ട്രാഫിക് ലംഘനങ്ങളുടെ ഫോട്ടോകള്‍ കാണാം; സൗദിയില്‍ ബ്ലാക് പോയിന്റും വരുന്നു

റിയാദ് - സൗദിയില്‍ തങ്ങള്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും നിയമ ലംഘനങ്ങള്‍ നടത്തിയ സ്ഥലങ്ങളും കാണുന്നതിന് നിയമ ലംഘകര്‍ക്ക് ലോകത്ത് എവിടെ നിന്നും സാധിക്കുന്ന പുതിയ സംവിധാനം വികസിപ്പിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് ശ്രമം തുടങ്ങി. പുതിയ സേവനം മാസങ്ങള്‍ക്കുള്ളില്‍ നിലവില്‍വരുമെന്നാണ് കരുതുന്നത്. ഗതാഗത നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ കണ്ട ശേഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ ഓണ്‍ലൈന്‍ വഴി വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിനും നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതിന്റെ നിയമ സാധുത അംഗീകരിച്ച് പിഴകള്‍ ഒടുക്കുന്നതിനും നിയമ ലംഘകര്‍ക്ക് അവസരമുണ്ടാകും. ട്രാഫിക് നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുന്നതിന് ശ്രമിച്ചാണ് പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കുന്നത്.
 
നിയമ ലംഘകര്‍ക്ക് ബ്ലാക് പോയിന്റുകള്‍ നല്‍കുന്ന രീതിയും ഭാവിയില്‍ ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കും. ഇതനുസരിച്ച് ഒരു വര്‍ഷത്തിനിടെ നിശ്ചിത എണ്ണം ബ്ലാക് പോയിന്റുകള്‍ ലഭിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ട്രാഫിക് ഡയറക്ടറേറ്റ് പിന്‍വലിക്കുകയും അവര്‍ക്ക് ഡ്രൈവിംഗ് സ്‌കൂളുകളില്‍ വീണ്ടും പരിശീലനം നിര്‍ബന്ധമാക്കുകയും ചെയ്യും. സൗദിയില്‍ അഞ്ചു പ്രവിശ്യകളില്‍ വിമന്‍സ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റും വിദ്യാഭ്യാസ മന്ത്രാലയവും ദിവസങ്ങള്‍ക്കു മുമ്പ് കരാര്‍ ഒപ്പുവെച്ചിരുന്നു. ജിസാന്‍, ഹായില്‍, അല്‍ജൗഫ്, നജ്‌റാന്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളിലാണ് പുതുതായി വിമന്‍സ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ ഈ പ്രവിശ്യകളില്‍ വിമന്‍സ് ഡ്രൈവിംഗ് സ്‌കൂളുകളില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ തത്‌വീര്‍ എജ്യുക്കേഷന്‍ ഹോള്‍ഡിംഗ് കമ്പനിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ സാങ്കേതിക പിന്തുണകള്‍ ട്രാഫിക് ഡയറക്ടറേറ്റ് നല്‍കും.

Latest News