതത്തെ സമൂഹത്തിന് മുന്നിൽ കോറിയിട്ട വ്യക്തിത്വം. ഒട്ടേറെ മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിൽ നിസ്വാർഥമായ പങ്കുവഹിച്ച വഴികാട്ടി. ഇത്തരത്തിൽ റസാഖ് പയമ്പ്രോട്ട് പാർട്ടിക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ, അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന ആർക്കും തള്ളിക്കളയാവുന്നതല്ല.
പുളിക്കൽ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ വീടിനോട് ചേർന്നു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനി ഉയർത്തുന്ന ആരോഗ്യ പ്രശ്്‌നങ്ങൾക്കെതിരായാണ് അദ്ദേഹം പോരാടിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പുളിക്കലിൽ നിന്ന് ഏറെ അകലെയല്ലാതെ മാവൂരിൽ ഗ്വാളിയോർ റയോൺസ് ഉയർത്തിയ ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ കണ്ടു വളർന്നയാളാണ് റസാഖ് പയമ്പ്രോട്ട്. അവിടെ കാൻസർ ബാധിതരായി നിരവധി പേരാണ് മരിച്ചതെങ്കിൽ പുളിക്കലിലെ പ്ലാസ്റ്റിക് ഫാക്ടറി ഉയർത്തുന്ന സമാനമായ ആരോഗ്യ വെല്ലുവിളികളെ കുറിച്ചാണ് റസാഖ് ഇപ്പോൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നത്. സ്വന്തം സഹോദരന്റെ മരണത്തിന് കാരണം, ഉയർന്നു വരുന്ന ഈ വെല്ലുവിളിയാണെന്ന തിരിച്ചറിവാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ റസാഖിനെ പ്രേരിപ്പിച്ചത്. വരുംനാളുകളിൽ പുളിക്കൽ സ്വദേശികൾ അഭിമുഖീകരിക്കാനിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് റസാഖ് ചൂണ്ടിക്കാട്ടിയത്. അത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി പുളിക്കൽ പഞ്ചായത്ത് ഭരിക്കുന്നവർക്കുണ്ടായില്ലെന്ന് മാത്രം.
പുളിക്കൽ പഞ്ചായത്തിലെ പ്രശ്‌നം പുളിക്കലിലേത് മാത്രമല്ല. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ഒട്ടേറെ വെല്ലുവിളികൾക്ക് നടുവിലാണ് മനുഷ്യ ജീവിതം മുന്നോട്ടു പോകുന്നത്. വീടുകളിലെ മാലിന്യം മുതൽ കമ്പനികൾ പുറത്തു വിടുന്ന മാലിന്യം വരെ മനുഷ്യരുടെ ജീവന് നേരെ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മാലിന്യ സംസ്‌കരണത്തിലോ പാഴ്‌വസ്തുക്കൾ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന കമ്പനികളുടെ പ്രവർത്തനത്തിലോ ഭരണകൂടത്തിന് വ്യക്തമായ നയമില്ലെന്ന യാഥാർഥ്യം ഇപ്പോഴും നിലനിൽക്കുകയാണ്. 
സംസ്ഥാന സർക്കാരിന്റെ നയവൈകല്യവും പ്രാദേശിക ഭരണകൂടങ്ങളിലെ ക്രമക്കേടുകളും ഇത്തരത്തിലുള്ള സാമൂഹികമായ വെല്ലുവിളികൾക്ക് പിന്തുണ നൽകുന്നതാണ്. സ്വകാര്യ ഉടമയിലുള്ള കമ്പനികൾ നിയമ ലംഘനം നടത്തുമ്പോൾ അതിനെതിരെ ഭരണകൂടങ്ങൾ കണ്ണടക്കുന്നത് മൂലമുണ്ടാകുന്ന വിപത്ത് അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിക്കപ്പെടാത്തത് വലിയ ആരോഗ്യ പ്രശ്‌നമായി നിലനിൽക്കുന്നുണ്ട്. ബ്രഹ്മപുരം വിഷയത്തെ തുടർന്നുള്ള കോടതി ഇടപെടലുകൾ സംസ്ഥാന സർക്കാരിനെയും പഞ്ചായത്ത് ഭരണ സമിതികളെയും ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും മാലിന്യ ശേഖരത്തിൽ മുന്നോട്ടു പോകാൻ ഇപ്പോഴും കഴിയുന്നില്ല. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഇപ്പോഴും കുമിഞ്ഞുകൂടുകയാണ്. ഇത് ഒന്നിച്ച് നശിപ്പിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്്‌നങ്ങളാണ് വരുംനാളുകളിൽ നാട് നേരിടാനിരിക്കുന്നത്. പഞ്ചായത്തുകളിൽ മാലിന്യ ശേഖരണത്തിന് സംവിധാനങ്ങളുണ്ടെങ്കിലും ഇപ്പോഴും അതൊന്നും പ്രായോഗികമായല്ല നടക്കുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട ഏജൻസികൾ കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നത്. അവർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് ഭരണ സമിതികൾ മടിക്കുകയും ചെയ്യുന്നു.
റസാഖ് പയമ്പ്രോട്ടിനെ പോലെയുള്ളവരുടെ പ്രതിഷേധങ്ങൾ ഒറ്റപ്പെട്ട ശബ്ദങ്ങളായി നിലച്ചുപോകും. എന്നാൽ അത് നിലനിർത്തുന്ന പ്രതിധ്വനി സമൂഹത്തിൽ അവസാനിക്കാതെ തുടരും. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. അതിന് വെല്ലുവിളി ഉയരുന്ന സമയങ്ങളിൽ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്നത് വലിയ വിപത്തുകൾക്ക് ഒത്താശ നൽകുന്നതിന് തുല്യമാണ്. റസാഖിന്റെ മരണം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ക്രമക്കേടുകൾ കൊണ്ടും സ്വജനപക്ഷപാതം കൊണ്ടും നിയമ ലംഘനത്തെ പ്രോൽഹിപ്പിക്കുന്ന നിലപാട് ഭരണകൂടങ്ങൾക്ക് ചേർന്നതല്ല.
 

Latest News