റിയാദ് - അമേരിക്കയിലെ മസാച്ചുസെറ്റ്‌സിൽ ചികോബി നദിയിൽ ഒഴുക്കിൽപെട്ട രണ്ടു കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൗദി വിദ്യാർഥികൾ മുങ്ങിമരിച്ചു. സർക്കാർ സ്‌കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ജാസിർ ആലുറാകയും പിതൃസഹോദര പുത്രൻ ദീബ് അൽയാമിയുമാണ് മരണപ്പെട്ടത്. നദിയിൽ ഒഴുക്കിൽ പെട്ട അമേരിക്കൻ കുടുംബത്തിലെ രണ്ടു ബാലന്മാരെ രക്ഷിക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങിമരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ഒരാളുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയും രണ്ടാമത്തെയാളുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴരക്കും രക്ഷാപ്രവർത്തകർ കണ്ടെത്തി.
ഒഴുക്കിൽ പെട്ട അമേരിക്കൻ ബാലന്മാരെ രക്ഷപ്പെടുത്തുന്നതിന് ഇരുവർക്കും സാധിച്ചിരുന്നു. ഇതിനു ശേഷം നദിയിൽ നിന്ന് കയറാൻ ശ്രമിക്കവേ ഇരുവരും ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. അഞ്ചു വർഷമായി അമേരിക്കയിൽ സിവിൽ എൻജിനീയറിംഗിന് പഠിക്കുന്ന ഇരുവരും രണ്ടാഴ്ചക്കുള്ളിൽ പഠനം പൂർത്തിയാക്കാനിരിക്കുകയായിരുന്നു. മൂന്നു വർഷമായി ഇരുവരും കുടുംബങ്ങളെ കണ്ടിട്ടില്ല.






