കൊച്ചി- പെരുന്നാള്‍ പടമായി തിയേറ്ററുകളില്‍ റിലീസ് ചെയ്ത സുലൈഖാ മന്‍സില്‍ അഞ്ചാം വാരവും നിറഞ്ഞ സദസ്സിലെ പ്രദര്‍ശനത്തിന് ശേഷം ഒ. ടി. ടിയിലേക്ക്. മലബാര്‍ ഏരിയകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം കേരളത്തില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.
സുലൈഖ മന്‍സിലിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു. ജില്‍ ജില്‍ ജില്‍ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യണ്‍ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യണ്‍ വ്യൂസും എത്ര നാള്‍ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാര്‍ ഇതിനോടകം യൂട്യൂബില്‍ നേടിയിട്ടുണ്ട്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തില്‍ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സുലൈഖ മന്‍സില്‍ മെയ് 30 മുതല്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.
സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച സുലൈഖാ മന്‍സിലിന്റെ നിര്‍മ്മാണം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ്. ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പ്രതീഷ് ശേഖറാണ് പി. ആര്‍. ഒ.