Sorry, you need to enable JavaScript to visit this website.

വിദേശഫണ്ട് പിരിവ്: വി.ഡി. സതീശനെ പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ്

കൊച്ചി- നോർത്ത് പറവൂർ മണ്ഡലത്തിൽ നടത്തിയ പ്രളയദുരിതാശ്വാസത്തിന് വിദേശത്തുനിന്ന് അനധികൃതമായി ഫണ്ട് പിരിവ് നടത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനാൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയിൽ സർക്കാർ എടുക്കാൻ പോകുന്ന തീരുമാനമാകും നിർണായകമാകുക.
2020 നവംബറിലാണ് സതീശനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയത്. 2018ലെ പ്രളയത്തിന് പിന്നാലെ പറവൂർ എം.എൽ.എ എന്ന നിലയിൽ വി.ഡി. സതീശൻ ആവിഷ്‌കരിച്ച 'പുനർജനി: പറവൂരിന് പുതുജീവൻ' എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. വി.ഡി. സതീശൻ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിമാർക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻപോലും കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തിൽ എം.എൽ.എ മാത്രമായ വി.ഡി. സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഈ പശ്ചാത്തലത്തിൽ ഉയർന്നു. വിദേശരാജ്യങ്ങളിൽനിന്ന് പണപ്പിരിവ് നടത്താൻ 2017-2020 കാലത്ത് സതീശന് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എസ്. രാജേന്ദ്രപ്രസാദ്, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്‌സൺ പാനികുളങ്ങര എന്നിവരാണ് വി.ഡി. സതീശനെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണവുമായി രംഗത്തുവന്നത്. 2018ലെ പ്രളയബാധിതർക്ക് വീട് നിർമിക്കുന്നതിന് വി.ഡി. സതീശനും മണ്ഡലത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ചില പ്രതിനിധികളും ചേർന്നു രൂപീകരിച്ച പുനർജനി എന്ന സംഘടനയുടെ പേരിൽ ഇംഗ്ലണ്ടിൽ നിന്നടക്കം നിയമം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചെന്നായിരുന്നു പ്രധാന ആരോപണം. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം കൈമാറിയെന്നാണ് ആരോപണം. ബർമിങ്ഹാമിൽ പണം ആവശ്യപ്പെട്ട് വി.ഡി. സതീശൻ പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആരോപണം ഉയർന്നപ്പോൾ, പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ല. അനധികൃതമായി വിദേശത്തുനിന്ന് കോടികൾ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച് വീടുകൾ നിർമിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. സന്നദ്ധസംഘടനകളും സ്വകാര്യ വ്യക്തികളും സ്‌പോൺസർ ചെയ്ത തുക ഉപയോഗിച്ച് നിർമിച്ച വീടുകൾക്ക് പുനർജനി എന്ന് പേര് നൽകുകയായിരുന്നുവെന്നും പരാതിക്കാർ പറഞ്ഞു. 


 

Latest News