Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

2018 ഒരു റിസ്‌ക് ആണെന്നാണ് താന്‍  ആദ്യം കരുതിയത് - ആസിഫ് അലി 

തലശേരി- ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വന്‍ താരനിരയെ അണിനിരത്തി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ് ചിത്രം മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി 2018 മാറി. ബോക്സ് ഓഫീസില്‍ 150 കോടിയും കടന്ന് ചിത്രം കുതിപ്പ് തുടരുകയാണ്. 
തന്റെ സമീപകാല റിലീസായ 2018 എന്ന ചിത്രത്തെ കുറിച്ചും മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരത്തെ കുറിച്ചും മിഡ്-ഡേ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ആസിഫ് അലി. ജൂഡ് ഈ സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇത് ഒരു റിസ്‌ക് ആണെന്നാണ് താന്‍ ആദ്യം പറഞ്ഞതെന്ന് ആസിഫ് അലി പറഞ്ഞു. ഇത് നമ്മള്‍ കേട്ടിട്ടുള്ള ഒരു കഥയല്ല. നമ്മള്‍ ജീവിക്കുകയും കാണുകയും ചെയ്ത ഒരു സംഭവമാണ്. നമ്മള്‍ ഓരോരുത്തരും കഴിയുന്ന വിധത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങി. ജൂഡ് ഈ സിനിമയുടെ നാലാമത്തെ ഡ്രാഫ്റ്റ് തന്നപ്പോള്‍ മാത്രമാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും ആസിഫ് അലി പറഞ്ഞു. 
കഥ കേട്ടതിന് ശേഷം ആദ്യം ചിന്തിക്കുന്നത് ഇത് ആളുകള്‍ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നാണോ എന്നാണ്. ഒരുപാട് നാളത്തെ ആഗ്രഹത്തിന് ശേഷമാണ് സിനിമയിലേക്ക് വന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ശരിക്കും ആവേശഭരിതനാകും. ആ സ്പിരിറ്റില്‍ ഒരുപാട് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ആ കഥാപാത്രത്തിന് ഞാന്‍ അനുയോജ്യനല്ലായിരിക്കാം. അല്ലെങ്കില്‍ അത് ആഖ്യാനം ചെയ്തതുപോലെ നന്നായി അവതരിപ്പിക്കപ്പെടാറില്ല. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് എപ്പോഴും ഒരു ട്രയല്‍ റണ്‍ പോലെയാണ്.' ആസിഫ് അലി പറഞ്ഞു. 
ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗത്തെയാണ് 2018ല്‍ ആസിഫ് അലി അവതരിപ്പിച്ചത്. മത്സ്യത്തൊഴിലാളി കുടുംബമാണെങ്കിലും  മോഡലാകാന്‍ ആഗ്രഹിക്കുന്ന നിക്‌സണ്‍ എന്ന യുവാവിന്റെ വേഷമാണ് ആസിഫ് അലി കൈകാര്യം ചെയ്തത്. മത്സ്യത്തൊഴിലാളിയുടെ ജീവിതത്തെ പുച്ഛിക്കുകയും സ്വതന്ത്രനായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ നാടിനെ നടുക്കിയ പ്രളയ സമയത്ത് നിക്‌സണ്‍ വീട്ടിലേക്ക് മടങ്ങുകയും രക്ഷാപ്രവര്‍ത്തനത്തില്‍ സമൂഹത്തോടൊപ്പം ചേരുകയും ചെയ്യുന്നു. ആസിഫിന്റെ പ്രകടനത്തിന് തിയേറ്ററുകളില്‍ നല്ല കൈയ്യടിയാണ് ലഭിച്ചത്.  

Latest News