സുബ്രഹ്മണ്യന്‍ സ്വാമിയുടെ മകളുടെ ഹജ്ജ് യാത്ര; പ്രചരിക്കുന്നത് വ്യാജ ഫോട്ടോ

ന്യൂദല്‍ഹി- ഹജ്ജിനു പോകുന്ന മകളേയും ചെറുമകളേയും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എയര്‍പോര്‍ട്ടില്‍ യാത്രയാക്കുന്നുവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ഫോട്ടോ. പര്‍ദ ധരിച്ച സ്ത്രീകളോടൊപ്പമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുത്. ഈ ഫോട്ടോയിലെ സ്ത്രീകള്‍ സ്വാമിയുടെ മകളും ചെറുമകളുമാണെന്നും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഹജ്ജിന് യാത്രയയപ്പ് നല്‍കുന്നുവെന്നുമാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വിരാട് ഹിന്ദുസ്ഥാന്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ജഗദീഷ് ഷെട്ടി  2018 മെയ് നാലിന് ഇതേ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാമിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മുസ്ലിം സ്ത്രീകള്‍ അദ്ദേഹത്തെ കാണാനെത്തിയെന്നും  അദ്ദേഹത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തുവെന്നുമാണ് അടിക്കുറിപ്പ്. ബംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ചിത്രം എടുത്തതെന്നും പറയുന്നു.  ബിജെപി ഹവേരിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഇതേ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
സുബ്രഹ്മണ്യന്‍ സ്വാമിക്ക് രണ്ട് പെണ്‍മക്കളുണ്ട്, ഡോ ഗീതാഞ്ജലി സ്വാമിയും സുഹാസിനി ഹൈദറും.  ഇളയ മകള്‍ സുഹാസിനി ഹൈദര്‍ പത്രപ്രവര്‍ത്തകയാണ്, മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ സല്‍മാന്‍ ഹൈദറിന്റെ മകന്‍ നദീം ഹൈദറിനെ വിവാഹം കഴിച്ചു. സുഹാസിനി ഹൈദര്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടിരുന്നു.

 

Latest News