റിയാദ് - വൻതോതിൽ വിദേശ വിദ്യാർഥികൾ കൊഴിഞ്ഞുപോയതിനാൽ അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകൾ ട്യൂഷൻ ഫീസ് ഉയർത്തിയേക്കുമെന്ന് സ്‌കൂൾ ഉടമകൾ പറഞ്ഞു. വിദേശ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് മൂലം ചില സ്വകാര്യ സ്‌കൂളുകൾ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്.
വരുമാനം കുറഞ്ഞ പശ്ചാത്തലത്തിൽ അധ്യാപകർക്ക് വേതനം വിതരണം ചെയ്യൽ സ്‌കൂളുകൾക്ക് എളുപ്പമാകില്ല. ചില സ്വകാര്യ സ്‌കൂളുകളിൽ നിന്ന് 70 ശതമാനം വരെ വിദേശ വിദ്യാർഥികൾ കൊഴിഞ്ഞുപോയിട്ടുണ്ട്. നിലവാരത്തിനനുസരിച്ച് 7000 റിയാൽ മുതൽ 35,000 റിയാൽ വരെയാണ് സ്‌കൂളുകൾ ട്യൂഷൻ ഫീസ് ആയി ഈടാക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന വൻ കുറവ് ട്യൂഷൻ ഫീസ് ഉയർത്തുന്നതിന് ചില സ്‌കൂളുകളെ നിർബന്ധിതമാക്കും.
വിദേശ വിദ്യാർഥികൾ വലിയ തോതിൽ കൊഴിഞ്ഞുപോയതിനാൽ ചില സ്‌കൂളുകൾ ഇതിനകം തന്നെ പ്രവർത്തനം നിർത്തിയിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ സ്‌കൂൾ കമ്മിറ്റി അംഗം ഡോ. സുഹൈർ ഗുനൈം പറഞ്ഞു. രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ സ്‌കൂളുകൾ നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ വേതന വിഹിതം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വഹിക്കണം. 7000 റിയാൽ മുതൽ 13,000 റിയാൽ വരെ വാർഷിക ട്യൂഷൻ ഫീസ് നിലവിലുള്ള സ്‌കൂളുകളാണ് സ്വകാര്യ സ്‌കൂളുകളിൽ കൂടുതലും. അറുപതു ശതമാനം സ്വകാര്യ സ്‌കൂളുകളും ഈ ഗണത്തിൽ പെട്ടവയാണ്. ഇരുപതിനായിരം റിയാൽ മുതൽ മുപ്പതിനായിരം റിയാൽ വരെ വാർഷിക ട്യൂഷൻ ഫീസ് നിലവിലുള്ള സ്‌കൂളുകൾ ഇരുപതു ശതമാനമാണ്. അവശേഷിക്കുന്ന ഇരുപതു ശതമാനം സ്‌കൂളുകളിൽ 30,000 റിയാൽ മുതൽ 35,000 റിയാൽ വരെയാണ് ട്യൂഷൻ ഫീസ് എന്നും ഡോ. സുഹൈർ ഗുനൈം പറഞ്ഞു.
വിദേശ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ട്യൂഷൻ ഫീസ് ഉയർത്തുന്നതിന് സ്‌കൂളുകളെ നിർബന്ധിതമാക്കിയേക്കുമെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ മുൻ സ്വകാര്യ സ്‌കൂൾ കമ്മിറ്റി അംഗം മുഹമ്മദ് അൽഗാംദി പറഞ്ഞു. സ്വകാര്യ സ്‌കൂളുകളിലെ വിദേശ വിദ്യാർഥികളിൽ 70 ശതമാനവും കൊഴിഞ്ഞുപോയിട്ടുണ്ട്. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന് ചില സ്‌കൂളുകൾ പരസ്പരം ലയിക്കുന്നതിന് സാധ്യതയുണ്ട്. ട്യൂഷൻ ഫീസ് ഉയർത്തുന്നതോടൊപ്പം മികച്ച ലാബുകളും ഡിജിറ്റൽ ക്ലാസുകളും യോഗ്യരായ അധ്യാപകരും അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളും സ്‌കൂളുകൾ വികസിപ്പിക്കണമെന്ന് മുഹമ്മദ് അൽഗാംദി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 3583 സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഇവയിൽ ആകെ 5,76,000 വിദ്യാർഥികളും 51,515 അധ്യാപകരുമുണ്ട്. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരിൽ 20 മുതൽ 35 ശതമാനം വരെ സൗദികളാണ്. ഗേൾസ് സ്‌കൂളുകളിൽ സൗദിവൽക്കരണം 82 ശതമാനം മുതൽ 98 ശതമാനം വരെയാണ്. റിയാദ് പ്രവിശ്യയിൽ ഗവൺമെന്റ് സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാർഥികളേക്കാൾ കൂടുതൽ വിദ്യാർഥികൾ സ്വകാര്യ സെക്കണ്ടറി സ്‌കൂളുകളിലുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.