- 'ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല'
ദോഹ- ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ലോക പുകയില വിരുദ്ധ കാമ്പയിൻ ആചരിക്കുന്നു. 'നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല' എന്ന പ്രസക്തമായ പ്രമേയം ചർച്ചക്കു വെച്ചാണ് മെയ് 31 ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ലോക പുകയില വിരുദ്ധ ദിനമായി ആഘോഷിക്കുന്നത്.
ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ ദിന പുരസ്‌കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിനാണ്. തൊഴിലാളികളുടെ പേരു പറഞ്ഞ് പുകയില കർഷകരെ വെറുതെ വിടാതെ, അവർക്ക് ബദൽ വിള ഉൽപാദനത്തെക്കുറിച്ചും വിപണന സാധ്യതകളെക്കുറിച്ചും അവബോധം വളർത്താനും സുസ്ഥിരവും പോഷക സമൃദ്ധവുമായ വിളകൾ വളർത്താൻ അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന വിപുലമായ കാമ്പയിനാണ് ലോകാരോഗ്യ സംഘടന ഈ ദിനത്തോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിൽ ഐതിഹാസിക വിജയമടയാളപ്പെടുത്തിയ ഫിഫ 2022 ലോകകപ്പ് ഖത്തർ മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങൾ പുകവലി മുക്തവും പുകയില വിപണന രഹിതവുമാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ ദിന പുരസ്‌കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം സ്വന്തമാക്കിയ സന്തോഷത്തോടെയാണ് ഖത്തറിലെ ഗവൺമെന്റ് സ്ഥാപനങ്ങളും നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകളും ഇന്ന് പുകയില വിരുദ്ധ ദിനം ആഘോഷിക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായതിനാൽ പുകവലിയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങൾക്കും നിരോധനമേർപ്പെടുത്തിയ ഖത്തർ ലോകകപ്പിലൂടെ ആരോഗ്യകരമായ സന്ദേശമാണ് ലോകത്തിന് നൽകിയത്. പുകവലി ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകമെമ്പാടും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കായികവും ആരോഗ്യവും കൈകോർക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള സവിശേഷമായ വേദിയായാണ് ലോകകപ്പിനെ ഖത്തർ പ്രയോജനപ്പെടുത്തിയതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
കായിക രംഗവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവ ഒരുമിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ആഘോഷമൊരുക്കാൻ എല്ലാവരും കൈകോർക്കണമെന്നും നാം വിചാരിച്ചാൽ ഇത് സാധ്യമാകുമെന്നാണ് ഫിഫ 2022 ലോകകപ്പ് ഖത്തർ നൽകുന്ന പാഠമെന്നും പൊതുജനാരോഗ്യ മന്ത്രി അടിവരയിട്ടു പറഞ്ഞു.