ഹൈദരാബാദ്- ആന്ധ്രപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടത്തി. പതിനെട്ടാം പിറന്നാള്‍ കെയ്ക്ക് മുറിച്ച് ആഘോഷിച്ച് വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് ഫാര്‍മസി കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത്.
കൃഷ്ണ ജില്ലയിലെ ചന്ദര്‍ലപാഡു മണ്ഡല്‍ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളോടും ഇളയ സഹോദരിയോടുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസം. ആണ്‍കുട്ടിയുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. മകള്‍ ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന സംശയമാണ് പിതാവ് കൊട്ടയ്യയെ കൃത്യത്തിനു പ്രേരിപ്പിച്ചത്. മഴുവിന്റെ മരപ്പിടി കൊണ്ട് മകള്‍ ചന്ദ്രികയുടെ തലയ്ക്കടിക്കുകയായിരുന്നു. നിലത്തുവീണ പെണ്‍കുട്ടി ഉടന്‍ മരിച്ചു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
18 വയസ്സ് തികഞ്ഞതിനാല്‍ ആണ്‍കുട്ടിയുമായുള്ള ബന്ധം അംഗീകരിക്കണമെന്ന് ചന്ദ്രിക മതാപിതാക്കളോട് പറഞ്ഞിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിന് സ്വീകാര്യമായിരുന്നില്ല. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന് കൊട്ടയ്യ ആശങ്കപ്പെട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അയല്‍വാസികളും ഗ്രാമീണരും പോലീസിനോട് പറഞ്ഞു.