വയസ്സായവർക്കെന്ത് ഹൈപർ ടെൻഷൻ, അത് ചെറുപ്പക്കാർക്കല്ലേ എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ. ഈ കാലഘട്ടത്തിൽ ചെറുപ്പമെന്നോ പ്രായമായവർക്കെന്നോ വ്യത്യാസമില്ലാതെ ടെൻഷനും വർധിച്ചു കൊണ്ടിരിക്കുന്നു. നിശ്ശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്നാണ് രക്താതിമർദം അഥവാ ഹൈപർ ടെൻഷൻ എന്നത്.രക്തം രക്തക്കുഴലുകളിലേക്ക് ഒഴുകുമ്പോൾ അവയുടെ ഭിത്തികളിൽ ഉണ്ടാകുന്ന അമിത മർദത്തെയാണ് ഹൈപർ ടെൻഷൻ അഥവാ രക്താതിമർദം എന്ന് പറയുന്നത്. പൊതുവെ തലവേദന, തലകറക്കം, മനം പിരട്ടൽ, ഇരുട്ടു കയറൽ, കണ്ണുമങ്ങുക എന്നിങ്ങനെ ഹൈപർ ടെൻഷൻ ലക്ഷണങ്ങളായി കാണാറുണ്ട്. ചിലർക്ക് രക്തസമ്മർദം അധികം കൂടിക്കഴിഞ്ഞാൽ അത് മറ്റു അവയവങ്ങളെയും ബാധിച്ചേക്കാം. രക്തസമ്മർദത്തിന്റെ സങ്കീർണതകൾ പൊതുവെ മൂന്ന് അവയവങ്ങളിലാണ് ബാധിക്കാറുള്ളത്. ഹൃദയം, വൃക്ക, തലച്ചോറ്. രക്തസമ്മർദം ക്രമാതീതമായി കൂടിക്കഴിഞ്ഞാൽ തലച്ചോറിൽ രക്തം കട്ട പിടിക്കാനും ബ്ലീഡിങ് പോലുള്ള അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ പഠനങ്ങൾ പ്രകാരം ഹൈപർ ടെൻഷൻ നിയന്ത്രണമില്ലാത്ത ആൾക്കാർക്ക് ഓർമക്കുറവും ബോധ നിലവാരത്തിലുള്ള കുറവ് വരാനുള്ള (കോഗ്നിടിവ് ഡിക്ലൈൻ) സാധ്യതകളും ഏറെ കാണാറുണ്ട്.
നിയന്ത്രണമില്ലാത്ത രക്തസമ്മർദം കാരണം വൃക്കകളിലെ അരിപ്പകളിലേക്കുള്ള രക്തയോട്ടം കുറയുകയും വൃക്കയുടെ വലിപ്പം കുറയുകയും തുടർന്ന് കിഡ്നിയുടെ പ്രവർത്തനം നടക്കാതെ വരികയും ഡയാലിസിസിലേക്ക് വരെ പോകാനും സാധ്യതയുണ്ട്. ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ബി.പി കൂടുകയും ചെയ്യുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയസ്തംഭനം, ഹാർട്ട് ഫെയിലിയർ പോലുള്ളവ ഉണ്ടാകാൻ ഉള്ള സാധ്യതകളും ഏറെയാണ്. കൂടാതെ ഹാർട്ട് ഫെയിലിയർ മൂലം രക്തയോട്ടം ശരിയായ രീതിയിൽ നടക്കാതിരിക്കുന്നത് വഴി കാലുകളിൽ നീര് വെക്കുകയും ചെയ്യുന്നു.രോഗത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ഗണങ്ങളിലേക്ക് രക്താതിമർദത്തെ തരംതിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് പ്രാഥമിക രക്താതിമർദവും (പ്രൈമറി ഹൈപർ ടെൻഷൻ) രണ്ടാമത്തേത് ദ്വിതീയ രക്താതിമർദവും (സെക്കണ്ടറി ഹൈപർ ടെൻഷൻ) ആണ്. പാരമ്പര്യം, ഉപ്പിന്റെ അമിത ഉപയോഗം, വ്യായാമത്തിന്റെ കുറവ്, മാനസിക സമ്മർദം തുടങ്ങിയ പൊതുവായ കാരണങ്ങൾ മൂലമോ പ്രത്യക്ഷത്തിൽ വലിയ കാരണങ്ങളൊന്നും ഇല്ലാതെയോ കാണപ്പെടുന്ന രോഗാവസ്ഥയാണ് പ്രാഥമിക രക്താതിമർദം. എന്നാൽ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന രക്താതിമർദത്തെ ദ്വിതീയ രക്താതിമർദം എന്ന ശ്രേണിയിൽ ഉൾപ്പെടുത്തുന്നു. തൈറോയിഡിന്റെ പ്രവർത്തന വൈകല്യങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, സ്റ്റിറോയിഡ് മരുന്നുകളുടെ സ്ഥിരമായ ഉപയോഗം, അഡ്രിനൈൽ ഗ്രന്ഥിയെ ബാധിക്കുന്ന ചില അസുഖങ്ങൾ, വേദന സംഹാരികളുടെ സ്ഥിരമായ ഉപയോഗം തുടങ്ങിയ നിരവധിയായ കാരണങ്ങൾ മൂലം ദ്വിതീയ രക്താതിമർദം കാണപ്പെടാം.ഒന്നിലധികം തവണ പരിശോധിച്ചിട്ടും തുടർച്ചയായി ബി.പി ഉയർന്നുനിൽക്കുകയാണെങ്കിൽ, ആദ്യം നോൺ ഫാർമോളജി അതായത് മരുന്നുകൾ ഒന്നുമില്ലാത്ത ട്രീറ്റ്മെന്റ് ആണ് പൊതുവെ നിർദേശിക്കുന്നത് . പക്ഷേ അമിതമായ രക്തസമ്മർദം കാണുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും. ഉപ്പ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളായ പപ്പടം, അച്ചാറ്, ബേക്കറി, ബിസ്കറ്റുകൾ എന്നിവ ഒഴിവാക്കുക, വ്യായാമം ചെയ്യുക, അമിത ഭാരം നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ചെയ്ത ശേഷവും ബി.പി കുറയുന്നില്ല എന്ന് കാണുമ്പോഴാണ് മെഡിക്കൽ ട്രീറ്റ്മെന്റിലേക്ക് പോകുന്നത്. ബി.പിക്കായി നിരവധി മരുന്നുകൾ ലഭ്യമാണെങ്കിലും പ്രായമായവരിൽ മറ്റുള്ളവരെ പോലെ എല്ലാ മരുന്നുകളും ഫലപ്രദമാകണെമെന്നില്ല. കാരണം അവർ മറ്റു പല മരുന്നുകൾ കഴിക്കുന്നതിനാൽ വേറെയും സങ്കീർണതകളിലേക്ക് അത് നയിച്ചേക്കാം. രക്തസമ്മർദം പെട്ടെന്ന് കുറഞ്ഞു കഴിഞ്ഞാൽ വീഴാനുള്ള സാധ്യത പ്രായമായവരിൽ ഏറെയായതിനാൽ, വളരെ ക്രമാതീതമായ ഉയർന്ന ബി.പി അല്ലെങ്കിൽ മറ്റു അവയവങ്ങൾക്കൊന്നും കേടുപാടുകളൊന്നും ഇല്ലെങ്കിൽ ബിപി രണ്ട് മൂന്ന് ആഴ്ചക്കുള്ളിൽ പതിയെ കുറയ്ക്കുകയാണ് അഭികാമ്യം.ചിട്ടയായ ഭക്ഷണക്രമങ്ങൾ, ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ, ചിട്ടയായ ബി.പി പരിശോധന മുതലായവ വഴിയും ബി.പി നിയന്ത്രിക്കാൻ സാധിക്കും.
അതുപോലെ തന്നെ അടുത്ത് തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പോയി കൃത്യമായ ഇടവേളകളിൽ ബി.പി പരിശോധിക്കുകയും ചെയ്യുക. ഡോക്ടർമാരും മറ്റു ഹോസ്പിറ്റൽ സ്ഥാപനങ്ങളും നൽകുന്ന പഥ്യാഹാരപരമായ നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കുക. കൃത്യനിഷ്ഠയോടെയുള്ള ജീവിത ശൈലിയും, ഡോക്ടർ നിർദേശിക്കുന്ന ചെക്കപ്പുകളും കൃത്യമായി ചെയ്ത് ബി.പി നിയന്ത്രിക്കാൻ സാധിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ആരോഗ്യമുള്ള മനസ്സാണ്. മാനസിക സമ്മർദങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യകരമായ ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.
(കോഴിക്കോട് ആസ്റ്റർ മിംസിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ സീനിയർ സ്പെഷ്യലിസ്റ്റാണ് ലേഖകൻ)