ട്രെയിന്‍ ദുരന്തം; മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ ജീവനോടെ കണ്ടെത്തി പിതാവ്

കൊല്‍ക്കത്ത- ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചുവെന്ന് കരുതി തള്ളിയ മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് മകനെ ജീവനോടെ കണ്ടെത്തിയ പിതാവ് ആശുപത്രിയില്‍ പ്രാര്‍ഥനയുമായി കഴിയുന്നു. മരിച്ചുവെന്ന് കണക്കാക്കി ബാലസോറിലെ ഹൈസ്‌കൂള്‍ മുറിയില്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍നിന്നാണ് ബിശ്വജിത്ത് മാലിക് എന്ന 24കാരനെ കണ്ടെത്തി പിതാവ് ഹേലാറാം മാലിക്ക് കൊല്‍ക്കത്തയിലെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയ ബിശ്വജിത്ത് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.ട്രെയിന്‍ ദുരന്തത്തില്‍ അധികൃതരുടെ കടുത്ത അനാസ്ഥയുടെ ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കയാണ് ബിശ്വജിത്ത് മാലിക്.
ഹൗറയില്‍ കട നടത്തുന്ന ഹേലാറാം തന്നെയാണ് അപകടദിവസമായ വെള്ളിയാഴ്ച കോറമാണ്ഡല്‍ എക്‌സ്പ്രസില്‍ യാത്രപോകാന്‍  മകനെ ഷാലിമാര്‍ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടിരുന്നത്. മകന്‍ ട്രെയിന്‍ കയറി മണിക്കൂറുകള്‍ക്കകമായിരുന്നു ദുരന്തവാര്‍ത്ത. ഉടന്‍ മകനെ ഫോണില്‍ വിളിച്ചെങ്കിലും മറുതലക്കല്‍  ഞരക്കം മാത്രമായിരുന്നു. മകന് അപകടം പറ്റിയെന്ന് മനസ്സിലാക്കിയ അദ്ദേഹം  ആംബുലന്‍സ് ഡ്രൈവവറായ പലാഷ് പണ്ഡിറ്റിനെ വിളിച്ച് അപ്പോള്‍ തന്നെ ബാലസോറിലേക്ക് പുറപ്പെടുകയായിരുന്നു. ഭാര്യാസഹോദരന്‍ ദീപക് ദാസും ഒപ്പമുണ്ടായിരുന്നു. 230 കിലോമീറ്ററിലധികം ആംബുലന്‍സില്‍ യാത്ര ചെയ്ത് ബാലസോറിലെത്തിയ അദ്ദേഹം ആശുപത്രികളിലൊക്കെ മകനെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട ബഹനാഗ ഹൈസ്‌കൂളില്‍ എത്തുകയായിരുന്നു. മൃതദേഹങ്ങളില്‍ ഒന്നിന്റെ വലതു കൈ അനങ്ങുന്നുണ്ടെന്ന് ആരോ പറഞ്ഞു. പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന ബിശ്വജിത്തിന്റെതാണ് കൈ എന്ന് തിരിച്ചറിഞ്ഞതോടെ ആംബുലന്‍സില്‍ കയറ്റി ബാലസോര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ചില കുത്തിവയ്പുകള്‍ നല്‍കി. സ്ഥിതി ഗുരുതരമായതിനാല്‍ കട്ടക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മികച്ച ചികിത്സ ഉറപ്പുവരുത്താന്‍  പിതാവ് സ്വന്തം റിസ്‌കില്‍ ബോണ്ടില്‍ ഒപ്പിട്ട് കൊല്‍ക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റില്‍ എത്തിക്കുകയായിരുന്നു.

 

Latest News