അന്നാണ് ഞാൻ ക്ഷമയുടെ വില തിരിച്ചറിഞ്ഞത്. ഖത്തർ ഹമദ് ഹോസ്പിറ്റലിലെ വനിത വിഭാഗം കാന്റീനിൽ 1000 റിയാൽ ശമ്പളത്തിൽ ജോലി ചെയ്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കവേയാണ് മേപ്പയൂരിലെ ബാബുവേട്ടൻ ആ അനുഭവം വിവരിച്ചത്. ഏറെ വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം വൃദ്ധയായ ഒരു സ്ത്രീ കാലത്ത് ഏഴ് മണിക്ക് കാന്റീനിൽ വന്നു. 500 റിയാൽ നോട്ടിന് ചില്ലറ കിട്ടുമോ എന്നന്വേഷിച്ചാണ് ആ തിരക്കുള്ള നേരത്ത് അവർ വന്നത്. മേശവലിപ്പിൽ ചില്ലറയുണ്ട്. പക്ഷേ അത് എടുത്ത് കൊടുക്കാൻ കഴിയാത്തത്ര തിരക്ക് ആയതിനാൽ ആ വൃദ്ധയുടെ ആവശ്യം
നിറവേറ്റാനോ അവരെ പരിഗണിക്കാനോ അദ്ദേഹത്തിനായില്ല. പത്ത് മണിക്ക് വീണ്ടും അവർ കൗണ്ടറിനടുത്തെത്തി. അപ്പോഴും അവരെ സഹായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അവർ അവിടം വിട്ടുപോകാതെ നേരം കുറെ കഴിഞ്ഞിട്ടും ഒരു മുഷിപ്പുമില്ലാതെ ഒരിടത്ത് കാത്തിരുന്നു. പതിനൊന്ന് മണിക്ക് വീണ്ടും അവർ ബാബുവേട്ടനടുത്തെത്തി. അപ്പോഴും അവരുടെ ആവശ്യം നിറവേറ്റാൻ തിരക്കിനിടയിൽ ഇത്തവണയും അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇതിനിടെ മറ്റൊരാളെയും സമീപിക്കാതെ, നേരത്തേ സഹായിക്കാത്തതിൽ നേരിയ നീരസം പോലും പ്രകടിപ്പിക്കാതെ, ആളൊഴിഞ്ഞ നേരം നോക്കി ആ ഖത്തരി വനിത സൗമ്യമായി വീണ്ടും പന്ത്രണ്ട് മണിയോടെ ബാബുവേട്ടനെ തന്നെ സമീപിച്ച് 500 റിയാൽ നോട്ട് നീട്ടി ചില്ലറക്ക് ചോദിച്ചു.
അത്രയും നേരം ആ വയോധികയായ സ്ത്രീയെ അവിടെ കാത്തുനിൽപിച്ചതിൽ തോന്നിയ വല്ലായ്മയോടെ ഒടുവിൽ അഞ്ഞൂറ് റിയാൽ നോട്ടിന് പകരം അഞ്ച് നൂറ് റിയാൽ നോട്ടുകൾ അദ്ദേഹം ആ വൃദ്ധക്ക് നൽകി.
അവർക്ക് സന്തോഷമായി. അവരുടെ കണ്ണുകളിൽ തിളക്കം. അവർ പതുക്കെ ചോദിച്ചു ഈ കാന്റീനിൽ നിങ്ങൾ എത്ര പേരാണ് ജോലി ചെയ്യുന്നത്?
ആറു പേർ.
തിരക്കിനിടയിൽ ബാബുവേട്ടൻ പറഞ്ഞു.
ഉടനെ പർദയുടെ കീശയിൽ കൈയിട്ട് ഒരു മുഷിഞ്ഞ തുണി സഞ്ചിയിൽ നിന്നും നൂറ് റിയാൽ നോട്ട് കൂടി ചേർത്ത് അവർ അറുനൂറ് റിയാൽ അദ്ദേഹത്തെ ഏൽപിച്ചിട്ട് പറഞ്ഞു. നിങ്ങൾ ഓരോരുത്തരും
നൂറു റിയാൽ വീതം എടുത്തു കൊള്ളുക. എന്റെ മകൾ ഇന്ന് കാലത്ത് ഒരു കുഞ്ഞിന്റെ ഉമ്മ ആയതിലുള്ള സന്തോഷത്തിന്റെ ഭാഗമാണീ സ്‌നേഹ സമ്മാനം. നിങ്ങൾ ഇത് സന്തോഷപൂർവം സ്വീകരിക്കണമെന്ന് പറഞ്ഞ് ആ അജ്ഞാതയായ മഹതി പതുക്കെ നടന്നുപോയി.
ക്ഷമയെന്നാൽ എന്താണെന്ന് എന്നെ പഠിപ്പിച്ച ആ വൃദ്ധ അന്ന് എനിക്ക് സമ്മാനിച്ച ആ നൂറ് റിയാൽ നോട്ട് കഴിഞ്ഞ ഇരുപത്തി നാല് വർഷമായി ഞാൻ അപൂർവ നിധി പോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്. അത് ചെലവഴിക്കാൻ എനിക്ക് ഇന്നും മനസ്സ് വരാറില്ല. എന്റെ ജീവിത കാഴ്ചപ്പാടിനെ മാറ്റിമറിച്ച നൂറു റിയാലാണത്. അതിന്റെ വില നിർണയിക്കാനാവില്ല.
ഒരു നെടുനിശ്വാസത്തോടെ ഈ അനുഭവ കഥ പറഞ്ഞവസാനിക്കുമ്പോൾ, പിന്നീട് സാമ്പത്തികമായി വലിയ നിലയിൽ എത്തിച്ചേർന്ന ബാബുവേട്ടന്റെ കണ്ണുകളിൽ ഈറൻ പടരുന്നത് കാണാമായിരുന്നു.
ഇങ്ങനെ ചിലർ നമ്മുടെ ജീവിതങ്ങളിൽ പൊടുന്നനെ കടന്നു വരാറുണ്ട്. അവർ ഘോരഘോരം പ്രഭാഷണം നടത്തുന്നവരോ ദീർഘമായി എഴുതുന്നവരോ ഉന്നത ബിരുദധാരികളോ ആയിരിക്കണമെന്നില്ല.
ഒറ്റ കണ്ടുമുട്ടലിൽ ഒരായുസ്സിലേക്കുള്ള ഒളിമങ്ങാത്ത പാഠം പകർന്ന് നൽകി നടന്നു മറയുന്ന സാധാരണക്കാരായ ചില അസാധാരണ മനുഷ്യരാണവർ.