Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 2400 പ്രവാസി അധ്യാപകരുടെ ഇഖാമ റദ്ദാക്കുന്നു

കുവൈത്ത് സിറ്റി- കുവൈത്തില്‍ 2,400 ഓളം വിദേശ അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്വദേശികളെ നിയമിക്കുന്നതിനായി ഇതിനകം ജോലിയില്‍നിന്ന് പിരിച്ചുവിട്ട 1,900 അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ  താമസ പെര്‍മിറ്റ് റദ്ദാക്കാനാണ് ആവശ്യപ്പെട്ടത്. 500 പേര്‍ കൂടി രാജിക്കത്ത് സമര്‍പ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.  ഈ അധ്യയന വര്‍ഷാവസാനത്തോടെ ജോലി നിര്‍ത്തുന്ന കുവൈത്ത് ഇതര അധ്യാപകര്‍ക്ക് പിഴയോ ഫീസോ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു.

അധ്യാപകര്‍ക്ക് കൃത്യസമയത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങാനാണ് ഇഖാമ റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കാലതാമസം ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെടുന്നത്.അതേസമയം, സേവനം അവസാനിപ്പിച്ച പ്രവാസി അധ്യാപകര്‍ക്ക് രാജ്യത്ത് ആനുകൂല്യം കരസ്ഥമാക്കുന്നത് അടക്കം ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന കുവൈത്ത് ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ സമയപരിധി നല്‍കും.

വിദേശ അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന പദ്ധതി മൂന്ന് മാസം മുമ്പാണ് കുവൈത്ത് വിദ്യാഭ്യാസ അധികൃതര്‍ ആരംഭിച്ചത്. വിദേശ അധ്യാപകര്‍ക്കു പകരം  കുവൈത്തികളെ നിയമിക്കുകയാണ് പദ്ധതി. സ്വദേശി നിയമന തീരുമാനങ്ങള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സ്വദേശി പൗരന്മാര്‍ക്ക്  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ കുവൈത്ത് ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്.
രാജ്യത്ത് സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പുതിയ പ്രവാസികളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് 2022ല്‍ 70 ശതമാനം കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News