യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികള്‍ പിടിയില്‍

കോഴിക്കോട് - കൊമ്മേരിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍വാസികളായ അഞ്ചുപേര്‍ പിടിയില്‍.  ഞായറാഴ്ച രാത്രിയാണ് എരവത്ത് കുന്ന് അമ്മാട്ട്പറമ്പ് കിരണ്‍കുമാര്‍ (45) വധിക്കപ്പെട്ടത്. സംഭവത്തില്‍ എരവത്ത് കുന്ന് അമ്മാട്ട് മീത്തല്‍ സതീശന്‍ (41) ജിഗ്‌നേഷ് (48), ഉമേഷ് (50), മനോജ് എന്ന മാനു (52), അമ്മാട്ടുമീത്തല്‍ സൂരജ് (27)  എന്നിവരാണ് പിടിയിലായത്.
വീടിനടുത്തെ വഴിയരികില്‍ കിരണ്‍കുമാറിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളയിയുന്നത്.
മദ്യപിച്ച് കേട്ടലറയ്ക്കുന്ന ഭാഷയില്‍ റോഡരികില്‍ കിടന്ന് തെറിയഭിഷേകം നടത്തുകയായിരുന്ന കിരണ്‍കുമാറിനെ ഞായറാഴ്ച രാത്രി 12 മണിയോടെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അസി: കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു. നേരത്തെയും കിരണ്‍കുമാര്‍ ഇവരുമായി മദ്യപിച്ച് വഴക്കിട്ടിരുന്നു. ഇത് സംബന്ധിച്ച വൈരാഗ്യവും പ്രതികള്‍ക്കുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.
വഴിയരികില്‍ കിടന്ന കിരണ്‍കുമാറിനോട് ഒന്നാം പ്രതിയായ സതീശന്‍് എണീറ്റുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തെറിയഭിഷേകമായിരുന്നു മറുപടി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സതീശന്‍ അയല്‍വാസികളായ മറ്റുള്ള പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ട് ഒത്തുകൂടുകയും തലയണ നെഞ്ചില്‍ വെച്ച് വഴിയരികില്‍ കിടക്കുകയായിരുന്ന കിരണിനെ ലക്ഷ്യമാക്കി വീട്ടില്‍ വാര്‍ക്ക പണിക്ക് കൊണ്ടു വെച്ച കമ്പിപ്പാര കൊണ്ടു വരികയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈ പിടിച്ച് ഒടിക്കുകയും ഇടതുകാല്‍ ചവിട്ടി പൊട്ടിക്കുകയും വാരിയെല്ലുകളുടെ ഭാഗത്ത് വലിയ മരക്കഷണമുപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലിസ് അറിയിച്ചു. രാത്രി പന്ത്രണ്ടരയോടെ കിരണ്‍കുമാര്‍ മരണപ്പെട്ടതായി സയന്റിഫിക് , ഫോറന്‍സിക് പരിശോധനകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.  ചെവിയുടെ ഭാഗത്ത് സാരമായി പരുക്കേറ്റ് രക്തം പുരണ്ട അവസ്ഥയില്‍ കിടക്കുകയായിരുന്ന മൃതദേഹത്തില്‍ ചുവന്ന നിറത്തിലുള്ള വലിയ ഉറുമ്പ് അരിച്ചു കൊണ്ടിരിക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.
രക്തം കട്ട പിടിക്കാനെടുക്കുന്ന സമയം കണക്കുകൂട്ടി ശാസ്ത്രീയമായ പരിശോധനയിലൂടെയുമാണ് പൊലിസ് ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തി.യത്. സംഘം ചേര്‍ന്ന് അക്രമിക്കല്‍ , നിയമം കയ്യിലെടുക്കല്‍, എന്നീ വകുപ്പുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തിയത്. കൊല്ലപ്പെട്ട കിരണ്‍കുമാര്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം പതികളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.
സിവില്‍ പോലിസ് ഓഫിസര്‍മാരായ റസല്‍ രാജ്, ഗിരീഷ്, ശശിധരന്‍ , റാം മോഹന്‍ റായ്, മനോജ് കുമാര്‍ , മോഹന്‍ദാസ് , പൊലീസ് കോണ്‍സ്റ്റബിള്‍ മാരായ ഫൈസല്‍, വിനോദ്, ഹാദില്‍, സുമേഷ്, രാഗേഷ് സന്ദീപ്, സഞ്ജു, സനീഷ് എന്നിവരാണ് അസി: കമ്മീഷണര്‍ കെ.സുദര്‍ശന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Latest News