വനിത സംവിധായിക പ്രൊഫ. ശ്രീചിത്ര പ്രദീപിന്റെ 'ഞാന്‍ കര്‍ണ്ണന്‍' പ്രേക്ഷകരിലേക്ക്

കൊച്ചി- ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന ചിത്രം 'ഞാന്‍ കര്‍ണ്ണന്‍' റിലീസിനൊരുങ്ങി. ചലച്ചിത്ര- സീരിയല്‍ താരവും അധ്യാപികയുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് 'ഞാന്‍ കര്‍ണ്ണന്‍'. 

ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം. ടി. അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 

ഒ. ടി. ടി. പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തുന്ന ഞാന്‍ കര്‍ണ്ണന്‍ വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് പ്രമേയമാക്കിയത്. 

മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുന്ന പുതുമ കൂടി ഈ ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്. ടി. എസ്. രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ശിവദാസ് വൈക്കം, ജിന്‍സി, രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോന്‍, സാവിത്രി പിള്ള, എം ടി അപ്പന്‍, ബി അനില്‍കുമാര്‍, ആകാശ് എന്നിവരാണ് അഭിനേതാക്കള്‍.

Latest News