മകളെ സിനിമാനടിയാക്കാന്‍ ശരീരവളര്‍ച്ചയ്ക്കുള്ള  ഹോര്‍മോണ്‍ ഗുളികകള്‍ അമ്മ പതിവായി നല്‍കി

വിശാഖപട്ടണം- സിനിമയില്‍ അഭിനയിപ്പിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി അമ്മ ശരീരവളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ 16കാരിയാണ് അമ്മയുടെ ചൂഷണത്തിന് ഇരയായിരുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി പെണ്‍കുട്ടി ശരീരവളര്‍ച്ച കൂടുന്നതിനുള്ള ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നു. അവസാനം ഗതികെട്ട് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. ഈ ഗുളികകളുടെ പാര്‍ശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.'ശരീര വളര്‍ച്ച കൂടുന്നതിനായി ചില ഗുളികകള്‍ കൂടുതല്‍ അളവില്‍ അമ്മ നല്‍കിയിരുന്നു. അത് കഴിക്കുമ്പോഴൊക്കെ എന്റെ ബോധം പോകും. അടുത്ത ദിവസം ശരീരം വീര്‍ത്ത് വരും. വളരെയധികം വേദന അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇക്കാരണത്താല്‍ പഠിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഗുളിക കഴിക്കില്ലെന്ന് പറഞ്ഞാല്‍ അമ്മ ഉപദ്രവിക്കും. ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്ന് വരെ ഭീഷണിപ്പെടുത്താറുണ്ട്.'- പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.സിനിമയില്‍ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിര്‍മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാന്‍ അമ്മ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ വിവാഹമോചനം നേടിയ ശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ ഇവര്‍ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മരിച്ചു.വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോയത്. ആദ്യം 112ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം തേടിയെങ്കിലും അവര്‍ പ്രതികരിച്ചില്ല. പിന്നീടാണ് ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ചതെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കേസാലി അപ്പാറാവു അറിയിച്ചു. ബാലാവകാശ കമ്മിഷന്‍ പോലീസിനെയും വിവരം ധരിപ്പിച്ചതോടെ കേസെടുത്തതായി പോലീസും അറിയിച്ചു.

Latest News