Sorry, you need to enable JavaScript to visit this website.

തൂതപ്പുഴയുടെ കരയിൽ സൗദി ഗ്രാമം, ഓർമകളിൽ 'അൽ ഖുർമ'യുടെ ആതിഥ്യം

ഓർമകൾക്ക് മുമ്പിൽ മറവി തോറ്റോടിയ ദിനമായിരുന്നു അവർക്ക് കഴിഞ്ഞ ഞായറാഴ്ച. വർഷങ്ങൾക്കു മുമ്പ് ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ വിശ്രമിക്കുന്നവരും പ്രവാസാനുഭവ പാഠത്തിലൂടെ നാട്ടിൽ ജീവിതം കരുപ്പിടിപ്പിച്ചവരുമായ സൗദിയിലെ അൽ ഖുർമയിൽ ജോലി ചെയ്തിരുന്ന മുൻ പ്രവാസികൾ പെരിന്തൽമണ്ണ ഏലംകുളം തൂതപ്പുഴയുടെ തീരത്തെ ഇ.എം.എസ് സമുച്ചയത്തിൽ 'ബി ഫോർ 2023' എന്ന പേരിൽ സംഗമിച്ചപ്പോൾ അവിടെ ഓർമയിലെ അൽ ഖുർമ പുനരാവിഷ്‌കരിക്കുകയായിരുന്നു. ഗേറ്റ് കടന്ന് ചെല്ലുമ്പോൾ തന്നെ കാണുന്നത് അൽ ഖുർമയിലേക്ക് സ്വാഗതം എന്നെഴുതിയ ബാനറായിരുന്നു.


തായിഫിനടുത്ത തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ചെറുപട്ടണമാണ് അൽ ഖുർമ. നാല് പതിറ്റാണ്ടുകൾക്കു മുമ്പ് തൊഴിൽ തേടി സൗദി അറേബ്യയിലേക്ക് വിദേശികൾ വന്നുതുടങ്ങിയ കാലം മുതൽ മലയാളി സാന്നിധ്യമുള്ള ഒരു പ്രദേശം. പുതുതായി ഒരാൾ ജോലിയാവശ്യാർഥം വന്നാലും നാട്ടിൽ പോകുന്നതും ലീവ് കഴിഞ്ഞ് തിരിച്ച് വരുന്നതും പരസ്പരം എല്ലാവരും അറിയുന്നതുമായ ഖുർമയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന പഴയ സൗഹൃദങ്ങളുടെ ആ മനോഹര കാലം. മൊബൈൽ ഫോണുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത അക്കാലത്ത് കത്തുകൾ മാത്രമായിരുന്നു ആശ്രയം. നാട്ടിൽ പോകുന്നവരുടെ അടുത്ത് മറ്റുള്ളവരുടെ ഒരു കെട്ട് കത്തുകളുണ്ടാകും. അത് വീടുകളിൽ എത്തിക്കുന്ന പണിയായിരിക്കും നാട്ടിലെത്തിയ ആദ്യത്തെ ഒരാഴ്ച. അതുപോലെ തിരിച്ചുപോരുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് കൂടെ ജോലി ചെയ്യുന്നവരുടെയും കൂടെ താമസിക്കുന്നവരുടെയും വീടുകളിൽ ചെന്ന് കത്തുകളും മറ്റും വാങ്ങിക്കൊണ്ടുവരും. വാഹനങ്ങൾ മാറിമാറി കയറിയും പിന്നെ നടന്നുമൊക്കെയാണ് ചില വീടുകളിൽ എത്തുക. എങ്കിലും അതൊന്നും ഒരു പ്രയാസമേ ആയി ആർക്കും തോന്നിയില്ല. സുഖത്തിലും ദുഃഖത്തിലും ഒപ്പം ചേർന്നവർ. ഒന്നിച്ചു ജോലി ചെയ്തവർ. ഒരേ റൂമിൽ കഴിഞ്ഞവർ. വീഡിയോ കാസറ്റിലൂടെ സിനിമ കാണുന്നതും ടേപ് റെക്കോർഡുകളിൽ മാപ്പിളപ്പാട്ട് കേൾക്കുന്നതും കാരംസ് കളിയുമായിരുന്നു അന്നത്തെ മുഖ്യ വിനോദങ്ങൾ. പിന്നെ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ. ജോലി കഴിഞ്ഞ് റൂമിലെത്തിയാൽ എല്ലാവരും ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നത്. ഓരോ റൂമിലും പത്തും അതിലധികവും ആളുകളുണ്ടാകും. ഇടുങ്ങിയ മുറികളിൽ നാലും അഞ്ചും കട്ടിലുകൾക്കിടയിൽ ഞെക്കി ഞെരുങ്ങി ഇരുന്ന് രണ്ട് മണിക്കൂറിലധികം വരുന്ന സിനിമ കണ്ട് തീരുന്നത് വരെ ഉറക്കമൊഴിച്ചിരിക്കുന്നത് റീലുകളുടെയും ഷോർട്‌സുകളുടെയും ലോകത്ത് അഭിരമിക്കുന്ന പുതിയ പ്രവാസികളുടെ സങ്കൽപത്തിൽ പോലും വരില്ല.   


ദശാബ്ദങ്ങൾക്ക് മുമ്പ് പ്രവാസത്തിന് വിരാമമിട്ട് പലരും നാടണഞ്ഞതോടെ സൗഹൃദവും ബന്ധവും മുറിഞ്ഞു പോവുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഒരിക്കൽ കൂടി അവർ കണ്ടുമുട്ടുന്നത്. അതിന് നിമിത്തമായതൊ ഒരു വാട്‌സ്ആപ് ഗ്രൂപ്പും. 'അൽ ഖുർമ പഴയ കൂട്ടുകാർ' എന്ന പേരിൽ പറമ്പിൽ പീടിക സ്വദേശി പി.കെ. മുനീറാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്. പലരെയും തേടിപ്പിടിച്ച് നമ്പർ സംഘടിപ്പിക്കുക എന്നതായിരുന്നു ദുഷ്‌കരം. സാധ്യമായ വഴികൾ ഉപയോഗിച്ച് പലരെയും ഗ്രൂപ്പിൽ ചേർത്തി. അവരിലൂടെ പരമാവധി പേരെ ഗ്രൂപ്പിലെത്തിച്ചു. ബന്ധപ്പെടാൻ മാർഗങ്ങളില്ലാത്തതുകൊണ്ട് ഗ്രൂപ്പിൽ എത്താത്ത പലരും ഇപ്പോഴുമുണ്ട്. ഗ്രൂപ്പിൽ എത്തിയവരുടെ ശബ്ദങ്ങളിലൂടെ മങ്ങിയ ഓർമകളും മുറിഞ്ഞുപോയ സൗഹൃദങ്ങളും തളിർത്ത് വരുന്നതിനിടയിലാണ് ഒരു ഒത്തുചേരലിനെ കുറിച്ച് ചിന്തിക്കുന്നത്. പിന്നെ എല്ലാം വേഗത്തിലായിരുന്നു. കേരളത്തിന്റെ അഷ്ടദിക്കിൽ നിന്നുമുള്ളവർ. ഇനി എന്നെങ്കിലും കാണുമോ എന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തവർ. രണ്ട് പതിറ്റാണ്ട് മുമ്പ് യാത്ര പറഞ്ഞ് പിരിഞ്ഞവർ അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും കണ്ടുനിന്നവരെ കരയിപ്പിച്ചതും ഈ സുന്ദര സംഗമത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു. ആശുപത്രി കിടക്കയിൽ നിന്ന് വീട്ടിൽ പോയി വിശ്രമിക്കാതെ സംഗമത്തിന് എത്തിയവർ. ഉറ്റ ബന്ധുക്കളുടെ കല്യാണാഘോഷങ്ങൾക്ക് നിൽക്കാതെ ഓടിയെത്തിയവർ. മറ്റു അത്യാവശ്യങ്ങൾ മാറ്റിവെച്ചവർ. കൂടുതൽ പേരും എത്തിയത് കുടുംബസമേതമായിരുന്നു. എന്തെല്ലാം വിശേഷങ്ങളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. ഓരോരുത്തരുടെയും ഇന്നത്തെ അവസ്ഥ അറിയാനായിരുന്നു ഏറെയും ജിജ്ഞാസ. കൂടെ ഉണ്ടും ഉറങ്ങിയും കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞവരുടെ വേർപാടിന്റെ നോവോർമകൾ മൗന നൊമ്പരമായി അവിടെ തളംകെട്ടി നിൽപുണ്ടായിരുന്നു. പാടിയും പറഞ്ഞും ഒരിക്കൽ കൂടി പോയ്‌പോയ കാലത്തെ ഓർമകളെ അവർ വർണാഭമാക്കി. 


ഔപചാരികതയോ കമ്മിറ്റിയോ ഇല്ലാതെയാണ് സംഗമം സംഘടിപ്പിച്ചത്. പ്രത്യേക ക്ഷണിതാക്കളോ അതിഥികളോ ഇല്ല. എല്ലാവരും ആതിഥേയർ. കുടുംബാംഗങ്ങൾ അടക്കം 250 ഓളം പേർ പങ്കെടുത്തു. പി.കെ. മുനീർ, മൊയ്തീൻ പൊന്നാനി, ഹബീബ് കക്കാടംപുറം, സക്കീർ മാവുണ്ടിരിക്കടവ്, മുസ്തഫ ടി.കെ.എച്ച്, മജീദ് പഴേരി, മമ്മുണ്ണി ഏലംകുളം, അബ്ദുറഹ്മാൻ ചെറുമുക്ക്, റഫീഖ് ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. വർഷങ്ങളുടെ പഴക്കം കൊണ്ട് ഓർമകൾ മങ്ങിത്തുടങ്ങിയ നേരത്ത് ഒരിക്കൽ കൂടി ഒത്തുകൂടാൻ കഴിഞ്ഞതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ആഹ്ലാദവും ഓരോരുത്തരുടെയും മുഖത്ത് കാണാമായിരുന്നു. ബാക്കിയുള്ളവരെ കൂടി ഉൾപ്പെടുത്തി വിപുലമായ മറ്റൊരു സംഗമം വൈകാതെ സംഘടിപ്പിക്കണമെന്ന ആഗ്രഹം ആരും മറച്ചുവെച്ചില്ല. 
വൈകുന്നേരമായതോടെ യാത്ര പറച്ചിലിന്റെ അനിവാര്യതയിലേക്ക് മനസ്സിനെ പാകപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പലരും. കോർത്ത് പിടിച്ച കൈകൾ ഊർന്നു പോയി. തിരിഞ്ഞുനോക്കാൻ ശക്തിയില്ലാതെ ശിഷ്ടകാലം ഓർത്തോർത്തിരിക്കാൻ ഒരുപിടി മധുരാനുഭവങ്ങളുമായി അവർ 'പ്രതീകാത്മക ഖുർമ'യിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങി.

Latest News