മുംബൈ- വിദ്യാ സമ്പന്നരില്‍ പോലും മുസ്ലിം വിദ്വേഷം ഫാഷനായി മാറിയെന്ന് നടന്‍ നസീറുദ്ദീന്‍ ഷാ. മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷം ആളുകളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അത് ഫാഷനായി മാറിയത് ആശങ്കാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരിക്കുന്ന പാര്‍ട്ടി വളരെ സമര്‍ത്ഥമായാണ് വിദ്വേഷം അടിച്ചേല്‍പിക്കുന്നത്. ഒരു ഭാഗത്ത് തങ്ങള്‍ മതനിരപേക്ഷതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് പറയും. പിന്നെ എന്തിനാണ് നിങ്ങള്‍ എല്ലാത്തിലും മതം കൊണ്ടുവരുന്നതെന്ന് നസീറുദ്ദീന്‍ ഷാ ചോദിച്ചു.
മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞ് ഒരു മുസ്ലിംം നേതാവ് വോട്ട് ചോദിച്ചിരുന്നെങ്കില്‍ സമ്പൂര്‍ണ്ണ നാശമായിരിക്കില്ലേ ഫലമെന്നും അദ്ദേഹം ചോദിക്കുന്നു.
മതവിഭാഗീയതയുടെ കാര്‍ഡ് അധികകാലം ചെലവാകില്ലെന്നുതന്നെയാണ് താന്‍ കരുതുന്നതെന്ന് മുതിര്‍ന്ന നടന്‍ പറഞ്ഞു.