സൗദിയില്‍ പെയ്ഡ് പാര്‍ക്കിംഗുകളില്‍ 20 മിനിറ്റ് സൗജന്യം അനുവദിക്കാന്‍ നീക്കം

ജിദ്ദ - വ്യാപാര സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഓഫീസുകളോടും മറ്റും ചേര്‍ന്ന പെയ്ഡ് പാര്‍ക്കിംഗുകളില്‍ ഉപയോക്താക്കള്‍ക്ക് 20 മിനിറ്റ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചുകൊണ്ട് പുതിയ നിയമാവലി നടപ്പാക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയം ആലോചിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും പാര്‍ക്കിംഗുകള്‍, സ്വതന്ത്ര പാര്‍ക്കിംഗുകള്‍, ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് എന്നീ മൂന്നിനം പാര്‍ക്കിംഗുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നിയമാവലി അനുവദിക്കുന്നു. പെയ്ഡ് പാര്‍ക്കിംഗുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സിന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയത്തെ സമീപിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ്, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവയുടെ അനുമതി നേടല്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും പെയ്ഡ് പാര്‍ക്കിംഗുകളില്‍ വികലാംഗര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമായിരിക്കണമെന്നും കരടു നിയമാവലി പറയുന്നു.
പെയ്ഡ് പാര്‍ക്കിംഗിന്റെ വിസ്തൃതി വ്യക്തമാക്കി, എന്‍ജിനീയറിംഗ് ഓഫീസ് തയാറാക്കി അംഗീകരിച്ച പ്ലാന്‍, സ്ഥാപന നിര്‍മാണത്തിനുള്ള നഗരസഭാ ലൈസന്‍സ്, ലൈസന്‍സില്‍ അംഗീകരിച്ച പാര്‍ക്കിംഗുകളുടെ എണ്ണം 50 ല്‍ കുറവാകാതിരിക്കല്‍, വസ്തു പ്രമാണം-അല്ലെങ്കില്‍ കാലാവധിയുള്ള വാടക കരാര്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ എന്നിവ പെയ്ഡ് പാര്‍ക്കിംഗുകള്‍ സ്ഥാപിക്കാനുള്ള വ്യവസ്ഥകളാണ്.
പെയ്ഡ് പാര്‍ക്കിംഗുകളില്‍ ആസ്‌ബെറ്റോസ് ഉപയോഗിച്ചുള്ള ഏതൊരു വസ്തുവും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പാര്‍ക്കിംഗുകളുടെ മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റോ, തീപ്പിടിക്കാത്ത സമാന വസ്തുക്കളോ ഉപയോഗിച്ചാണ് നിര്‍മിക്കേണ്ടത്. മുഴുവന്‍ പാര്‍ക്കിംഗുകളിലും നിരീക്ഷണ ക്യാമറകളുടെ കവറേജ് ഉണ്ടായിരിക്കണം. ഓട്ടോമേറ്റഡ് പാര്‍ക്കിംഗുകളും സ്വതന്ത്ര പാര്‍ക്കിംഗുകളും പ്രവര്‍ത്തിപ്പിക്കുന്ന സമയത്തു മുഴുവന്‍ ഒരു നിരീക്ഷകനെ നിയമിക്കലും നിര്‍ബന്ധമാണ്.
ബഹുനില പാര്‍ക്കിംഗുകളില്‍ എമര്‍ജന്‍സി എക്‌സിറ്റുകളുണ്ടായിരിക്കണം. കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സമഗ്ര ഇലക്‌ട്രോണിക് സംവിധാനം പാര്‍ക്കിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ ഏര്‍പ്പെടുത്തണം. പാര്‍ക്കിംഗ് ടിക്കറ്റ് സ്വീകരിച്ച ശേഷം വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഇലക്‌ട്രോണിക് ഗെയ്റ്റുകള്‍ സ്ഥാപിക്കുകയും ക്യാഷ് പെയ്‌മെന്റ്, ഇലക്‌ട്രോണിക് പെയ്‌മെന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വേണം. പാര്‍ക്കിംഗിനുള്ള നഗരസഭാ ലൈസന്‍സ് എളുപ്പത്തില്‍ കാണുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കമെന്നും ജീവനക്കാര്‍ യൂനിഫോം പാലിക്കണമെന്നും വ്യവസ്ഥകളുണ്ട്. പെയ്ഡ് പാര്‍ക്കിംഗുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഫുട്പാത്തുകളും സമീപത്തെ പൊതുസ്ഥലങ്ങളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

 

Latest News