സൗദിയില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ മാറ്റം

റിയാദ് - വാഹനങ്ങൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് ആയ ഏകീകൃത തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) പരിഷ്‌കരിച്ചു. പുതിയ പോളിസി ദുൽഹജ് പതിനഞ്ചു മുതൽ പ്രാബല്യത്തിൽവരും. ദുൽഹജ് പതിനഞ്ചിനു മുമ്പായി അനുവദിക്കുന്ന തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസികൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമായിരിക്കില്ല. 


പുതിയ പോളിസി പ്രകാരം അപേക്ഷകളിൽ പോരായ്മകളുള്ള പക്ഷം അതേ കുറിച്ച്, അപകടങ്ങളിൽ നഷ്ടപരിഹാരം തേടിയുള്ള ക്ലെയിമുകൾ ലഭിച്ച് മൂന്നു പ്രവൃത്തി ദിവസത്തിനകം വ്യക്തികളായ ഉപയോക്താക്കളെയും ഒമ്പതു പ്രവൃത്തി ദിവസത്തിനകം കമ്പനികളായ ഉപയോക്താക്കളെയും ഇൻഷുറൻസ് കമ്പനികൾ അറിയിക്കൽ നിർബന്ധമാണ്. 


നഷ്ടപരിഹാരം കണക്കാക്കുന്നതിന് വാഹനം പരിശോധിക്കുന്നതിന് വിദഗ്ധനെ നിയോഗിക്കേണ്ട പക്ഷം വ്യക്തികളിൽ നിന്ന് അപേക്ഷകൾ ലഭിച്ച് മൂന്നു പ്രവൃത്തി ദിവസത്തിനകവും കമ്പനികളിൽ നിന്ന് അപേക്ഷകൾ ലഭിച്ച് ഒമ്പതു പ്രവൃത്തി ദിവസത്തിനകവും വിദഗ്ധനെ കമ്പനികൾ ചുമതലപ്പെടുത്തിയിരിക്കണം. വ്യക്തികളുടെ ക്ലെയിമുകളിൽ പതിനഞ്ചു ദിവസത്തിനകവും കമ്പനികളുടെ ക്ലെയിമുകളിൽ നാൽപത്തിയഞ്ചു ദിവസത്തിനകവും യാതൊരു വിധ വിലപേശലുകളും നടത്താതെ നീതിപൂർവമായി കമ്പനികൾ ക്ലെയിമുകൾ തീർപ്പാക്കൽ നിർബന്ധമാണ്. 


നിശ്ചിത സമയത്തിനകം ക്ലെയിമുകൾ തീർപ്പാക്കാത്ത സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ ഉപയോക്താക്കൾക്ക് സാമക്കോ ഇൻഷുറൻസ് തർക്കങ്ങളിൽ തീർപ്പ് കൽപിക്കുന്ന പ്രത്യേക കമ്മിറ്റിക്കോ പരാതികൾ നൽകാവുന്നതാണ്. ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ കാലതാമസം വരുത്തുന്നതു മൂലം വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിന്റെ ഫലമായ അധിക ചെലവുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥമായിരിക്കും. ക്ലെയിമുകൾ പൂർണമായോ ഭാഗികമായോ നിരസിക്കുന്ന പക്ഷം അതിനുള്ള കാരണങ്ങൾ അപേക്ഷകരെ കമ്പനികൾ അറിയിക്കൽ നിർബന്ധമാണ്. 
നിയമ വിരുദ്ധമായ മാർഗത്തിൽ വാഹനങ്ങൾ ഉപയോഗിക്കൽ, പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കൽ, പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ളവർ വാഹനമോടിക്കൽ പോലുള്ള നിയമ ലംഘനങ്ങൾ മൂലമാണ് വാഹനാപകടങ്ങളുണ്ടായതെന്ന് തെളിഞ്ഞാൽ പോളിസി പ്രകാരം വിതരണം ചെയ്ത നഷ്ടപരിഹാരത്തുക ഉപയോക്താക്കളിൽ നിന്ന് തിരിച്ച് ഈടാക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾക്ക് പരിഷ്‌കരിച്ച പോളിസി അവകാശം നൽകുന്നുണ്ട്. മത്സരയോട്ടം, ഇൻഷുറൻസ് കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നതിന് കരുതിക്കൂട്ടി അപകടമുണ്ടാക്കൽ, വാഹനാഭ്യാസ പ്രകടനം നടത്തൽ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഒരുവിധ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. 

Latest News