പാമ്പ് കടിയേറ്റ കുഞ്ഞുമായി അമ്മ നടന്നത് കിലോമീറ്ററുകൾ; ആശുപത്രിയിൽ എത്തുംമുമ്പേ ഒന്നര വയസ്സുകാരി മരിച്ചു

ചെന്നൈ - പാമ്പ് കടിയേറ്റ് ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂർ ജില്ലയിലെ അല്ലേരി ആദിവാസി ഊരിലെ അത്തിമരത്തു കൊല്ലാമലയിൽ വിജി-പ്രിയ ദമ്പതികളുടെ 18 മാസം മാത്രം പ്രായമുള്ള ധനുഷ്‌ക എന്ന പെൺകുഞ്ഞാണ് മരിച്ചത്. വീടിന്റെ പുറത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ മൂർഖൻ പാമ്പ് കൊത്തുകയായിരുന്നു.
 റോഡ് സൗകര്യമില്ലാത്തതിനാൽ പാമ്പ് കടിയേറ്റ കുഞ്ഞിനെ വെല്ലൂരിലെ ആശുപത്രിയിൽ എത്തിക്കാൻ അമ്മയും ബന്ധുക്കളും ദുർഘടമായ വഴികളിലൂടെ കിലോമീറ്ററുകളാണ് നടന്നത്. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. റോഡ് സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ കൊച്ചു മകൾക്ക് ഈയൊരു ഗതി വരില്ലായിരുന്നുവെന്ന്  രക്ഷിതാക്കൾ പറഞ്ഞു.
 മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകി. മൃതദേഹം തിരിച്ച് ആംബുലൻസ് മാർഗം കൊണ്ടുവന്നെങ്കിലും ഗതാഗത സൗകര്യമില്ലാത്തതിനെ തുടർന്ന് പാതിവഴിയിൽ നിർത്തേണ്ടിവന്നു. തുടർന്ന് ആറ് കിലോമീറ്ററിലേറെ നടന്നാണ് മൃതദേഹവുമായി മാതാപിതാക്കൾ വീട്ടിലെത്തിയത്. 
 സംഭവത്തിൽ പ്രതികരിച്ച് വെല്ലൂർ ജില്ലാ കലക്ടർ പി കുമാരവേൽ പാണ്ഡ്യൻ രംഗത്തെത്തി. ഇവിടേക്ക് റോഡ് നിർമിക്കാനായി അഞ്ചു കോടി രൂപ വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു.

Latest News