മംഗളൂരു-കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ ഭാര്യയുടെ താല്‍ക്കാലിക നിയമന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ച നേതാവിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയാണ് വാഗ്ദാനം ചെയ്തിരുന്നത്.
ഡ്യൂട്ടിക്ക് ഹാജരായ നൂതന്‍ കുമാരി മംഗളൂരുവില്‍ ജോലി ചെയ്യാനുള്ള തന്റെ താല്‍പര്യം മുന്‍ മുഖ്യമന്ത്രിയോട് വെളിപ്പെടുത്തിയിരുന്നു.
സര്‍ക്കാരുകള്‍ മാറുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ പൊതുവെ ആവശ്യപ്പെടാറുണ്ടെന്നും നൂതന്‍ കുമാരിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
2022 ജൂലൈ 26നാണ് നെട്ടാരു വെട്ടേറ്റ് മരിച്ചത്. കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുകയാണ്.
നെട്ടരുവിന്റെ കൊലപാതകം പ്രതികാര കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മൂന്ന് അക്രമികള്‍ ഉള്‍പ്പെടെ പത്തിലധികം പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
നെട്ടാരുവിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് മുന്‍ ബൊമ്മെ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ നടത്തിയിരുന്നു.
നെട്ടരുവിന്റെ കുടുംബത്തിന് ബിജെപി വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു.






