Sorry, you need to enable JavaScript to visit this website.

കുറച്ചു കൂടി മാന്യമായി പെരുമാറൂ,  കമലിനോട് ഇടവേള ബാബു 

സംവിധായകന്‍ കമലിന് മറുപടിയുമായി 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അഭിപ്രായങ്ങള്‍ക്ക് കുറച്ചുകൂടി മാന്യത ആകാമായിരുന്നു, ഒരു അക്കാദമി ചെയര്‍മാന് ചേര്‍ന്ന വാക്കുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നില്ല- ഇടവേള ബാബു പറഞ്ഞു.
 നിലപാടുകളും അഭിപ്രായങ്ങളും ആകാം, പക്ഷെ,  കുറച്ചു കൂടെ മാന്യത ആകാമായിരുന്നു. 50 ന് ശേഷമുള്ള അംഗങ്ങള്‍ ഔദാര്യവും കൈനീട്ടി ജീവിക്കുന്നവര്‍ ആണെന്ന് ആണല്ലോ കാഴ്ചപ്പാട്.   
 പക്ഷെ,  അവരും  അഭിമാനത്തോടെ ജീവിക്കുന്നവരാണ്. കമല്‍  എന്ന വ്യക്തിയുടെ  മനസ്സില്‍ ഞങ്ങള്‍ ഒക്കെ നിര്‍ഗുണന്‍മാര്‍ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി -  ഇടവേള ബാബു വ്യക്തമാക്കി. 
 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ലെന്നാണ് കമലിന്റെ പരാമര്‍ശം. 
സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ പരാതിയുമായി മുതിര്‍ന്ന സിനിമാ താരങ്ങളും  രംഗത്ത്. എഎംഎംഎ സംഘടനയുടെ കൈനീട്ടം വാങ്ങുന്ന മുതിര്‍ന്ന അംഗങ്ങളെ കമല്‍ അപമാനിച്ചതായി കാട്ടി മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരാണ് കലാ സാംസ്‌കാരിക മന്ത്രി എ കെ ബാലന് പരാതി നല്‍കിയത്. ചലച്ചിത്ര അക്കാദമി നല്‍കുന്ന ചികിത്സാ മരണാനന്തര സഹായങ്ങളും പെന്‍ഷനും ഔദാര്യമായിട്ടായിരിക്കും കമല്‍ കാണുന്നത്. കമലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

Latest News