ചെക്കോസ്ലോവാക്യയുടെ ഇതിഹാസതാരമായിരുന്നു ജോസഫ് മസോപുസ്റ്റ്. ഹതഭാഗ്യനായിരുന്നു ഈ ഫുട്‌ബോൾ താരം. അറുപതുകളിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്ന് വലിയ ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ ചെക്കോസ്ലോവാക്യൻ ഭരണകൂടം ആ നീക്കം തടഞ്ഞു. 1993 ൽ ചെക്കോസ്ലോവാക്യ വിഭജിക്കപ്പെടുകയും ചെക്ക് റിപ്പബ്ലിക് രൂപീകൃതമാവുകയും ചെയ്തതോടെ ആ രാജ്യത്തിന്റെ കളിക്കാരുടെ തലവര മാറി. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഓഹെ നദിയുടെ തീരത്തെ കേബ് പട്ടണത്തിൽ ജനിച്ച പാവെൽ നെഡ്‌വെഡ്. 1990 മുതൽ 2009 വരെ യൂറോപ്പിന്റെ കളിമുറ്റങ്ങളിൽ അഴകും വേഗവുള്ള മധ്യനിരക്കാരനായി ഈ സ്വർണ തലമുടിക്കാരൻ ആരാധകരെ വിസ്മയിപ്പിച്ചു. 1972 ഓഗസ്റ്റിലായിരുന്നു നെഡ്‌വെഡിന്റെ ജനനം. അഞ്ചാം വയസ്സിൽ തന്നെ ടി.ജെ സ്‌കൽനയുടെ അക്കാദമിയിൽ ചേർന്നു. സീനിയർ തലത്തിൽ ആർ.എച്ച് കേബ്, ദുക്ല പ്രാഗ് പോലുള്ള ചെറിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചെങ്കിലും സ്പാർട്ട പ്രാഗിൽ എത്തിയതോടെയാണ് നെഡ്‌വെഡിനെ യൂറോപ്യൻ വമ്പന്മാർ ശ്രദ്ധിച്ചു തുടങ്ങിയത്.
1996 ൽ ഇംഗ്ലണ്ടിൽ നടന്ന യൂറോകപ്പ് നെഡ്‌വെഡിന്റെ കരിയറിൽ വഴിത്തിരിവായി. കരുത്തരായ ജർമനിയും ഇറ്റലിയുമടങ്ങുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ചെക്കുകൾ. ഇറ്റലിക്കെതിരായ മത്സരത്തിൽ നിർണായക ഗോൾ നേടി ടീമിന് കരുത്തേകിയതും നെഡ്‌വെഡ്. ക്വാർട്ടറിൽ കരുത്തരായ പോർച്ചുഗലിനെയും സെമിഫൈനലിൽ സിനദിൻ സിദാന്റെ ഫ്രാൻസിനെയും തകർത്ത ചെക്ക് റിപ്പബ്ലിക് ഫൈനലിൽ കരുത്തരായ ജർമനിക്ക് മുന്നിൽ കീഴടങ്ങി.മധ്യനിരയിൽ നെഡ്‌വെഡിന്റെ കളി മികവും പീരങ്കി ഷോട്ടുകളുടെ കരുത്തും തിരിച്ചറിഞ്ഞ ഇറ്റാലിയൻ വമ്പന്മാരായ ലാസിയോ സ്വർണമുടിക്കാരനെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു. ലാസിയോ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ നിറഞ്ഞുകളിച്ചു നെഡ്‌വെഡ്.
സീരി അ-യിൽ ഇന്റർ മിലാനും എ.സി മിലാനും യുവന്റസുമൊക്കെ ലാസിയോക്ക് മുന്നിൽ പലതവണ മുട്ടുമടക്കി. 1973-74 സീസണിനു ശേഷം ആദ്യമായി ലാസിയോ 1999-2000 ൽ ചാമ്പ്യന്മാരായി. ലാസിയോക്ക് വേണ്ടി 138 മത്സരങ്ങളിൽ 33 ഗോളുകൾ നെഡ്‌വെഡ് നേടി. 2001 ൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം നെഡ്‌വെഡിനെ വിൽക്കാൻ ക്ലബ്ബ് തീരുമാനിച്ചു. ആരാധകരുടെ കനത്ത പ്രതിഷേധം അവഗണിച്ചാണ് താരത്തെ യുവന്റസിന് കൈമാറിയത്. അതുവരെ യുവന്റസിന്റെ എല്ലാമായിരുന്ന
സിനദിൻ സിദാൻ റയൽ മഡ്രീഡിലേക്ക് കൂട് മാറിയ കനത്ത വിടവിലേക്കായിരുന്നു ചെക്ക് താരത്തിന്റെ വരവ്. അതൊരു സ്വപ്‌നയുഗത്തിലേക്കുള്ള കാൽവെപ്പായിരുന്നു. തുടർച്ചയായി രണ്ടു തവണ യുവന്റസ് സീരി അ ചാമ്പ്യന്മാരായി. 2002-03 ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. രണ്ടാം മഞ്ഞ കാർഡിന്റെ പേരിൽ ഫൈനൽ നഷ്ടമായ നെഡ്‌വെഡിന്റെ അസാന്നിധ്യത്തിൽ എ.സി മിലാനു മുന്നിൽ യുവന്റസ് വീണു. യുവേഫയുടെ പ്ലയർ ഓഫ് ദി അവാർഡും ബാലൻഡോറുമൊക്കെ ആ പ്രതിഭയെ തേടിയെത്തി. 2004-05 സീസണിൽ ഒത്തുകളിയുടെ പേരിൽ യുവന്റസ് അടക്കമുള്ള പല ക്ലബ്ബുകളും സീരി അ-യിൽ നിന്ന് തരംതാഴ്ത്തപ്പെട്ടെങ്കിലും നെഡ്‌വെഡ് ക്ലബ്ബിൽ തുടർന്നു.
അടുത്ത സീസണിൽ ക്ലബ്ബിന് സ്ഥാനക്കയറ്റം നേടിക്കൊടുത്തു. തുടർന്നുള്ള സീസണുകളിൽ ടീമിന്റെ മുൻനിര പോരാളിയായി തുടർന്നു.
ചടുലതയും അസാധാരണമായ പന്തടക്കവും ഗോൾവലകളെ തകർക്കുന്ന ഷോട്ടുകളും കൊണ്ട് രണ്ട് പതിറ്റാണ്ടോളം നെഡ്‌വെഡ് കളിയാരാധകരുടെ മനം നിറച്ചു. 2009 ൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നു വിരമിച്ച താരം ചെക്ക് റിപ്പബ്ലിക്കിനായി 91 മത്സരങ്ങളിൽ 18 ഗോളും യുവന്റസിനായി 247 മത്സരങ്ങളിൽ 51 ഗോളും നേടി.ജോസഫ് മസോപുസ്റ്റിന് ശേഷം ചെക് ഫുട്‌ബോളിന്റെ പേരും പെരുമയും കാത്ത നെഡ്‌വെഡ് സമീപകാലം വരെ പ്രിയ ക്ലബ്ബായ യുവന്റസിന്റെ വൈസ് പ്രസിഡന്റായിരുന്നു.