ഇസ്താംബൂള്‍- എട്ട് വയസ്സുകാരി മയാ മെര്‍ഹിയെ ഓര്‍മയുണ്ടോ. സിറിയന്‍ യുദ്ധത്തില്‍ ഭവനരഹിതരാവരെ പാര്‍പ്പിച്ച ഒരു ക്യാമ്പില്‍ പ്ലാസ്റ്റിക് പൈപ്പും ടിന് കാനുകളും കൊണ്ട് പിതാവ് ഒരുക്കിയ കൃത്രിമക്കാല്‍ ഉപയോഗിച്ച് നടക്കാന്‍ ശ്രമിക്കുന്ന ഇവളുടെ ചിത്രം ലോക മാധ്യമങ്ങളില്‍ വന്നിരുന്നു. സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ കൈയും കാലും നഷ്ടപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളും നിരവധിയാണെങ്കിലും മയാ മെര്‍ഹി അങ്ങനെയായിരുന്നില്ല. ജന്മനാ തന്നെ അവള്‍ക്ക് കാലുണ്ടായിരുന്നില്ല.
എ.എഫ്.പി വാര്‍ത്താ ഏജന്‍സി നല്കിയ ഫോട്ടോ കരുണയുള്ളവരുടെ ശ്രദ്ധ നേടിയപ്പോള്‍ ചികിത്സക്കായി ഈ കുട്ടിയെ തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കൊണ്ടുവന്നു. അവളുടെ ജീവിതം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്.
മയ മെര്‍ഹി നടക്കും- ഇസ്താംബൂള്‍ ക്ലിനിക്കില്‍ അവളെ ചികിത്സിക്കുന്ന കൃത്രിമകാല് വിദഗ്ധന്‍ ഡോ. മെഹ്്മത് സെകി കുള്‍കു പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ ഇനി മൂന്നു മാസം മതി.
മയയുടെ ജന്മസ്ഥലം അലപ്പോ ആണെങ്കിലും ഇസ്താംബൂളിലേക്ക് വരുന്നതിനു മുമ്പ് വടക്കന്‍ സിറിയിയലെ ഇദ്ലിബ് അഭയാര്‍ഥി ക്യാമ്പിലാണ് അവള് കഴിഞ്ഞിരുന്നത്. ലക്ഷണക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ നിരാലംബാരക്കപ്പെട്ടയാളുകള് ദുരിതം തിന്നുകഴിയുന്ന ക്യാമ്പുകളിലൊന്ന്.
കാല് ഛേദിക്കപ്പെട്ട നിലയില്‍ ജനിച്ച പിതാവ് മുഹമ്മദ് മെര്ഹയെന്ന 34 കാരനോടൊപ്പമാണ് നാടന്‍ വെപ്പുകാലുമായുള്ള മയയുടെ ചിത്രം പ്രചരിച്ചിരുന്നത്. അഭയാര്‍ഥി ക്യാമ്പില്‍ ഈ കുട്ടി അനുഭവിക്കുന്ന ദുരിതം ലോകത്തിന്റെ മുക്കുമൂലകളിലെത്തിയതിനു പിന്നാലെയാണ് തുര്‍ക്കി റെഡ് ക്രസന്റ് ഇടപെട്ടത്. പിതാവിനേയും മകളേയും അങ്ങനെ തുര്‍ക്കി അധികൃതര്‍ ഇസ്താംബൂളിലെ പ്രത്യേക ക്ലിനിക്കില്‍ എത്തിച്ചു.
പിതാവിനെ പോലെ മയക്കും എളുപ്പം നിരങ്ങി നീങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ശസ്ത്രക്രിയയില്‍ അവളുടെ കാല് കുറേക്കൂടി ചെറുതായതിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് പൈപ്പും കാനും ഉപയോഗിച്ച് കാലിനു നീളം കൂട്ടാന്‍ ശ്രമിച്ചതെന്ന് പിതാവ് മുഹമ്മദ് ഇസ്താംബൂൡലെ ക്ലിനിക്കില്‍ എ.എഫ്.പിയോട് പറഞ്ഞു. ഇദ്്ലിബില്‍ അഭയാര്‍ഥി ക്യാമ്പില്‍ അവള് ഒരേ ഇരിപ്പ് തുടങ്ങിയപ്പോഴായിരുന്നു അത്. വേദനിക്കാതിരിക്കാന്‍ സ്പോഞ്ച് വെച്ചാണ് പൈപ്പ് പിടിപ്പിച്ചിരുന്നത്. പ്ലാസ്റ്റിക് വേണ്ടത്ര ശക്തമല്ലാത്തതിനാല് ട്യൂണയുടെ രണ്ട് കാനുകളും ഘടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടന്‍ വെപ്പു കാല് ഉപയോഗിച്ച് ക്യാമ്പിനു പുറത്തുള്ള സ്കൂളില്‍ പോകാനും മയക്ക് സാധിച്ചിരുന്നു. ടിന്നുകള്‍ ആഴ്ചയിലൊരിക്കലും പ്ലാസ്റ്റിക് പൈപ്പ് മാസത്തിലൊരിക്കലും മാറ്റുമായിരുന്നു. മുഹമ്മദിന് അഞ്ച് മക്കളുണ്ടെങ്കിലും മറ്റു കുട്ടികള്‍ക്ക് കുഴപ്പമില്ല.
മുഹമ്മദിനും തുര്‍ക്കി ക്ലിനിക്കില്‍ കൃത്രിമ കാല് തയാറാകുന്നുണ്ടെങ്കിലും മകളുടെ കാര്യത്തില്‍ മാത്രമാണ് തനിക്ക് ആധിയെന്ന് അദ്ദേഹം പറഞ്ഞു. അവള് നടക്കുന്നതാണ് പ്രധാനം. അവള് സ്വന്തം കാര്യങ്ങള്‍ ചെയ്യാനായാല്‍ അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും പുതിയൊരു ജീവിതമായിരിക്കും-അദ്ദേഹം പറഞ്ഞു. അവള് സ്കൂളിലേക്ക് നടന്നുപോകുന്നതും പ്രായസമില്ലാതെ തിരിച്ചുവരുന്നതും കാണാന്‍ കാത്തിരിക്കയാണ് ഞാന്‍. അതു മാത്രമാണ് ഇപ്പോള്‍ എന്റെ സ്വപ്നം-മുഹമ്മദ് മെര്‍ഹി പറഞ്ഞു.
ടിന് കാലുമായി മയ നടക്കുന്ന ചിത്രം തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്ന് ഡോ. കുള്‍കു പറഞ്ഞു. സഹായം നല്കാന് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇത് എന്റെ ചെലവിലാണ്-അദ്ദേഹം പറഞ്ഞു.






