ദുബായ്- നിയമങ്ങള്‍ ഉദാരമാക്കിയതും ഫെര്‍ട്ടിലിറ്റി ചികിത്സയോടുള്ള സമൂഹത്തിന്റെ സമീപനം മാറിയതും കാരണം യു.എ.ഇയില്‍ പ്രസവം നീട്ടിവെക്കുന്ന യുവതികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. അണ്ഡം ശേഖരിച്ചുവെക്കുന്ന സംവിധാനങ്ങളെ കുറിച്ചും ക്ലിനിക്കുകളെ കുറിച്ചും അന്വേഷിക്കുന്ന യു.എ.ഇ വനിതകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് വിദ്ഗധരെ ഉദ്ധരിച്ചുകൊണ്ടുള്ള അല്‍ അറബിയ റിപ്പോര്‍ട്ട്. അണ്ഡം ശേഖരിച്ച് പിന്നീട് ഗര്‍ഭധാരണത്തിന് ഉപയോഗിക്കാന്‍ സാധ്യമാകുന്നതാണ് പ്രസവം നീട്ടിവെക്കാനും ഫാമിലി തുടങ്ങാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനും പ്രേരണ.
അണ്ഡം മരവപ്പിച്ച് സൂക്ഷിക്കുന്നതിനുള്ള അന്വേഷണങ്ങള്‍ യു.എ.ഇയിലെമ്പാടുമുള്ള ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ അന്വേഷണം വര്‍ധിച്ചതായി വിദഗ്ധര്‍ പറയുന്നു. ജി.സി.സി രാജ്യങ്ങളില്‍ ഇതുവരെ പല കാരണങ്ങളാല്‍ അണ്ഡം ശേഖരിക്കുന്നത് നാമമാത്രമായിരുന്നുവെന്ന് അബുദാബിയിലെ ഫകീഹ് ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി സെന്ററിലെ കണ്‍സള്‍ട്ടന്റ് ഡോ.യാസ്മിന്‍ സജ്ജാദ് പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ പൊതുവെ, പ്രത്യേകിച്ച യു.എ.ഇയില്‍ വര്‍ധിച്ച വിദ്യാഭ്യാസവും ബോധവല്‍ക്കരണവുമാണ് അണ്ഡം മരവപ്പിക്കുന്ന പ്രക്രിയ ഗണ്യമായി വര്‍ധിക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. സ്തീകളുടെ വിദ്യാഭാസം വര്‍ധിച്ചതും അവര്‍ കൂടുതലായി തൊഴില്‍ മേഖലയില്‍ പ്രവേശിക്കാനും തുടങ്ങിയതും ഈ മാറ്റത്തിനു പിന്നില്‍ കാണാം.
ഇപ്പോള്‍ കുട്ടികളെ വേണ്ടെന്നുവെക്കുന്നവര്‍ക്ക് പിന്നീട് സ്വാഭാവിക ഗര്‍ഭധാരണ ശേഷി കുറഞ്ഞാലും ഗര്‍ഭംധരിക്കാമല്ലോ എന്ന ചിന്താഗതിയാണ് അണ്ഡം ശേഖരിക്കുന്നതിനുള്ള ഡിമാന്റ് വര്‍ധിക്കാന്‍ കാരണമെന്നും ഡോ.യാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.