പരിസ്ഥിതിയെ കുറിച്ചും ഭൂമിയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും അപ്പപ്പോഴായി നമ്മെ ഓർമിപ്പിച്ചുകൊണ്ട് ഓരോ വർഷവും ലോക പരിസ്ഥിതി ദിനം കടന്നു വരുന്നു. പരിസ്ഥിതിയുടെ അനിവാര്യമായ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി നാശം ഒരു രാജ്യത്തേയും ജനതയേയും എങ്ങനെ തകർക്കുമെന്നും ഈ ദിനം നമ്മെ അനുസ്മരിപ്പിക്കുന്നു.
മരങ്ങളുടെയും കാടുകളുടെയും സംരക്ഷണം ഉറപ്പ് വരുത്തുക അതുവഴി കാലാവസ്ഥ വ്യതിയാനം തടയുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. വർഷം തോറും ഉണ്ടാവുന്ന ഓക്‌സിജന്റെ അളവും കാടുകളുടെ കുറവും ഇതിനു പ്രധാന കാരണമാണ്. അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ നൈട്രസ് ഓക്‌സൈഡ് ,ക്ലോറോ ഫഌറോ എന്നീ വാതകങ്ങളുടെ അളവ് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതുവഴി ആഗോള താപനം ഉണ്ടാകുന്നു. ഇത് നമുക്കും നമ്മുടെ ഭൂമിക്കും വളരെ ദേഷകരമാണ്. കാലാവസ്ഥ വ്യതിയാനം, താപനില വർധന, സുനാമികൾ, കൊടുങ്കാറ്റുകൾ തുടങ്ങിയവ മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നു. അതിന്റെ ദുരിതങ്ങൾ മനുഷ്യൻ ഒരുപാടനുഭവിച്ചു. പ്രകൃതിയിൽ സംഭവിച്ച ഇത്തരം മാറ്റങ്ങൾ കാരണം മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായ ചുറ്റുപാടിൽ നിന്ന് ഒരു തിരിച്ചുപോക്കിനെ കുറിച്ച് നാം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ വരുംതലമുറക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാകും. കുളങ്ങളും നീർച്ചാലുകളും തടാകങ്ങളും പുഴകളും അതിന്റെ വിശുദ്ധിയോടെ നിലനിർത്താൻ സമൂഹം ഒറ്റകെട്ടാകണം. നല്ല വെള്ളത്തിലും വായുവിലും ജീവിതം പുതുക്കിയെടുക്കാം. പ്രകൃതിയുടെ നിത്യമായ യൗവനത്തിലാണ് നിങ്ങളുടെ നിലനിൽപ് -പ്രശസ്ത അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ ജോൺ മുയറിന്റെ വാക്കുകൾ ഒരു പ്രകൃതി സ്‌നേഹി എന്ന നിലയിൽ ഉദ്ധരിച്ച് പറയാതെ വയ്യ. പുതിയ കാലത്തെ മനുഷ്യന്റെ ജീവിത രീതികൾ മനുഷ്യന്റേതെന്ന് മാത്രമല്ല, സർവ ജീവികളുടെയും പ്രകൃതിയുടെ തന്നെയും നിലനിൽപിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് ആ സത്യം മനുഷ്യൻ ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു.
എന്തെങ്കിലും തരത്തിൽ പരിഹാരം കണ്ടേ പറ്റൂ എന്ന ചോദ്യത്തിന് മുന്നിലാണ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വർധിക്കുന്നത്. ഇതിനായുളള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. ചർച്ചകളിലൂടെ കണ്ടെത്തുന്നവ പരിസ്ഥിതി ദിനത്തിൽ മാത്രമൊതുക്കാതെ ദൈനംദിന ജീവിതത്തിൽ കർശനമായി നടപ്പാക്കിയാൽ മാത്രമേ ശ്വസിക്കാൻ ശുദ്ധവായുവും ഗുണമേന്മയുള്ള മണ്ണും ഉണ്ടാകുകയുള്ളൂ. എല്ലാവിധത്തിലും മനോഹരമായ ഈ ഭൂമിയെ അതിന്റെ ഊർജത്തോടെ, സഹജമായ ആത്മവീര്യത്തോടെ സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമയോടെ കൈകോർക്കാം. മണ്ണിനേയും ചെടിയേയും മരങ്ങളേയും കാടുകളേയും പുഴകളേയും സംരക്ഷിക്കാം. ഭൂമിയുടെ നിലനിൽപിന് അത്യാവശ്യമായ ദൈവസമ്പത്തിനെ ജീവവായു പോലെ സംരക്ഷിക്കുകയെന്നത്് ഓരോ പൗരന്റേയും ഉത്തരവാദിത്തവും കടമയുമാണ്.






