പബ്ലിക് ഫോൺ ചാർജറുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസികൾ

പൊതുസ്ഥലങ്ങളിൽ ലഭ്യമായ സ്മാർട്ട് ഫോൺ ചാർജറുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമന്ന് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കയാണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. യു.എസ് ഏജൻസി മാത്രമല്ല, വിവിധ രാജ്യങ്ങളിലെ സൈബർ സുരക്ഷാ ഏജൻസികളും ഇക്കാര്യം ഉണർത്താറുണ്ട്. എയർപോർട്ടിലും റെയിൽവേ സ്‌റ്റേഷനിലും ട്രെയിനുകളിലും ലൈബ്രറികളിലുമൊക്കെ പൊതുജനങ്ങൾക്കായി സ്മാർട്ടഫോൺ ചാർജറുകൾ ലഭ്യമാണ്. അടുത്തിടെയായി മിക്ക പൊതുസ്ഥലങ്ങളിലും സൗജന്യ സൗകര്യം നൽകുന്ന സ്മാർട്ട്‌ഫോൺ സ്‌റ്റേഷനുകൾ ലഭ്യമായതിനാൽ ഫോണിൽ ചാർജ് തീരുമോ ചാർജ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയും ആളുകൾക്കില്ല. അതുകൊണ്ടുതന്നെ വീട്ടിൽനിന്ന് ചാർജ് ചെയ്യുന്ന പവർ ബാങ്കുകൾ കൊണ്ടുപോകാനും ശ്രദ്ധിക്കാറില്ല. ചാർജ് തീർന്നുപോയാലും പൊതുസ്ഥലങ്ങളിലെ ഫ്രീ ചാർജിംഗ് സ്റ്റേഷനുകളെ വിശ്വസിക്കരുതെന്നാണ് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ നമ്മുടെ സ്മാർട്ട് ഫോണുകളിൽ കയറാനുള്ള വഴികളാണ് ഇത്തരം ചാർജിംഗ് സ്‌റ്റേഷനുകൾ തുറക്കുന്നതെന്നും വിദഗ്ധർ പറയുന്നു. യു.എസ്.ബി പോർട്ടുകൾ വഴി സ്മാർട്ട് ഫോണുകളിലേക്ക് സ്‌പൈവെയറുകളും മാൽവെയറുകളും കടത്തിവിടാൻ ഹാക്കർമാർ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് മുന്നറിയിപ്പിന്റെ കാതൽ. 
മൊബൈൽ ഫോണിൽ പ്രവേശിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കുന്ന ഹാക്കർമാരുടെ ടെക്‌നിക്കിനെ പൊതുവെ അനൗപചാരികമായി ജ്യൂസ് ജാക്കിംഗ് എന്നാണ് വിളിക്കുന്നത്. ഏതാനും വർഷങ്ങളായി എഫ്.ബി.ഐയുടെ സെൻട്രൽ വെബ് സൈറ്റും മറ്റു രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടെ വെബ് സൈറ്റുകളും ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. 
യു.എസ്.ബി പോർട്ടുകൾ സുരക്ഷിതമാണെന്ന് സ്മാർട്ട് ഫോൺ കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഹാക്കർമാർ അതിനെ മറികടക്കുന്ന മാൽവെയറുകളും വൈറസുകളുമാണ് കടത്തിവിടുന്നത്. 
യു.എസ്.ബി ബാറ്ററിൽ അല്ലങ്കിൽ പവർബാങ്ക് വീട്ടിൽനിന്നു തന്നെ മതിയായ തോതിൽ ചാർജ് ചെയ്ത് സ്മാർട്ട് ഫോണിനൊപ്പം കൊണ്ടുപോകുന്നതാണ് ഏറ്റവും സുരക്ഷിതം.

Latest News