Sorry, you need to enable JavaScript to visit this website.

ഉത്സവപ്പറമ്പിലെ കാഴ്ചകൾ

ബാല്യകാലത്തെ കുറിച്ച് ഓർക്കുമ്പോൾ എന്തു രസമാണ് അല്ലേ? ഞാൻ കുട്ടിയായിരുന്നപ്പോൾ വാൽനക്ഷത്രം കാണാൻ വേണ്ടി മണിക്കൂറുകൾ ടെറസിൽ പായ വിരിച്ച് കിടന്നിട്ടുണ്ട്. വാൽനക്ഷത്രത്തെ കണ്ട് എന്ത് ആഗ്രഹിച്ചാലും അത് നടക്കും എന്നായിരുന്നു വിശ്വാസം. കംപ്യൂട്ടറും വീഡിയോ ഗെയിംസും ടി.വിയും ഒന്നുമില്ലാതിരുന്ന കാലമായതുകൊണ്ട് തന്നെ ടെറസിൽ ആകാശത്തിൽ നോക്കിക്കിടക്കുമ്പോൾ ബോറടിക്കുമായിരുന്നില്ല. 
അന്ന് കുട്ടിയായിരുന്ന എന്നെ പറ്റിക്കാൻ വളരെ എളുപ്പമായിരുന്നു. ഇന്ന് അതിന് ചെറിയ മാറ്റം വന്നെന്നേയുള്ളൂ. എന്തു വികൃതി കാണിച്ചാലും പറയുന്ന ഒരു കാര്യമുണ്ട്. എന്നെ ഒരു പെരുമഴക്കാലത്ത് ചാക്കേതോട്ടിൽ ഒഴുകി വന്നപ്പോൾ എടുത്തു വളർത്തിയതാണ് എന്ന്. അത് കേൾക്കുമ്പോൾ ഭയങ്കര സങ്കടമാകുമായിരുന്നു. ഒറ്റക്ക് പോയിരുന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. അന്ന് എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു കാലമായിരുന്നു. ഇന്ന് എന്റെ കുട്ടികളോട് ഇങ്ങനെ വല്ലതും പറഞ്ഞാൽ വിശ്വസിക്കില്ല എന്ന് മാത്രമല്ല തിരിച്ചിങ്ങോട്ട് കൗണ്ടർ അടിക്കുകയും ചെയ്യും. കാലംപോയ പോക്കേ! അതുപോലെ തന്നെയാണ് വിമാനം പോകുമ്പോൾ വിമാനത്തിൽ നിന്നും താഴേക്കിടുന്ന സാധനങ്ങൾ പെറുക്കാൻ വേണ്ടി ഓടിപ്പോകുന്നത്. യു.കെയിൽ ആയിരുന്ന ഡാഡി വിമാനത്തിൽ നിന്ന് എറിഞ്ഞു തരുന്ന ഉടുപ്പുകൾ എടുക്കാനുള്ള ഓട്ടമായിരുന്നു അന്ന്! ഇന്നത്തെ കുട്ടികൾക്ക് നല്ല ജ്ഞാനം ഉള്ളതുപോലെയുള്ള വിവരം ഒന്നും ട്രിവാൻഡ്രം എന്ന നഗരത്തിൽ ജീവിച്ച എനിക്ക് ഉണ്ടായിട്ടില്ല. പണ്ട് സർക്കസുകൾ വരുമ്പോഴും പുതിയ നാടകങ്ങൾ നഗരത്തിൽ വരുമ്പോഴും അതിന്റെ നോട്ടീസ് വിതരണം ഒന്നുകിൽ ഹെലികോപ്റ്ററിൽ നിന്നും താഴേക്കിടുക. അല്ലെങ്കിൽ ജീപ്പിൽ നിന്നും പുറത്തേക്ക് എറിയുക, ഇതൊക്കെ ആയിരുന്നു. ഇതൊക്കെ പെറുക്കാൻ ഓടുക എന്നുള്ളതാണ് വേറൊരു പരിപാടി. ഈ നോട്ടീസുകൾ ഒക്കെ എടുത്ത് ഭംഗിയാക്കി അടുക്കിപ്പെറുക്കി പുസ്തകത്തിന്റെ ഇടയിൽ കൊണ്ടുവെയ്ക്കും. റോഡിൽ നിന്നും കിട്ടുന്ന മിഠായി പേപ്പറുകളും സിഗരറ്റിന്റെ കവറിനുള്ളിലെ അലുമിനിയം പേപ്പറുകളും ഇതുപോലെ തന്നെ കൊണ്ടുവെയ്ക്കും. എന്തിനാണ് എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതങ്ങനെ അടുക്കിയിരിക്കുന്നത് കാണുമ്പോൾ നല്ല രസമാണ്. അത്ര തന്നെ. കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ വികൃതിക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. അപ്പൂപ്പന്റെ കൂട്ടുകാരായ ചെല്ല അപ്പൂപ്പനും രാഘവൻ പിള്ള അപ്പുപ്പനും ഒക്കെ വീട്ടിൽ വരുമ്പോൾ എനിക്ക് കപ്പലണ്ടി മിഠായി കൊണ്ടുവരും. ആ മിഠായിക്ക് വേണ്ടി കാത്തു നിൽക്കാനും മടി ഉണ്ടായിരുന്നില്ല. ഓണത്തിന് ഒക്കെ ചെല്ലപ്പൂപ്പന്റെ വീട്ടിലാണ് വലിയ ഊഞ്ഞാലിടാറ്. അഞ്ചുപേർക്ക് ഒക്കെ ഒരുമിച്ചിരിക്കാൻ പറ്റുന്ന വിധത്തിലുള്ള ഊഞ്ഞാലാണ് അവിടെ ഉണ്ടാവുക. ചെല്ല അപ്പൂപ്പന്റെ മക്കളുടെ കൂടെ ഉള്ള ഊഞ്ഞാലാട്ടം രസം തന്നെയായിരുന്നു. മാവിന്റെ പൊക്കത്തിൽ ഊഞ്ഞാലാട്ടി വിടുക അംബി ചേട്ടനും അനി ചേട്ടനും ഒക്കെയാണ്. കൊട്ടയിടുക എന്നാണ് അതിന് പറയുക. പ്രകൃതിയോട് ഇണങ്ങിയുള്ള ആ ഒരു ജീവിതം ഇനിയൊരു തലമുറയ്ക്ക് ഒരിക്കലും ലഭിക്കില്ല. മൂന്നാം വയസ്സിൽ തുടങ്ങിയ നൃത്ത പഠനം രസകരമായ ഓർമയാണ് ഉണർത്തുന്നത്. ജോക്കർ സിനിമയിലെ രണ്ടാമത്തെ നായികയുടെ അച്ഛനായ മോഹന ചന്ദ്രൻ മാഷ് ആയിരുന്നു ആദ്യ ഗുരു. മാഷ് പഠിപ്പിക്കാൻ വന്നതിന്റെ മൂന്നാം ദിവസം ദേഷ്യപ്പെട്ടപ്പോൾ ഉടുപ്പിൽ മൂത്രമൊഴിച്ചത് ഓർക്കുമ്പോൾ തന്നെ ചിരി വരും. അഞ്ചാം വയസ്സിലെ അരങ്ങേറ്റവും ഓർമയിൽ തങ്ങിനിൽക്കുന്നു. കാളിയ മർദനമാണ് ശ്രീ വലിയ മഹാദേവേശ്വരം ക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം കുറിച്ചത്. സ്റ്റേജിൽ കാളിയ മർദനം ആടിത്തകർത്തപ്പോൾ ഒരുപാട് അമ്മമാരും ചേട്ടന്മാരും ഒക്കെ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നു. തിരിച്ചും ഉമ്മകൾ നിർലോഭം ഞാനും നൽകി. ഇന്നത്തെപ്പോലെ പേടിക്കാൻ അന്ന് കൊറോണ ഇല്ലല്ലോ.
അന്നൊക്കെ ഒരുപാട് പരിപാടികളിലും അമ്പലങ്ങളിലെ ഉത്സവങ്ങളിലും ഞാൻ ഡാൻസ് കളിച്ചിട്ടുണ്ട്. പല പരിപാടികളിലും നമ്മുടെ അവസരം വരിക പുലർച്ചെ രണ്ടു മണിക്ക് അല്ലെങ്കിൽ മൂന്നു മണിക്ക് ആയിരിക്കും. മണിക്കൂറുകൾക്കു മുമ്പേ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഞങ്ങളുടെ ഉറക്കം സ്റ്റേജിന്റെ പിന്നിലാണ്.  ഒരുങ്ങിക്കഴിഞ്ഞാൽ പിന്നെ ആകെ കഴിക്കാൻ തരിക ഏത്തപ്പഴം മാത്രമാണ്. മറ്റെന്ത് തന്നാലും ലിപ്സ്റ്റിക് ഒക്കെ മാഞ്ഞുപോകും ഇതാവുമ്പോൾ കുഞ്ഞു കഷ്ണങ്ങളാക്കി മുറിച്ചു വായിലേക്ക് തരും. അത് ചവച്ചെന്ന് വരുത്തി വിഴുങ്ങിയാൽ മാത്രം മതി. ബാലേക്കാരുടെയും കഥകളിക്കാരുടെയും ഇടയിൽ നിലത്ത് പായയിൽ കിടന്നുള്ള ആ ഉറക്കം ഇന്ന് ആർക്കും സങ്കൽപിക്കാൻ പോലും കഴിയില്ല. അന്ന് ആർക്കും ഇന്നത്തെ പോലെ ആരെങ്കിലും ഉപദ്രവിക്കും എന്ന ഭയം ഒന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് പീഡന വീരന്മാരെ പേടിക്കാതെ പറ്റില്ലല്ലോ. പണ്ട് സുരക്ഷിതമെന്ന് തോന്നിയിരുന്ന പല സ്ഥലങ്ങളും ഇന്ന് അങ്ങനെയല്ല. കുട്ടികളെ കുട്ടികളായി കാണാനും അവിടെ ആൺ പെൺ വ്യത്യാസമില്ല എന്നുള്ളതും പലരും മറന്നു പോയിരിക്കുന്നു. എന്തായാലും ഉത്സവപ്പറമ്പുകളിലെ കാഴ്ചകൾ ഇന്ന് മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ബലൂൺകാരന്റെ കൈയിൽ നിന്നും ഓലപ്പീപ്പിയും കറക്കിയാൽ ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും കാറ്റാടിയും ബലൂണുകളുമൊക്കെ ഒരുപാട് ഞാൻ വാങ്ങിയിട്ടുണ്ട്. അങ്ങനെ വാങ്ങുന്ന സൂചി ചലിക്കാത്ത പ്ലാസ്റ്റിക് വാച്ച് കൈയിൽ കെട്ടി നടക്കുമ്പോൾ എന്ത് ഗമയായിരുന്നു. ഇന്നത്തെ കുട്ടികൾ ആരെങ്കിലും കെട്ടുമോ അത്? കുട്ടികൾക്കു പോലും ഇപ്പോൾ വേണം ബ്രാൻഡഡ് വാച്ച്.
അന്ന് തൊട്ട് ഇന്നുവരെ എനിക്കുള്ള ഒരു കളിപ്പാട്ടമാണ് ലഗോ ബിൽഡിംഗ് ബ്ലോക്ക്‌സ്. അത് ഡാഡി എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ യു.കെയിൽ നിന്നും കൊണ്ടുവന്നതാണ്. ഞാൻ കളിച്ചതിനു ശേഷം, എന്നേക്കാൾ ആറു വയസ്സ് താഴെയുള്ള എന്റെ അനിയൻ അതുകൊണ്ട് കളിച്ചു. അതുകഴിഞ്ഞ് മൂത്ത മോൻ സൗരവ് കളിച്ചു. പിന്നെ മകൾ സാവരിയയും പിന്നെ ഇളയ മകൻ ഷയാനും അതുകൊണ്ട് വീടുകൾ ഉണ്ടാക്കിക്കളിച്ചു. ഇപ്പോഴും ഞാൻ അത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്റെ ഡാഡി എനിക്കായി വാങ്ങിത്തന്ന എന്റെ പ്രിയപ്പെട്ട ആദ്യത്തെ കളിപ്പാട്ടം. ഇത്രയും കാലം ഒരു കളിപ്പാട്ടം ഒരു കേടും കൂടാതെ പുതുമയോടെ ഇരിക്കുമോ എന്നുള്ളത് സംശയമാണ് .
നഗരങ്ങളിൽ രാപ്പാർക്കുമ്പോഴും പഴമയെ സ്‌നേഹിക്കുന്ന ഒരു നാട്ടിൻപുറത്തുകാരി തന്നെയാണ് ഞാനിപ്പോഴും. അന്നൊക്കെ കടയിൽ നിന്നും സാധനം മേടിക്കാൻ കുട്ടിയായ ഞാൻ സഞ്ചിയുമായി പലപ്പോഴും ഓടിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോൾ വഴിയോരത്തെ വീടുകളിലുള്ള ചിലർ വിളിക്കും 'മോളെ വാ'.. ഒരു മടിയും കൂടാതെ അവിടെ കയറിയിരുന്നു ഭക്ഷണം ഒക്കെ കഴിച്ച് ഡാൻസ് ഒക്കെ കളിച്ചു കാണിച്ചു കൊടുത്തിട്ട് ആയിരിക്കും വീട്ടിലേക്ക് മടങ്ങിയെത്തുക. ആ കാലത്തൊക്കെ വീടുകളിൽ കയറിച്ചെല്ലാൻ പേടിയോ മടിയോ ഇല്ലായിരുന്നു. നാട്ടിൻപുറത്തെ നന്മ എല്ലാവരുടെ മനസ്സിനെയും അന്ന് സ്വാധീനിച്ചിരുന്നു. ചുടക്ക് പൊട്ടിക്കുക മറ്റൊരു പ്രധാനപ്പെട്ട വിനോദമായിരുന്നു. തിരുവനന്തപുരത്തോട്ടൊക്കെ ചുടക്ക് എന്നാണ് പറയുക. അത് എന്താണെന്ന് അല്ലേ? ഒരു ചെടിയുടെ പൂവാണ് അത് എന്നാണ് തോന്നുന്നത്. അത്  10 പൈസക്ക് ആളുകൾ വിൽക്കും. ഒരു തണ്ട് ആയിട്ടായിരിക്കും ലഭിക്കുക അതിൽ നിറയെ പൂക്കൾ ഉണ്ടാവും. അതിൽനിന്നും ഓരോ പൂവായി എടുത്ത് ഊതിയിട്ട് വിരലുകൊണ്ട് കൂട്ടിപ്പിടിച്ച് നെറ്റിയിൽ വെച്ച് പൊട്ടിക്കുന്ന ശബ്ദം ഉണ്ടാക്കും. ഒരു പൂവ് തന്നെ കുറെ പ്രാവശ്യം ഉപയോഗിക്കാം. വായിക്കുന്നവരിൽ ആർക്കൊക്കെ അറിയാം നമ്മുടെ ചുടക്കിനെ കുറിച്ച്? കുഞ്ഞുകാര്യങ്ങളായിരുന്നു അന്ന് കുട്ടികളുടെ മനസ്സിൽ. മറ്റൊരു പരിപാടി പൊട്ടാസ് പൊട്ടിക്കുക എന്നതാണ്. ദീപാവലിക്കും വിഷുവിനും ഒക്കെ വാങ്ങുന്ന പടക്കത്തിൽ നിന്നും പൊട്ടാസ് പാക്കറ്റുകൾ എടുത്തു മാറ്റിവെക്കും. എന്തിനാണ് എന്നല്ലേ? വൈകുന്നേരങ്ങളിൽ ഓരോ പൊട്ടാസ് എടുത്തിട്ട് കരിങ്കല്ലിൽ വെച്ച് മറ്റൊരു കരിങ്കല്ല് കൊണ്ട് ഇടിച്ച് പൊട്ടിക്കാൻ. പൊട്ടാസ് പൊട്ടിക്കുന്ന കളിത്തോക്കുകൾ അന്ന് എവിടെയും ലഭിക്കുമായിരുന്നു. പൊട്ടാസ് പൊട്ടുമ്പോൾ ഉള്ള ശബ്ദം നല്ല രസമാണ് കേൾക്കാൻ.
ഇന്നത്തെ കുട്ടികൾ മുതിർന്നവരേക്കാളും ഉയരത്തിലാണ് ചിന്തിക്കുക. അതുപോലെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനുള്ള സാമർത്ഥ്യവും ഇന്നത്തെ കുട്ടികളിൽ കൂടുതലാണ്. വളരെ ചെറുപ്പത്തിലേ തന്നെ കടയിൽ നിന്നും ബാക്കി വാങ്ങാൻ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. മനക്കണക്കാണ് അന്ന് പ്രധാനം. വിരൽ എടുത്തു കൂട്ടാൻ അമ്മൂമ്മയൊന്നും സമ്മതിച്ചിരുന്നില്ല. ഇന്ന് കുട്ടികൾ കാൽക്കുലേറ്റർ എടുത്ത് കൂട്ടുന്നതിനേക്കാൾ വേഗത്തിൽ മനക്കണക്ക് കൂട്ടാൻ ഞാൻ മിടുക്കിയായിരുന്നു. ഇന്നും അതെ. അത്യാവശ്യം നന്നായി മനക്കണക്ക് ഞാൻ കൂട്ടും.
പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ ശാസ്ത്ര പുരോഗതി, യന്ത്രത്തെപ്പോലെ ജീവിക്കുന്ന ചിന്താശേഷിയില്ലാത്ത ഒരു ഒരു തലമുറയെ ആണോ വാർത്തെടുക്കുക? മനുഷ്യൻ ചിന്തിക്കേണ്ടിയിരിക്കുന്നു.

Latest News