തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ-ഫോണ്‍ ഇന്ന് യാഥാര്‍ത്ഥ്യമാകും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി ഇന്ന് വൈകുന്നേരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും. അതേസമയം കെ-ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫ് തീരുമാനം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി. 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെ-ഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.