മഹ്‌സ അമീനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകയും വിചാരണ നേരിടുന്നു

ടെഹ്‌റാന്‍- കഴിഞ്ഞ വര്‍ഷം കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമീനിയെക്കുറിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ രണ്ടാമത്തെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ വിചാരണ ഇറാനിലെ വിപ്ലവ കോടതി ചൊവ്വാഴ്ച ആരംഭിച്ചതായി അവരുടെ ഭര്‍ത്താവ് ട്വിറ്ററില്‍ പറഞ്ഞു.
ഇറാന്റെ കര്‍ശനമായ ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ച് സദാചാര പോലീസ് തടവിലാക്കിയ മഹ്‌സ അമിനിയുടെ മരണം മാസങ്ങളോളം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തരംഗം അഴിച്ചുവിട്ടു.
ടെഹ്‌റാന്‍ ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന അമിനിയുടെ സമീപം മാതാപിതാക്കള്‍ പരസ്പരം ആലിംഗനം ചെയ്യുന്ന ഫോട്ടോ ഷാര്‍ഗ് ദിനപത്രത്തിനായി നിലൂഫര്‍ ഹമീദി എടുത്തതാണ് വിനയായത്.
ചൊവ്വാഴ്ചത്തെ വിചാരണ സെഷന്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിച്ചു. അവരുടെ അഭിഭാഷകര്‍ക്ക് വാദിക്കാന്‍ അവസരം ലഭിച്ചില്ല, കുടുംബാംഗങ്ങളെ കോടതിയില്‍ ഹാജരാകാന്‍ അനുവദിച്ചില്ല- ഹമീദിയുടെ ഭര്‍ത്താവ് മുഹമ്മദ് ഹുസൈന്‍ അജോര്‍ലോ ട്വിറ്ററില്‍ പറഞ്ഞു.

'തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചിട്ടുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

തിങ്കളാഴ്ച വിചാരണ നേരിട്ട മറ്റൊരു വനിതാ പത്രപ്രവര്‍ത്തകയായ ഇലാഹി മുഹമ്മദിയ്‌ക്കൊപ്പം ഹമീദിയും അമിനിയുടെ മരണം കവറേജ് ചെയ്തതില്‍ 'വിദ്വേഷ ശക്തികളുമായി ഒത്തുകളിച്ചു' എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്നു. എട്ട് മാസത്തിലേറെ തടവിലായിരുന്ന മുഹമ്മദിയും ഹമീദിയും സി.ഐ.എയുടെ വിദേശ ഏജന്റുമാരാണെന്ന് ഒക്ടോബറില്‍ ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയം ആരോപിച്ചു.

 

 

Latest News