സി.പി.ഐ നേതാവ് സി. ദിവാകരൻ എവിടെ എത്തിയാലും സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധേയനാകുന്ന വ്യക്തിയാണ് -നല്ല എടുപ്പും നടപ്പും. ജി. കാർത്തികേയന്റെ മകൻ ശബരീനാഥൻ പണ്ട് വെളിപ്പെടുത്തിയത് ശരിയാണെങ്കിൽ ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മുന്തിയ ബ്രാന്റ് ഷർട്ട് ധരിക്കുന്ന നേതാക്കളിൽ ഒരാൾ. തെരഞ്ഞെടുപ്പ് രംഗത്തെ പ്രവർത്തനം കണ്ടാൽ ഇദ്ദേഹമല്ലാതെ മറ്റാരും ആ മത്സരത്തിൽ ജയിക്കില്ലെന്ന് തോന്നും. അങ്ങനെയായിരിക്കും ചെറിയ പ്രചാരണ സ്ഥലത്തു പോലുമുള്ള അന്തരീക്ഷം. നിയമസഭ പ്രസംഗങ്ങൾക്കുമുണ്ടായിരുന്നു ഈ പറഞ്ഞ പ്രത്യേക രീതികളൊക്കെ. ഗ്രന്ഥങ്ങളൊക്കെ കൈയിലെടുത്തുളള നിൽപിനൊരു വെളിയം സ്റ്റൈലും തോന്നാറുണ്ട്. പറഞ്ഞു ഫലിപ്പിക്കാൻ കഴിയണമെന്നൊന്നുമില്ല- ഒരു പെർഫോമൻസ്, അത്ര തന്നെ. ദിവാകരൻ സഭയിൽ കൊണ്ടുവരുന്ന പുസ്തകങ്ങൾ ഓടിച്ചെന്ന് വാങ്ങിനോക്കാനും ഒരാളുണ്ടായിരുന്നു -എം.സ്വരാജ്. രണ്ടു പേരും ഇപ്പോൾ സഭയിലില്ല. എം. സ്വരാജ് തോറ്റുപോയി. ദിവാകരന് പാർട്ടി സീറ്റ് കൊടുത്തില്ല. പ്രായം എന്നൊക്കെ പറയുമെങ്കിലും കാരണം അതൊന്നുമായിരിക്കില്ലെന്ന് സി.പി.ഐയെയും ദിവാകരനെയും ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും- ഒരു വെട്ട്, രണ്ട് കഷ്ണം എന്ന സ്വഭാവക്കാരൻ. സി. ദിവാകരനും കെ.ഇ. ഇസ്മായിലുമൊക്കെ നിയമസഭയിലുണ്ടായിരുന്നെങ്കിൽ അവരുടെ തലയെടുപ്പിന് മുന്നിൽ ആരെല്ലാം ചെറുതായിപ്പോകുമായിരുന്നുവെന്ന് ഇപ്പോഴൊന്നാലോചിച്ചു നോക്കിയാൽ മതി- ഇവരെല്ലാം ഒതുങ്ങിപ്പോകാനുള്ള കാരണം മനസ്സിലാകും. ആത്മകഥയാണ് ദിവാകരനെ വീണ്ടും ശ്രദ്ധയിലെത്തിച്ചത്. ദിവാകരന്റെ ആത്മകഥ പ്രകാശനച്ചടങ്ങ് ശ്രദ്ധിച്ചാൽ തന്നെ ഒരു കാര്യം ബോധ്യപ്പെടും- ഒഴിഞ്ഞുമാറൽ ലൈനിലായിരുന്നു ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും. പുസ്തകം എങ്ങനെ ചെലവാകുമെന്ന് പ്രസിദ്ധീകരണ സ്ഥാപനം നടത്തുന്ന ദിവാകരനറിയാമല്ലോ എന്നായിരുന്നു കാനത്തിന്റെ നിർദേശമെന്ന് തോന്നാവുന്ന പ്രതികരണം. ഇത് കേട്ടാൽ തോന്നും, ദിവാകരൻ മറ്റേതോ പുസ്തകക്കച്ചവട സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന്.
സി.പി.ഐയുടെ സ്ഥാപനമായ പ്രഭാത് ബുക്‌സിന്റെ ചാർജാണ് ദിവാകരന്. ഒതുക്കലിന്റെ ഭാഗമായി പാർട്ടി കൊടുത്ത ഇടം. ദിവാകരൻ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, അവസരം ഉപയോഗപ്പെടുത്തി കൂടുതൽ ശ്രദ്ധേയനുമായിരിക്കുന്നു. സി.പി.ഐയെയും സി.പി.എമ്മിനെയും ഇടതുമുന്നണിയെ ആകെ തന്നെയും പ്രതിസന്ധിയിലാക്കുന്ന പരാമർശമാണ് ദിവാകരന്റെ പുസ്തകത്തിലുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ മുഖ്യ കാരണങ്ങളിലൊന്നായ സോളാർ കേസുമായി ബന്ധപ്പെട്ടാണ് ദിവാകരന്റെ പുസ്തകത്തിലെ പരാമർശം.
സോളാർ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാകുണാ' റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നാണ് സി.പി.ഐയുടെ പ്രമുഖ നേതാവായ ദിവാകരൻ എഴുതിവെച്ചിരിക്കുന്നത്. ഈ പറഞ്ഞ കണാകുണയിലാണ് ഒന്നാം പിണറായി സർക്കാർ കേസെടുത്തത്. ഇടതുപക്ഷത്തിന്റെ ഈ വിഷയത്തിലെ എല്ലാ സമര പോരാട്ടങ്ങളെയും റദ്ദ് ചെയ്യുന്ന നിലപാടാണിത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുസ്്തകം പ്രകാശനം ചെയ്്തത്. താൻ പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിലെന്താണെന്ന് മുഖ്യമന്ത്രി അറിയാത്തതൊന്നുമായിരിക്കില്ല. ദിവാകരന്റെ വെളിപ്പെടുത്തൽ പുതിയ സാഹചര്യത്തിൽ തന്റെ മുന്നണിക്കും പാർട്ടിക്കും ദോഷമൊന്നും വരുത്തില്ലെന്ന് തന്ത്രശാലിയായ പിണറായി വിജയൻ മനസ്സിലാക്കിയിരിക്കണം. ആത്മകഥയെഴുതിയത് ഞാനല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒഴുക്കൻ മട്ടിലുള്ള ഒഴിഞ്ഞുമാറൽ.
സോളാർ വിവാദം കത്തിനിന്നപ്പോൾ രാജിവെച്ചു പോകാൻ ഉമ്മൻ ചാണ്ടി തയാറായിരുന്നുവെന്ന് ദിവാകരൻ പറയുന്നുണ്ട്. തിരുവഞ്ചൂരും മറ്റും സമ്മതിച്ചില്ല.
കമ്മീഷന്റെ മുന്നിൽ ഉമ്മൻ ചാണ്ടി മണിക്കൂറുകളോളം വിചാരണക്ക് ഇരുന്നു കൊടുത്ത അനുഭവമൊക്കെ കേരളത്തിന് മുന്നിൽ തെളിമയോടെ കിടക്കുന്നു. സോളാറിനേക്കാളെല്ലാം എത്രയോ ഗുരുതരമായ സംഗതികൾ ഉണ്ടായിട്ടും ഇന്ന് ആർക്കെങ്കിലും വല്ല അനക്കവുമുണ്ടോ. സോളാർ സമരം എല്ലാ നിയന്ത്രണങ്ങളും വിട്ടപ്പോഴായിരുന്നു ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. സെക്രട്ടറിയേറ്റ് ഉപരോധ സമരം തീർക്കാനായി താൻ ഇടതു പക്ഷക്കാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ വെളിപ്പെടുത്തുന്നുണ്ട്. സമരം നിയന്ത്രണം വിടുമെന്നതിനാൽ വേഗം തീർക്കണമെന്ന നിർദേശം ഇടതുപക്ഷത്തു നിന്നുണ്ടായി എന്നാണ് തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തൽ.
ഏതോ തരത്തിലുള്ള ധാരണ അന്ന് ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ദിവാകരൻ പറയുന്നുണ്ട്. എന്താണ് ധാരണ എന്ന് ദിവാകരനും അറിയില്ലെന്ന വാദത്തിൽ എത്രമാത്രം ശരിയുണ്ട് എന്നറിയില്ല. സമരം വിചാരിക്കാത്ത സമയത്താണ് അവസാനിച്ചത്. എന്തോ ധാരണ ആ സമയത്ത് ഉണ്ടായി. താനെല്ലാം ആ സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നുവെന്ന് ദിവാകരൻ പറഞ്ഞപ്പോൾ അദ്ദേഹമൊക്കെ അന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ രാത്രിയിലും പുതച്ചു മൂടിക്കിടക്കുന്ന രംഗം മലയാളികളുടെ മനസ്സിലെത്തും.
വർഷങ്ങൾക്കിപ്പുറം ഈ വെളിപ്പെടുത്തലെല്ലാം പുറത്ത് വരുമ്പോൾ പക്ഷേ ആർക്കെന്ത് പ്രയോജനം എന്ന ചോദ്യമുയരാം. സംശയമൊന്നും വേണ്ട, ഈ സംഭവങ്ങളിൽ നിന്നും രാഷ്ട്രീയ തീ കത്തിച്ചു നിർത്താൻ കഴിവുള്ളയാളാണ് പിണറായി വജയൻ. വല്ലഭന് എല്ലാ പുല്ലും ആയുധമാണ്.
ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ കൈക്കൂലി വാങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയെന്ന സി.പി.ഐയുടെ സമുന്നത നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിക്കെതിരായ ആരോപണം വ്യാജമാണെന്നും അതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്ന് ഞങ്ങൾ ഉന്നയിച്ചതാണ്. അത് സത്യമാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സി.പി.ഐ നേതാവ് ദിവാകരനിലൂടെ പുറത്ത് വന്നത്. ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തത്. ആ റിപ്പോർട്ട് തന്നെ തട്ടിക്കൂട്ടാണെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞിരുന്നു. ജനപ്രിയനായ നേതാവിനെ സമൂഹ മധ്യത്തിൽ അപമാനിക്കാൻ ഒത്തുകളിച്ച ശക്തികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് ഹസൻ ആവശ്യപ്പെടുന്നു.
ജസ്റ്റിസ് ജി. ശിവരാജന്റെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തിലൂടെ ഹസൻ ജുഡീഷ്യറിയെയും കയറിപ്പിടിച്ചിട്ടുണ്ട്. ദിവാകരന്റെ അഭിപ്രായമായി മാത്രം ഇതിനെ തള്ളിക്കളായാനാവില്ലെന്നാണ് യു.ഡി.എഫ് കൺവീനറുടെ വാദം. പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ തിരുവഞ്ചൂർ ആ റിപ്പോർട്ടിനെക്കുറിച്ച് കേരളത്തിൽ ഒരാൾക്കും മതിപ്പുണ്ടായിരുന്നില്ലെന്ന് ആവർത്തി്ച്ചിട്ടുണ്ട്. പണ്ട് ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെക്കുറിച്ച് സി. ദിവാകരൻ പറഞ്ഞ കാര്യം അന്ന് പത്രങ്ങളിൽ വന്നിരുന്നു. ഈ നിലക്കാണ് ഉമ്മൻ ചാണ്ടി മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിൽ ഇടതുപക്ഷം എന്നൊന്ന് ഉണ്ടാകില്ല എന്നതായിരുന്നു അന്ന് ദിവാകരൻ പറഞ്ഞതിന്റെ ഉള്ളടക്കം. എന്തായാലും കോൺഗ്രസ്മുക്ത കേരളവും ഉമ്മൻ ചാണ്ടിമുക്ത കോൺഗ്രസുമൊക്കെ സൃഷ്ടിച്ചെടുക്കാൻ ഈ പറഞ്ഞ സംഗതികൾ കാരണമായി. രാഷ്ട്രീയ ധാർമികത എന്നതിനൊക്കെ ഒരു വിലയുമില്ലാതായ കാലത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും. അനുഭവിച്ചു തീർക്കുക, അത്ര തന്നെ.






