ഗിൽ- എല്ലാം ശുഭം

ഷോമാൻമാർക്ക് തിളങ്ങാൻ എല്ലായ്‌പോഴും വമ്പൻ വേദികൾ വേണം. ക്രിക്കറ്റിലെ ഷോമാനാണ് ശുഭ്മൻ ഗിൽ. ഗുജറാത്ത് ടൈറ്റൻസിന്റെ ഫൈനലിലേക്കുള്ള കുതിപ്പിന് ചുക്കാൻ പിടിച്ചത് ഈ പഞ്ചാബുകാരനാണ്. അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ കശക്കിയെറിഞ്ഞത് ഗില്ലായിരുന്നു. അത് മുംബൈ ഇന്ത്യൻസിന് പ്ലേഓഫിലേക്ക് വഴിയൊരുക്കി. ഗില്ലിന്റെ അടുത്ത പ്രഹരം മുംബൈക്കെതിരെയായിരുന്നു. അത് ഗുജറാത്തിന് ഫൈനലിൽ സ്ഥാനം നേടിക്കൊടുത്തു. 60 പന്തിലെ 129 ഈ സീസണിലെ ഗില്ലിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ്. 
സമീപകാലം വരെ ഗിൽ ഇങ്ങനെയായിരുന്നില്ല. സാവധാനം തുടങ്ങുകയും റൺസ് വാരിക്കൂട്ടുകയും ചെയ്യുന്നതായിരുന്നു രീതി. എല്ലാ പന്തുകളും അടിക്കാൻ ശ്രമിക്കാതെ തന്നെ എളുപ്പം റൺസ് നേടുന്ന ഗില്ലിനെയാണ് ഈ സീസൺ കണ്ടത്. ആ ശൈലി സാഹസികമാണ്. എന്നിട്ടും വിജയിക്കണമെങ്കിൽ അസാധാരണ ആത്മവിശ്വാസം വേണം. 
അലസ സൗന്ദര്യമാണ് ഗില്ലിന്റെ ബാറ്റിംഗിന്റെ ശക്തി. ലാളിത്യത്തിന്റെ ഒഴുക്കാണ് അത്. ഒരു ഫ്രെയിമിൽ നിന്ന് മറ്റൊരു ഫ്രെയമിലേക്ക് നീങ്ങുന്ന സിനിമ പോലെ. ഉറച്ച നിൽപ്, ഉയർത്തിയ തല, ചുരുങ്ങിയ ചലനങ്ങളിൽ അമിതമല്ലാത്ത ബാക്ക്‌ലിഫ്റ്റ്, ചടുലമായ ഫൂട്ട് വർക്ക്.. എല്ലാം കോച്ചിംഗ് മാന്വലിൽ പറയുന്നതു പോലെ. എല്ലാത്തിനുമുപ്പറം ശാന്തതയും സംയമനവും. ഒരു ധിറുതിയുമില്ലാത്ത നീക്കങ്ങൾക്കൊടുവിൽ പന്തിനെ ഉദ്ദേശിച്ചിടത്തേക്ക് പറഞ്ഞുവിടാൻ ഗില്ലിന് സാധിക്കും. മനസ്സിലുള്ള വ്യക്തതയാണ് ആ ബാറ്റിംഗിൽ പ്രകടമാവുന്നത്. 
ഗില്ലിന്റെ ഭയലേശമെന്യേയുള്ള സിക്‌സ് ഹിറ്റിംഗാണ് ആർ.സി.ബിയെ പാക്ക് ചെയ്യാൻ ഗുജറാത്തിനെ സഹായിച്ചത്. ഗിൽ ഒരവസരം നൽകി, മുപ്പതിലുള്ളപ്പോൾ. ടിം ഡേവിഡ് അത് കൈവിട്ടു. ഓരോ മത്സരത്തിലും ബാറ്റിംഗിന്റെ ഓരോ ഇതളുകളാണ് ഗിൽ അനാവരണം ചെയ്തത്. 
ഇനിയുമൊന്ന് സാധ്യമല്ലെന്നു തോന്നിയ ഘട്ടങ്ങളിൽ പുതിയതൊന്നുമായി ഓപണർ അവതരിച്ചു. മുംബൈയുടെ കാമറൂൺ ഗ്രീൻ എറിഞ്ഞ 140 കിലോമീറ്റർ വേഗത്തിലുള്ള പന്ത് സിക്‌സറിനുയർത്തിയത് അതുപോലെയൊന്നാണ്. ക്രീസിനു പുറത്തേക്കുള്ള ആ നീക്കത്തിനിടെ ബാറ്റിന്റെ പൊസിഷൻ ഗിൽ മാറ്റി. അത് കൊതുകിനെ കൊല്ലുന്ന ബാറ്റ് പോലെയായി. 
ഒരടിയിലൂടെ പന്ത് സിക്‌സറിന് പറന്നു. ക്രിസ് ജോർദന്റെ പെർഫെക്ട് യോർക്കർ നേരത്തെ കളിച്ച് ഗിൽ സ്വീപർ കവറിന് ഇടതുവശത്തിലൂടെ ബൗണ്ടറി കടത്തി. 
ഗിൽ സെഞ്ചുറി പൂർത്തിയാക്കുകയും ആ ഷോട്ടുകളിൽ ചിലത് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തപ്പോൾ ക്യാമറ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയിലേക്ക് തിരിഞ്ഞു. കാണികളെ പോലെ ക്യാപ്റ്റനും നിറഞ്ഞ അമ്പരപ്പോടെയാണ് അത് വീക്ഷിച്ചത്. ഗിൽ തുടങ്ങിയിട്ടേയുള്ളൂ. സുനിൽ ഗവാസ്‌കർക്കും സചിൻ ടെണ്ടുൽക്കർക്കും വിരാട് കോലിക്കും പിൻഗാമിയാവുമോ ഈ പഞ്ചാബുകാരൻ?
 

Latest News