Sorry, you need to enable JavaScript to visit this website.

ഓർത്തോർത്ത് ചിരിക്കാനും ഇടയ്ക്ക് വിതുമ്പാനും...

ഒരു ജൂൺ മാസം കൂടി പടികടന്നെത്തിയിരിക്കുന്നു. ചുട്ടുപൊള്ളിയ അന്തരീക്ഷം തണുപ്പിച്ച് ഇളം ചാറ്റൽ മഴ ഇതാ പെയ്തു എന്ന്  കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു. മഴമേഘങ്ങളുടെ മനം മയക്കുന്ന വിന്യാസം  കൊണ്ട്  ആകാശക്കാഴ്ചകളുടെ ചന്തം ഏറിവരുന്നു.
പുത്തൻ നോട്ട് പുസ്തകങ്ങളും പാഠപുസ്തകങ്ങളും ചേലിൽ പൊതിഞ്ഞ് നെയിം സ്ലിപ് ഒട്ടിച്ച് പേർ എഴുതി നേരത്തേ തന്നെ  പൈതങ്ങളെല്ലാം കലാലയത്തിലേക്ക് പുറപ്പെടാൻ തയാറെടുത്ത് കാണും. 
മയിൽപീലികളും വളപ്പൊട്ടുകളും  കൈയിൽ കരുതുന്നവരും കാണുമായിരിക്കും. പകൽ നേരം അമ്മയെ പിരിയുന്നതിലുള്ള ദുഃഖം കരഞ്ഞുതീർത്ത കുരുന്നുകളുടെ അലർച്ചയും അട്ടഹാസവും ഒന്നാം ക്ലാസുകളിൽ പതിവ് പോലെ മുഴങ്ങിയിരിക്കണം.
സ്‌കൂൾ തുറക്കുന്ന ദിനം പലർക്കും ഓർമച്ചെപ്പ് തുറക്കുന്ന ദിനം കൂടിയാണല്ലോ? ആദ്യമായി സ്‌കൂൾ മുറ്റത്ത് എത്തിയ നനവുള്ള ആ പ്രഭാതം ആരും മറന്നു കാണില്ല. 
അന്നത്തെ ആവേശവും ആശങ്കകളും പുത്തൻ കുടയും കുഞ്ഞുടുപ്പും പുതിയ കൂട്ടുകാരും. കറുത്ത ബോർഡിൽ ആദ്യമായി അധ്യാപകൻ തെളിയിച്ച നിറമുള്ള   അക്ഷരം, അക്കം, വര ഓർത്ത് വെച്ചവരുണ്ടാവും; ബോർഡിന്റെ  മേലെ വലത് മൂലയിലെ സ്ഥിതിവിവരക്കണക്കുകൾ ഇപ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ടാവണം.
അപ്പുറത്ത് ഭക്ഷണം വേവുന്നതിന്റെ  ഒച്ചയും വാസനയും. മുറ്റത്ത് സ്വതന്ത്രമായി കളിച്ചും ചിലച്ചും അന്നം തേടുന്ന കാക്കകളും മൈനകളും,
ഇടയ്ക്കിടെ മുഴുങ്ങുന്ന ബെൽ ശബ്ദവും. ഇന്റർവെൽ നേരത്തെ പുത്തൻ ചങ്ങാത്തങ്ങളും എല്ലാം കൂടി ഒന്നിച്ച് ഇടതടവില്ലാതെ സ്മൃതികളിൽ പെയ്തിറങ്ങുന്ന രാപ്പകലുകളാണത്.
ആദ്യമായി കിട്ടിയ അഭിനന്ദനങ്ങളും കളിയാക്കലും. ഉച്ചഭക്ഷണത്തിന്റെ  രുചിയും കൂട്ടുകാരി കൊണ്ടുവന്ന ചീരാപ്പറങ്കി കൂട്ടിയതിനാലുള്ള എരിച്ചിലും പുകച്ചിലും വേറെ. ഐസ് വാങ്ങി തിന്ന് കുളിര് നുകർന്നതും നാരങ്ങാ മിട്ടായി നുണഞ്ഞതും എന്ത് രസമായിരുന്നു. സ്ലേറ്റിൽ പെൻസിൽ കൊണ്ട് അക്ഷരങ്ങളും അക്കങ്ങളും നന്നായി തെളിഞ്ഞതും തെളിയാതെ പോയതും ഓർക്കുന്നില്ലേ? ഇനിയുമെന്തെല്ലാം എന്തെല്ലാം മനോഹരമായ  ഓർമകൾ അക്കാലത്തേതായി ഉണ്ടാവും ഓരോരുത്തരുടെയും മനസ്സിൽ, അല്ലേ?
കാലത്ത് സ്‌കൂളിലേക്കും  വൈകിട്ട് വീട്ടിലേക്കുമുള്ള നടത്തങ്ങൾ പകർന്ന പാoങൾ ചെറുതായിരുന്നില്ലല്ലോ? ഇടവഴിയിലെ പൂക്കളും കിളിയൊച്ചകളും വൻമരങ്ങളും പാടവരമ്പും തോടും കനാലും. 
മഴയുടെ അകമ്പടിയോടെ നടന്നു തീർത്ത വഴികളിലെ നിത്യവിസ്മയക്കാഴ്ചകൾ ഉള്ളിൽ വെളിച്ചം വിതറിയെത്തുന്നില്ലേ? കാറ്റിൽ പറന്ന് പോവാൻ വെമ്പുന്ന കുടപിടിച്ചു നിർത്താൻ പാടുപെട്ട് നനഞ്ഞൊലിച്ചതും അപ്പോഴും പുസ്തക സഞ്ചി മാറോടടക്കിപ്പിടിച്ചതും  നെടുവീർപ്പോടെ ഓർക്കാത്തവരുണ്ടാവുമെന്ന് തോന്നുന്നില്ല. എല്ലാം ഇന്നലെ നടന്ന പോലെ  തോന്നുന്നില്ലേ?
വഴികളിൽ നമ്മെ പേര് വിളിച്ച് പ്രോൽസാഹിപ്പിച്ചവർ. കണ്ണുരുട്ടി പേടിപ്പിച്ചവർ. നാം ആഗ്രഹിച്ചിട്ടും ഒട്ടും ഗൗനിക്കാത്തവർ. അവരിൽ ചിലരൊക്കെ ഇന്നും അവിടവിടങ്ങളിൽ ഉണ്ടാവണം. 
 ചിലരൊക്കെ കാല യവനികക്കുള്ളിൽ മറഞ്ഞു പോയിട്ടുണ്ടാവും.
പള്ളിപ്പറമ്പും കാവുകളും അവിടങ്ങളിലെ ചില നിഗൂഢ മനുഷ്യരും അവരുടെ അദ്ഭുത കഥകളും പകർന്ന കൗതുകം അത്ര പെട്ടെന്ന് ആർക്കാണ് മറക്കാനാവുക? നാട്ടുവഴികളിലെ പ്രാന്തൻമാരും കുരച്ച് പിന്നാലെ ഓടുന്ന തെരുവ് നായ്ക്കളും കൂടി ചേർന്നതായിരുന്നല്ലോ അന്നത്തെ രാപ്പകലുകൾ.
അയിരാണി പൂക്കളും ആമ്പൽ പൂക്കളും പിലുമ്പിയും  പുളിയും  ചെറുമാങ്ങകളും ചാമ്പക്കയും;  കണ്ണിൽ കുളിരിടാൻ  വള്ളിച്ചെടികളിൽ നിന്നും പുൽനാമ്പുകളിൽ  നിന്നും  പതുക്കെ അടർത്തിയെടുക്കാവുന്ന പ്രകൃതിദത്ത ഐ ഡ്രോപ്‌സ് ഓർമയില്ലേ?
ചിരിക്കാനും ചിന്തിക്കാനും പറയാനും പറഞ്ഞ് രസിക്കാനും അത്ര മാത്രം സമ്മാനിച്ച സംഭവബഹുലമായ ബാല്യം ചില കണ്ണീരോർമകൾ കൂടി നമ്മിൽ അവശേഷിപ്പിച്ചിട്ടുണ്ടാവും. 
പനി പിടിച്ച് പിന്നീട് ക്ലാസിൽ വരാതെ എന്നെന്നേക്കുമായി സ്‌കൂൾ മുടങ്ങി പoനം നിർത്തിപ്പോയ നമുക്ക് പ്രിയപ്പെട്ടവർ.  മാതാപിതാക്കളുടെ ജോലി സ്ഥലം മാറിയതിനാൽ  അടുത്ത് തുടങ്ങുമ്പോഴേക്കും സ്‌കൂൾ വിട്ടുപോയവർ; ഇളം പ്രായത്തിൽ തന്നെ മരണം തട്ടിയെടുത്തവർ; ചെയ്യാത്ത കുറ്റത്തിന് അധ്യാപകരിൽ നിന്നും വഴക്ക്  കേട്ടതും ചൂരലടി കിട്ടിയതും തുടങ്ങിയവയൊന്നും എളുപ്പത്തിൽ മായ്ക്കാനാവുന്ന നൊമ്പരങ്ങളല്ലല്ലോ.
കടലാസിലെ അന്നത്തെ 'തിമിരി''കൾ ഇപ്പോൾ എവിടെയാ? അവരുടെ ബുള്ളിയിംഗ് പേടിച്ച് സ്‌കൂളിൽ വരാതിരിരുന്ന അവൻമാരും അവളുമാരും  ഇപ്പോഴെന്തെടുക്കുന്നു? അന്നത്തെ പഠിപ്പിസ്റ്റുകൾ എവിടം വരെ എത്തി?  അവരൊക്കെ ജീവിതത്തിൽ പിന്നീട് എങ്ങോട്ടേക്കൊക്കെ വളർന്നു? എന്തൊക്കെ നേട്ടങ്ങൾ കൊയ്തു?
ഇടയ്ക്ക് ഇതൊക്കെ വെറുതെ ആലോചിച്ചിരിക്കാനും
ഓർത്തോർത്ത് ചിരിക്കാനും വിതുമ്പാനും കൂടിയു താണല്ലോ പ്രത്യേകിച്ചും  ജൂൺ മാസത്തിലെ ആദ്യവാരം.

Latest News