റിയാദ് - റിയാദ് ഇറാന്‍ എംബസി നാളെ വീണ്ടും തുറക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ മാര്‍ച്ച് 10 ന് ഇരു രാജ്യങ്ങളും ബെയ്ജിംഗില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദിയിലെ പുതിയ ഇറാന്‍ അംബാസഡറായി നിയമിതനായ അലി രിദ ഇനായത്തിയുടെ സാന്നിധ്യത്തില്‍ നാളെ വൈകിട്ട് ആറിന് ഇറാന്‍ എംബസി വീണ്ടും തുറക്കും. ഇതിനു മുന്നോടിയായി എംബസി കെട്ടിടത്തില്‍ സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ കാലത്ത് കുവൈത്തിലെ ഇറാന്‍ അംബാസഡറായിരുന്ന അലി ഇനായത്തി നിലവില്‍ ഡെപ്യൂട്ടി വിദേശ മന്ത്രിയാണ്. ഇദ്ദേഹത്തെ സൗദിയിലെ പുതിയ ഇറാന്‍ അംബാസഡറായി നിയമിച്ചതായി സര്‍ക്കാര്‍ പത്രമായ ഇറാന്‍ ഡെയ്‌ലി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.