Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാജിമാർക്കുള്ള മരുന്നുകൾ ജൂൺ 19 ന് മുമ്പ് കൊണ്ടുവരണമെന്ന് കമ്പനികൾക്ക് നിർദേശം

റിയാദ്- ഹാജിമാരുടെ ഉപയോഗത്തിന് വിദേശത്ത് നിന്ന് മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ ആവശ്യണ്ടെങ്കിൽ ശവ്വാൽ 15 നും ദുൽഖഅ്ദ 30 നുമിടയിൽ (മെയ് 9 നും ജൂൺ 19 നും ഇടയിൽ) ഇറക്കുമതി ചെയ്യണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലൂടെയാണ് ഇവ കൊണ്ടുവരേണ്ടത്. ഈ വ്യവസ്ഥകൾക്ക് വിരുദ്ധമായി മരുന്നുകളും മറ്റും കൊണ്ടുവരാനാകില്ലെന്ന് എല്ലാ ഹജ് മിഷനുകളെയും സർക്കാർ വകുപ്പുകളെയും അതോറ്റി അറിയിച്ചു.
ഹാജിമാർക്കാവശ്യമായ മരുന്നുകളും ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരികയാണെങ്കിൽ അത് സൗദി അറേബ്യയിൽ എത്തുന്നതിന് 15 ദിവസം മുമ്പ് ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി ഹജ്, ഉംറ മന്ത്രാലയത്തിന് കൈമാറണം. ഹജ് സംഘം ഹജിന് ശേഷം രാജ്യം വിടുമ്പോൾ കസ്റ്റംസ് രേഖകൾ സഹിതം കാണിച്ച് ശേഷിക്കുന്ന മരുന്നുകൾ  തിരിച്ചുകൊണ്ടുപോകണം.
ആവശ്യത്തിലധികമുള്ളതോ ശേഷിക്കുന്നതോ ആയ മരുന്നുകളും ഉപകരണങ്ങളും ഏതെങ്കിലും കക്ഷികൾക്ക് വിതരണം ചെയ്യാൻ അനുവദിക്കില്ല. ഹജ് സീസൺ അവസാനിച്ച ശേഷം താമസ സ്ഥലങ്ങളിൽ ഉപേക്ഷിച്ച് പോകാനും പാടില്ല. കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അവ വീണ്ടും കയറ്റുമതി ചെയ്യണം.
റേഡിയോ ആക്ടീവ് വസ്തുക്കൾ, പ്രാദേശികമായും അന്തർദേശീയമായും നിരോധിത ലിസ്റ്റുകളിൽ ഉൾപ്പെടുന്ന മരുന്നുകളും  ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും കൊണ്ടുവരാൻ അനുവദിക്കില്ല. മുൻകാല പരിചയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യത്തിൽ കൂടുതൽ അളവിലും ഇറക്കുമതി ചെയ്യാനാവില്ല. പുണ്യസ്ഥലങ്ങളായ അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് ഡോക്ടർമാർക്കൊപ്പം അത്തരം മരുന്നുകൾ കൊണ്ടുപോകുകയാണെങ്കിലും അളവിൽ കൂടുതൽ പാടില്ല. ഹജ് മിഷന്റെ ഡോക്ടർമാരുടെ നിയന്ത്രണത്തിൽ മാത്രമേ അത്തരം മരുന്നുകൾ അനുവദിക്കുകയുള്ളൂ. ഏതെങ്കിലും മിഷനുകൾ അത്തരം മരുന്നുകൾ കൊണ്ടുവരികയാണെങ്കിൽ അതത് രാജ്യത്തെ ആരോഗ്യ വകുപ്പിൽ നിന്ന് അതുമായി ബന്ധപ്പെട്ട സമ്മതപത്രവും മെഡിക്കൽ കുറിപ്പുകളും കൊണ്ടുവരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.ഹാജിമാർക്ക് വേണ്ടി ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനും അനുമതിയുണ്ടാകില്ല. അതിന്റെ ഉത്തരവാദിത്തം ഭക്ഷണ വിതരണം കരാർ എടുത്ത കമ്പനികൾക്കാണെന്നും അതോറിറ്റി വ്യക്തമാക്കി. 

Tags

Latest News