Sorry, you need to enable JavaScript to visit this website.

ദോഹ ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ എക്‌സ്‌പോയിൽ 70 രാജ്യങ്ങൾ

ദോഹ ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ എക്‌സ്‌പോ- 2023 കരാർ ഒപ്പിട്ടപ്പോൾ.

ദോഹ- 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ദോഹയിൽ നടക്കാനിരിക്കുന്ന ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ എക്‌സ്‌പോ-2023 ൽ ഇതിനകം 70 രാജ്യങ്ങൾ പങ്കാളിത്തം ഉറപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ലക്ഷത്തിലേറെ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന എക്‌സ്‌പോയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ 80 ശതമാനം ജോലികളും പൂർത്തിയായതായി മന്ത്രി പറഞ്ഞു.
ശേഷിക്കുന്ന 20 ശതമാനം പ്രവൃത്തികളിൽ ചില പവലിയനുകളും താൽക്കാലിക സൗകര്യങ്ങളും ഉൾപ്പെടുന്നുവെന്നും അവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഒക്ടോബറിനു മുമ്പ് കൃത്യസമയത്ത് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും എക്‌സ്‌പോ 2023 ദോഹ കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു. അൽ ബിദ്ദ പാർക്കിലെ വിശാലമായ വേദിയിലാണ് എക്‌സ്‌പോ 2023 ദോഹ അരങ്ങേറുക.
ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ എക്‌സ്‌പോ-2023 ദോഹയിൽ വലിയ രീതിയിൽ പങ്കെടുക്കാനുള്ള കരാറിൽ ജി.സി.സി ജനറൽ സെക്രട്ടേറിയേറ്റുമായുള്ള കരാർ ഒപ്പിടൽ ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ വ്യതിയാനത്തിനും സുസ്ഥിരതയ്ക്കുമുള്ള വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി അംബാസഡർ ബദർ ബിൻ ഒമർ അൽ ദഫയും എക്‌സ്‌പോ-2023 ദോഹ കമ്മീഷണറും ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ അൽ ഷെയ്ഖും കരാറിൽ ഒപ്പുവെച്ചു. കരാറിനെ തുടർന്ന് 'ഗ്രീൻ ഗൾഫിലേക്ക്... സുസ്ഥിര പരിസ്ഥിതിക്ക്' എന്ന തലക്കെട്ടിൽ ബൃഹത്തായ ജി.സി.സി പവലിയൻ എക്‌സ്‌പോയിൽ ഒരുക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. സംയുക്ത ജി.സി.സി പ്രവർത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ, പരിസ്ഥിതി, കാർഷിക മേഖലയിലെ പദ്ധതികൾ, തന്ത്രങ്ങൾ എന്നിവ പവലിയനിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും പ്രദർശന മേഖലകളിൽ നിക്ഷേപം നടത്താനും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം, മരുഭൂവൽക്കരണം, സസ്യസംരക്ഷണം, ഭക്ഷ്യസുരക്ഷ വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ജി.സി.സി പവലിയൻ സംരംഭങ്ങൾ അവതരിപ്പിക്കുമെന്ന് അൽ ബുദൈവി വെളിപ്പെടുത്തി.

Tags

Latest News